Latest

മുഗളന്മാരെ തോൽപ്പിച്ചോടിച്ച ധീര യോദ്ധാവ് :  ലാചിത് ബോർഫുകാൻ

“Manju”

ഗുഹാവട്ടി : രാജ്യം സ്വാതന്ത്ര്യത്തിന്റെ അമൃത വർഷം ആഘോഷിക്കുമ്പോൾ ഇന്ത്യയുടെ മോചനത്തിന് വേണ്ടി പോരാടിയ ധീര യോദ്ധാക്കളുടെ പേരുകളാണ് ഉയർന്നുകേൾക്കുന്നത്. പോർച്ചുഗീസുകാർ മുതൽ ബ്രിട്ടീഷുകാർ വരെ രാജ്യത്തെ ഒന്നൊന്നായി ഇല്ലാതാക്കാൻ ശ്രമിച്ചപ്പോൾ അവർക്കെതിരെ മുന്നിൽ നിന്ന് പൊരുതാൻ ധീരന്മാരുമുണ്ടായിരുന്നു. സ്വതന്ത്ര ഭാരതം എന്ന ആശയം മനസ്സിൽ വെച്ച് ഓരോ നിമിഷവും അതിന് വേണ്ടി മാത്രം പ്രയത്‌നിച്ച, നേതാക്കൾ. ഇതിൽ ജ്വലിച്ച് നിൽക്കുന്ന സ്വാതന്ത്ര്യ സമര പോരാളിയാണ് അഹോം രാജവംശത്തിലെ ലാചിത് ബോർഫുകാൻ.

ഇന്ത്യയുടെ വടക്ക് കിഴക്കൻ പ്രവിശ്യകൾ ഭരിച്ചിരുന്ന അഹോം വംശത്തിൽപ്പെട്ട രാജാക്കന്മാർ മുഗളന്മാർക്കെതിരെയാണ് ശക്തമായ പോരാട്ടം നയിച്ചത്. അറനൂറ് വർഷത്തോളം ഇവർ വടക്ക് കിഴക്കൻ പ്രദേശം ഭരിച്ചിരുന്നു. ദക്ഷിണേഷ്യയിലെ നിരവധി ഭാഗങ്ങളിൽ മുഗളന്മാർ കൊടികുത്തി വാണിരുന്ന കാലത്തായിരുന്നു അത്. 17 ഓളം യുദ്ധങ്ങളാണ് മുഗളന്മാർക്കെതിരെ ഈ വംശത്തിലെ രാജാക്കന്മാർ നടത്തിയത്.

തന്റെ വീര്യത്തിലൂടെ പ്രശസ്തിയാർജ്ജിച്ച അഹോം വംശത്തിലെ രാജാവായിരുന്നു ലാചിത് ബോർഫുകാൻ. അഹോം രാജാക്കന്മാരുടെ ആദ്യ തലസ്ഥാനമായിരുന്ന ചാറൈഡോയിൽ 1622 നവംബർ 24 നാണ് ലാചിത് ബോർഫുകാൻ ജനിച്ചത്. മുഗൾ സൈന്യത്തിനെതിരെ രണ്ട് മഹായുദ്ധങ്ങളിൽ പടനയിച്ചയാളായിരുന്നു ലാചിത്. വടക്ക് കിഴക്കൻ അതിർത്തികളിലേക്ക് തങ്ങളുടെ പ്രദേശം വ്യാപിപ്പിക്കാനുള്ള മുഗൾ സൈന്യത്തിന്റെ അവസാന ശ്രമങ്ങളിലൊന്നായ സരാഘട്ടിലെ ധീരമായ നാവിക യുദ്ധത്തിൽ വിജയക്കൊടി പാറിച്ചതിന്റെ പേരിൽ ഇന്നും അദ്ദേഹം ഓർമ്മിക്കപ്പെടുന്നു.

1669 ഓഗസ്റ്റ് 5 ന് വടക്കൻ ഗുവാഹത്തിയിലെ ദാദരയ്‌ക്കടുത്തുള്ള അലബോയ് കുന്നുകളിൽ മുഗളന്മരുമായി അഹോം വംശം യുദ്ധം നടത്തിയിരുന്നു. തന്റെ സുഹൃത്തായ രജപുത്ര രാജാവിന്റെ നേതൃത്വത്തിൽ മുഗൾ രാജാവ് ഔറംഗസീബ് ആക്രമണത്തിന് ഉത്തരവിട്ടു. മുഗളന്മാരുടെ അതിർത്തിപ്രദേശത്തായിരുന്നു ആക്രമണം. പ്രദേശം ഇവർക്ക് കാര്യമായി അറിയാത്തത് കൊണ്ട് തന്നെ തുറന്ന യുദ്ധത്തിന് തയ്യാറായാണ് മുഗളന്മാർ എത്തിയത്. എന്നാൽ ബോർഫുകാൻ ഒരു ഗറില്ലാ യുദ്ധം നടത്താൻ തീരുമാനിച്ചു. പക്ഷേ രാം സിംഗ് ഒന്നാമൻ തന്റെ മുഴുവൻ സൈന്യത്തേയും അഹോമുകൾക്ക് നേരെ അഴിച്ചുവിട്ടു. യുദ്ധത്തിൽ അഹോം പരാജയപ്പെട്ടു.

