Kerala

ഇടുക്കി ഡാമിന്റെ ഷട്ടറുകൾ തുറന്നു; പുറത്തുവിടുന്നത് സെക്കന്റിൽ ഒരു ലക്ഷം ലിറ്റർ വെള്ളം

“Manju”

ഇടുക്കി: ഇടുക്കി ഡാമിന്റെ ഷട്ടറുകൾ തുറന്നു.100 ക്യൂ മെക്‌സ് ജലം പുറത്തേക്ക് ഒഴുക്കി. സെക്കന്റിൽ ഒരു ലക്ഷം ലിറ്റർ ആണ് തുറന്നു വിടുന്ന വെള്ളത്തിന്റെ അളവ്. അധികമായി തുറന്നുവിട്ട ജലം ചെറുതോണിയിലെത്തി. ജലനിരപ്പിൽ കാര്യമായ വ്യത്യാസമില്ലെന്നാണ് വിവരം.

ഇടുക്കി ഡാം തുറന്നതിന്റെ ഭാഗമായി എറണാകുളത്ത് മുൻകരുതലുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. എല്ലാ താലൂക്കുകളിലും ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജമാക്കി. ഇടമലയാർ ഡാം തുറക്കേണ്ടി വന്നാലും എല്ലാ മുന്നൊരുക്കങ്ങളും നടത്തിയിട്ടുണ്ടെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.നിലവിലെ സാഹചര്യത്തിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് മന്ത്രി പി രാജീവ് വ്യക്തമാക്കി.

ഡാം തുറന്നെങ്കിലും പെരിയാർ തീരത്തുള്ളവരുടെ വീടുകളിലേക്കൊന്നും വെള്ളം കയറില്ലെന്നാണ് ജില്ലാഭരണകൂടം വിലയിരുത്തുന്നത്. മുൻകരുതലായി 79 കുടുംബങ്ങൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. ക്യാമ്പ് തുടങ്ങാൻ 23 സ്ഥലങ്ങളും കണ്ടെത്തി. ഇടുക്കി, കഞ്ഞിക്കുഴി, തങ്കമണി, വാത്തിക്കുടി, ഉപ്പുതോട് വില്ലേജുകളിൽ അനൗൺസ്‌മെൻറും നടത്തി.

വളരെക്കുറച്ച് തവണ മാത്രമേ ഇടുക്കി ഡാം തുറന്നിട്ടുള്ളൂ. 1981 ൽ രണ്ട് തവണ ഡാം തുറന്നിരുന്നു. 32.88 മില്യൺ ക്യൂബിക് മീറ്റർ ജലമാണ് അന്ന് ഒഴുക്കി വിട്ടത്. പിന്നെ 11 വർഷങ്ങൾക്ക് ശേഷം 1992 ലാണ് ഡാം തുറന്നത്. അന്ന് 78.57 മില്യൺ ക്യൂബിക് മീറ്റർ ജലമാണ് തുറന്നു വിട്ടത്. തുടർന്ന് 26 വർഷങ്ങൾക്ക് ശേഷം 2018-ലെ പ്രളയത്തിനാണ് പിന്നീട് ഡാം തുറക്കുന്നത്. 1068.32 മില്യൺ ക്യൂബിക് മീറ്റർ ജലമാണ് അന്ന് ഡാമിൽ നിന്ന് തുറന്നുവിട്ടത്.2021 ൽ ഡാം തുറന്നത് ഏറെ ചർച്ചചെയ്യപ്പെട്ടിരുന്നു. അടുപ്പിച്ച് മൂന്ന് മാസത്തിനുള്ളിൽ 4 തവണയാണ് അന്ന് ഡാം തുറന്നത്.

Related Articles

Back to top button