Latest

ഇടുക്കി ഡാം തുറന്നു; ഷട്ടറില്ലാത്ത ഡാം തുറക്കുന്നത് എങ്ങനെ?

“Manju”

ഇടുക്കി: കനത്ത മഴയെ തുടർന്ന് ജലനിരപ്പ് ഉയർന്നതോടെ ഇടുക്കി അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകൾ തുറന്നു. മഴക്കാലത്ത് ഡാമുകളുടെ ഷട്ടർ തുറക്കുന്നത് സാധാരണമാണെങ്കിലും ഇടുക്കി ഡാമിന്റെ ഷട്ടർ തുറക്കുന്നതിൽ അൽപ്പം അസാധാരണത്വം ഉണ്ട്. കാരണം ഇടുക്കി ഡാമിന് തുറക്കാൻ ഷട്ടറുകളില്ല.

ചെറുതോണി,കുളമാവ് അണക്കെട്ടുകൾ, ഇടുക്കി ആർച്ച് ഡാം എന്നിവ ചേർന്നതാണ് ഇടുക്കി ജലവൈദ്യുത പദ്ധതി. ഇവിടെ വെള്ളം നിറയുമ്പോൾ ചെറുതോണി ഡാമിന്റെ ഷട്ടറുകളാണ് തുറക്കുന്നത്.

ജില്ലയിലെ മറ്റ് ഡാമുകളെ പോലെയല്ല ഇടുക്കി ഡാം. ഭൂകമ്പത്തെ ചെറുക്കുന്നതിനുള്ള പ്രത്യേക സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് പെരിയാറിന് കുറുകെ ഇത് നിർമ്മിച്ചിരിക്കുന്നത്. ഡാം ഓരോ തവണ തുറക്കുമ്പോഴും അത് വാർത്തകളിൽ ഇടം പിടിക്കുന്നു. അത്യാവശ്യ സാഹചര്യങ്ങളിൽ മാത്രമാണ് ഇടുക്കി ഡാം തുറക്കേണ്ട അവസ്ഥ ഉണ്ടാവാറുള്ളത്.

എന്നാൽ കഴിഞ്ഞു കുറച്ചു വർഷങ്ങളായി ഡാം ചെറിയ കാലയളവിൽ തുറന്നു. 1981 ൽ രണ്ട് വട്ടം ഡാം തുറന്നിരുന്നു. 32.88 മില്യൺ ക്യൂബിക് മീറ്റർ ജലമാണ് അന്ന് ഒഴുക്കി വിട്ടത്.11 വർഷങ്ങൾക്ക് ശേഷം 1992 ലാണ് പിന്നെ ഡാം തുറന്നത്. അന്ന് 78.57 മില്യൺ ക്യൂബിക് മീറ്റർ ജലമാണ് തുറന്നു വിട്ടത്. 26 വർഷങ്ങൾക്ക് ശേഷം 2018-ലെ പ്രളയത്തിനാണ് പിന്നീട് ഡാം തുറക്കുന്നത്.റെക്കോർഡ് വെള്ളമാണ് അന്ന് ഡാമിൽ നിന്ന് തുറന്നു വിട്ടത്. 1068.32 മില്യൺ ക്യൂബിക് മീറ്റർ ജലമാണ് അന്ന് തുറന്നത്.2021 ൽ ഡാം തുറന്നത് ഏറെ ചർച്ചചെയ്യപ്പെട്ടിരുന്നു. അടുപ്പിച്ച് മൂന്ന് മാസത്തിനുള്ളിൽ 4 തവണയാണ് അന്ന് ഡാം തുറന്നത്.

ഇടുക്കിയിൽ 839 മീറ്റർ ഉയരമുള്ള കുറവൻ മലയെയും, 925 മീറ്റർ ഉയരമുള്ള കുറത്തിമലയെയും കൂട്ടിയിണക്കി 555 അടി ഉയരത്തിൽ നിർമ്മിച്ചിരിക്കുന്ന ഏഷ്യയിലെ ആദ്യത്തെ ആർച്ച് ഡാമാണ് ഇടുക്കി ഡാം.

ഇടുക്കി ഡാമിൽ സംഭരിക്കപ്പെടുന്ന വെള്ളം ചെറുതോണി പുഴയിലൂടെയും കിളിവള്ളിത്തോട്ടിലൂടെയും ഒഴുകിപ്പോവാതിരിക്കാൻ നാലുകിലോമീറ്റർ അകലെയായി ചെറുതോണി അണക്കെട്ടും 26 കിലോമീറ്റർ അകലെയായി കുളമാവ് അണക്കെട്ടും നിർമ്മിച്ചിരിക്കുന്നു. 60 ചതുരശ്ര കിലോമീറ്റർ വ്യാപിച്ച് കിടക്കുന്ന ജലസംഭരണിയാണ് ഡാമിനുള്ളത്. ഇതിലേയ്‌ക്ക് ഇരട്ടയാർ എന്ന സ്ഥലത്ത് ഡാം പണിതു ഭൂഗർഭതുരങ്കം വഴി അഞ്ചുരുളിയിലും പീരുമേട്ടിൽ അഴുതയാറിനു കുറുകെ ചെക്ക് ഡാം പണിതു തുരങ്കംവഴി പെരിയാർ നദിയിലും കൂടുതൽ വെള്ളം എത്തിക്കുന്നു.

Related Articles

Back to top button