LatestSports

അവിനാശ് സാബ്ലേയുടെ വെളളിക്ക് സ്വർണ്ണത്തേക്കാൾ തിളക്കം ; കൊമ്പുകുത്തിച്ചത് കെനിയൻ ആധിപത്യം

“Manju”

ചില പരാജയങ്ങൾക്ക് വിജയത്തേക്കാൾ ആദരവ് ലഭിക്കും. കായികരംഗത്ത് എന്നും വിജയിച്ചവരുടെ വീരഗാഥകൾ മാത്രമാണ് നമ്മൾ കേൾക്കാറുളളത്. എന്നാൽ വെളളിമെഡലിലൂടെ ചരിത്രം തന്നെ തിരുത്തി കുറിക്കുകയാണ് ഇന്ത്യയുടെ ദീർഘദൂര ആത്‌ലറ്റ് അവിനാശ് സാബ്ലേ. കോമൺവെൽത്ത് ഗെയിംസിൽ 3000 മീറ്റർ സ്റ്റിപ്പിൾചേസിൽ വെളളി മെഡൽ കരസ്ഥമാക്കിയ അവിനാശ് സാബ്ലേയുടെ നേട്ടത്തിന് സ്വർണ്ണത്തേക്കാൾ മൂല്യമുണ്ട്.

ഇന്ത്യ എക്കാലത്തെയും മികച്ച മെഡൽക്കൊയ്‌ത്താണ് ബർമ്മിങ്ഹാമിൽ അവസാനിച്ച കോമൺവെൽത്തിൽ നടത്തിയത്. 22 സ്വർണ്ണം, 16 വെളളി, 23 വെങ്കലം എന്നിവ ഉൾപ്പെടെ 61 മെഡലുകളാണ് ഇന്ത്യയുടെ നേട്ടം. ആത്‌ലറ്റിക്‌സ്, ബോക്‌സിങ്, ഗുസ്തി,ബാഡ്മിന്റൺ എന്നിവയിലാണ് പ്രകടനമാണ് ഇന്ത്യക്ക് മികച്ച നേട്ടം കൈവരിക്കാനായത്. എന്നാൽ ഈ കോമൺവൽത്ത് ഗെയിംസിൽ ഏറ്റവും ശ്രദ്ധേയമായ നേട്ടം കൈവരിച്ച ആത്‌ലറ്റ് മഹാരാഷ്‌ട്ര സ്വദേശിയായ അവിനാശ് സാാബ്ലേയുടോതായിരുന്നു.

കോമൺവെൽത്ത് ഗെയിംസിൽ 3000 മീറ്റർ സ്റ്റിപ്പിൾചേസിൽ ഇതുവരെ കെനിയക്കാർ മാത്രമായിരുന്നു മെഡൽ നേടിയിരുന്നത്. ഈ ഇനത്തിൽ സ്വർണ്ണവും വെളളിയും വെങ്കലവും മറ്റൊരു രാജ്യക്കാർക്കും കെനിയൻ ആത്‌ലറ്റുകൾ വിട്ടുകൊടുത്തിട്ടില്ല. കഴിഞ്ഞ പത്ത് തവണ നടന്ന കോമൺവെൽത്ത് മത്സരത്തിലും ആദ്യമൂന്ന് സ്ഥാനങ്ങളും കരസ്ഥമാക്കിയിരുന്നത് കെനിയയുടെ താരങ്ങളാണ്. എട്ട് മിനിറ്റും 11 സെക്കൻഡും സമയമെടുത്താണ് അവിനാഷ് 3000 മീറ്റർ സ്റ്റീപ്പിൾ ചേസ് പൂർത്തിയാക്കിയത്.

കെനിയയുടെ അബ്രഹാം കിബിവോട്ടാണ് അവിനാഷിനെ മറികടന്ന് ബർമിംഗ്ഹാമിൽ സ്വർണം നേടിയത്. വെറും 0.05 സെക്കൻഡിനായിരുന്നു അവിനാശിന് സ്വർണം നഷ്ടപ്പെട്ടത്. കഴിഞ്ഞ മാസം ഒറിഗോണിൽ നടന്ന ലോക അത്ലിറ്റിക്സ് ചാമ്പ്യൻഷിപ്പിൽ 11-ാം സ്ഥാനത്തായിരുന്നു അവിനാശ് സാബ്ലേ. ലോക ചാമ്പ്യൻഷിപ്പിനും ഒളിമ്പിക്സിനും യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ സ്റ്റീപ്പിൾ ചേസർ എന്ന നേട്ടവും സാബ്ലേ സ്വന്തമാക്കി. ബർമിങ്ഹാമിൽ ദേശീയ റെക്കോർഡും അവിനാശ് സ്ഥാപിച്ചു.

Related Articles

Back to top button