അലബോയിലെ തോൽവി രണ്ട് വർഷത്തിന് ശേഷം സരാഘട്ടിൽ നടന്ന മറ്റൊരു ആവേശകരമായ യുദ്ധത്തിന് അഹോമുകളെ പ്രചോദിപ്പിച്ചു. അവിടെ ഇരു വിഭാഗക്കാരും നാവിക യുദ്ധത്തിൽ ഏർപ്പെട്ടു. ലാചിത്, മുഗളന്മാരെ പിന്നിൽ നിന്ന് ആക്രമണം നടത്തി കബളിപ്പിച്ചാണ് പരാജയപ്പെടുത്തിയത്. ബ്രഹ്മപുത്ര നദിയിൽ മുഗളന്മാരുടെ കപ്പലുകൾ മുന്നേറുമ്പോൾ, അഹോമിന്റെ കപ്പലുകൾ പിന്നിൽ നിന്ന് ആക്രമിച്ചു.

വഞ്ചി തുഴയുന്നതിലും, അമ്പ് എയ്യുന്നതിലും, കിടങ്ങുകൾ കുഴിക്കുന്നതിലും, തോക്കുകളും പീരങ്കികളും ഉപയോഗിക്കുന്നതിലും വിദഗ്ധരായിരുന്ന അഹോം പട്ടാളക്കാരുടെ കഴിവ് വിവരിച്ചുകൊണ്ട് രാം സിംഗ് അന്ന് ഔറംഗസീബിന് മറുപടി എഴുതിയിരുന്നതായും പറയപ്പെടുന്നു. എല്ലാ സേനകളെയും നയിച്ചത് ഒരൊറ്റ വ്യക്തിയാണെന്നും ഇന്ത്യയുടെ മറ്റൊരു ഭാഗത്തും അത്തരം യോദ്ധാക്കളെ താൻ കണ്ടിട്ടില്ലെന്നുമാണ് കത്തിൽ രാം സിംഗ് പറയുന്നത്.

വടക്ക് കിഴക്കൻ സൈനിക സേനയിലെ യോദ്ധാവിന്റെ കഴിവ് ഇന്നും അസം റെജിമെന്റീലൂടെ നിലനിൽക്കുന്നുണ്ട്. ലാചിത് ബോർഫുകാന്റെ അസാധാരണമായ ധൈര്യത്തെ നാഷണൽ ഡിഫൻസ് അക്കാദമിയും (എൻഡിഎ) ആദരിക്കുന്നു. അദ്ദേഹത്തിന്റെ ഓർമ്മയ്‌ക്കായി 1999 മുതൽ എല്ലാ വർഷവും മികച്ച കേഡറ്റിന് അദ്ദേഹത്തിന്റെ പേരിൽ സ്വർണ്ണ മെഡൽ നൽകിവരുന്നു. എൻഡിഎയുടെ പ്രവേശന കവാടത്തിൽ ലാചിത്തിന്റെ പ്രതിമയും സ്ഥാപിച്ചിട്ടുണ്ട്.

ലാചിത് ബോർഫുകാന്റെ 400-ാം ജന്മവാർഷികത്തിന്റെ ഭാഗമായി അലബോയിൽ യുദ്ധം ചെയ്ത സൈനികർക്കായി ഒരു യുദ്ധ സ്മാരകം നിർമ്മിക്കുന്നുണ്ട്. അഹോം വംശത്തിലെ ധീര സൈനികരെ സംസ്‌കരിച്ച സ്ഥലം ലോക പൈതൃക സ്മാരകമാക്കാനും നടപടികൾ സ്വീകരിക്കുന്നുണ്ട്.

ഇന്ത്യയെ ആക്രമിച്ച കീഴടക്കി തങ്ങളുടെ സ്വത്തുക്കളെല്ലാം തട്ടിയെടുത്ത മുഗളന്മാരെക്കുറിച്ചല്ല അടുത്ത തലമുറ പഠിക്കേണ്ടത്, അവരെ യുദ്ധത്തിൽ തോൽപ്പിച്ച് രാജ്യം സംരക്ഷിച്ച ധീരനേതാക്കന്മാരെക്കുറിച്ചാണ് എന്നാണ് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ നിലപാട്. അതുകൊണ്ട് ഇത്തരം യോദ്ധാക്കളുടെയും രാജ്യവംശങ്ങളുടെയും കഥകളും വീരേതിഹാസങ്ങളും സ്‌കൂൾ സിലബസിൽ ഉൾപ്പെടുത്താനൊരുങ്ങുകയാണ് അസം സർക്കാർ.

Related Articles

Back to top button