Latest

ജഗദീപ് ധൻകർ ഇന്ത്യയുടെ പതിനാലാമത് ഉപരാഷ്‌ട്രപതി

“Manju”

ന്യൂഡൽഹി: ജഗദീപ് ധൻകർ ഇന്ത്യയുടെ പതിനാലാമത് ഉപരാഷ്‌ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടു. 528 വോട്ടുകൾ നേടിയാണ് എൻഡിഎ സ്ഥാനാർത്ഥിയുടെ വിജയം. 182 വോട്ടുകളാണ് മാർഗരറ്റ് ആൽവയ്‌ക്ക് ലഭിച്ചത്.

പ്രതീക്ഷിച്ചതിനേക്കാൾ കൂടുതൽ വോട്ടുകൾ ജഗദീപ് ധൻകർക്ക് ലഭിച്ചു എന്നതാണ് പ്രാഥമിക വിലയിരുത്തൽ. ഇരുനൂറ് വോട്ടുകൾ പോലും പ്രതിപക്ഷ സ്ഥാനാർത്ഥിക്ക് ലഭിച്ചില്ല എന്നത് പ്രതിപക്ഷത്തിന്റെ അനൈക്യത്തിന്റെ മറ്റൊരു ഉദാഹരണം കൂടിയായി.

15 വോട്ടുകൾ അസാധുവായിട്ടുണ്ട്. ഇതിൽ കൂടുതലും പ്രതിപക്ഷ വോട്ടുകളാണ് എന്നാണ് വിവരം. വോട്ടെടുപ്പിൽ നിന്നും വിട്ടു നിൽക്കാനുള്ള മമത ബാനർജിയുടെ തീരുമാനം മറികടന്ന് 2 തൃണമൂൽ കോൺഗ്രസ് അംഗങ്ങൾ വോട്ട് ചെയ്തത് ശ്രദ്ധേയമായി.

കർഷക പുത്രൻ എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ളവർ ജഗ്ദീപ് ധൻകറെ വിശേഷിപ്പിക്കുന്നത്. 2019 മുതൽ പശ്ചിമ ബംഗാൾ ഗവർണറായിരുന്നു അദ്ദേഹം. സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകനായി അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. 1989ൽ ജനതാ ദൾ പ്രതിനിധിയായി രാജസ്ഥാനിലെ ജുൻജുനു മണ്ഡലത്തിൽ നിന്നും ധൻകർ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2003ൽ അദ്ദേഹം ബിജെപിയിൽ ചേർന്നു.

നേരത്തേ, രാജസ്ഥാൻ ഹൈക്കോടതി ബാർ അസോസ്സിയേഷൻ പ്രസിഡന്റ് ആയിരുന്നു ജഗദീപ് ധൻകർ. 1987ൽ ആ സ്ഥാനത്ത് എത്തിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായിരുന്നു അദ്ദേഹം. 1990ൽ പാർലമെന്ററി സമിതിയുടെ ചെയർമാനായും കേന്ദ്ര മന്ത്രിയായും ധൻകർ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Related Articles

Back to top button