IndiaLatest

അമേരിക്കയില്ലാത്ത അഫ്ഗാന്റെ ആദ്യ ദിന കാഴ്ചകള്‍

“Manju”

കാബൂള്‍ : നീണ്ട ഇരുപത് വര്‍ഷങ്ങള്‍ക്കിപ്പുറം അമേരിക്കന്‍ സൈനികരുടേയും വിദേശികളുടേയും സാന്നിദ്ധ്യമില്ലാതെ അഫ്ഗാനിസ്ഥാനില്‍ പുതിയ പുലരി പിറന്നു. എന്നാല്‍ വിദേശ ശക്തി നിയന്ത്രിച്ചിരുന്ന സമയത്തെ സ്വാതന്ത്ര്യം ഇന്ന് അഫ്ഗാന്‍ പൗരന്‍മാര്‍ക്ക് ആസ്വദിക്കാനാവില്ല. അമേരിക്കന്‍ സൈന്യം ഉപേക്ഷിച്ച ആയുധങ്ങളും, വസ്ത്രങ്ങളും ധരിച്ച താലിബാന്‍ ഭീകരര്‍ നിരത്തുകളില്‍ റോന്ത് ചുറ്റുകയാണ്. ആഘോഷം നിര്‍ത്താതെയുള്ള താലിബാന്റെ വെടിയൊച്ചകള്‍ ഒരു പകലും രാത്രിയും കഴിഞ്ഞും മുഴങ്ങുന്നുണ്ട്. എന്നാല്‍ പ്രതീക്ഷിച്ചതിനും വിപരീതമായ ചില സംഭവങ്ങളും അഫ്ഗാനിസ്ഥാനില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.
തെരുവില്‍ ആള്‍ക്കൂട്ടം :താലി ബാന്‍ നിയന്ത്രണം ഏറ്റെടുത്തിട്ടും തെരുവുകളില്‍ ജനക്കൂട്ടത്തിന് കുറവൊന്നുമുണ്ടായില്ല. എന്നാല്‍ വരും നാളുകളിലെ അവസ്ഥയോര്‍ത്ത് അവശ്യ വസ്തുക്കള്‍ സംഭരിക്കുവാനുള്ള തിരക്കിലാണവര്‍. അഫ്ഗാനിലെ എ ടി എമ്മുകളുടെ മുന്‍പില്‍ വലിയ ക്യൂവാണുള്ളത്. രാജ്യത്തെ സാമ്ബത്തികാവസ്ഥ തകിടം മറിയുമെന്ന കണക്കുകൂട്ടലില്‍ ബാങ്കുകളില്‍ നിന്നും നിക്ഷേപങ്ങള്‍ പിന്‍വലിക്കുവാനുള്ള തിരക്ക് കൂട്ടുകയാണ് ജനം. എ ടി എമ്മുകള്‍ കാലിയായെങ്കിലും പിരിഞ്ഞ് പോകാന്‍ കൂട്ടാക്കാതെ ജനം നില്‍ക്കുകയാണ്.
അതേസമയം സ്ത്രീകളുടെ ഇടയില്‍ നിന്നും തെരുവുകളില്‍ ഇറങ്ങുന്നവരുണ്ട്. ഇത്രയും നാള്‍ ആസ്വദിച്ച സ്വാതന്ത്ര്യം താലിബാന്‍ നിയന്ത്രണങ്ങളില്‍ നഷ്ടമാകുമോ എന്ന് ആശങ്കപ്പെടുന്നവരാണ് അവരില്‍ ഏറെയും. പത്രപ്രവര്‍ത്തകയായ മോസ്‌ക സംഗര്‍ നിയാസെ അത്തരമൊരു അഭിപ്രായമാണ് പങ്കുവച്ചത്. നിരത്തുകളില്‍ താലിബാന്‍ ഭീകരര്‍ എത്തുന്ന മുറയ്ക്ക് വീടുകളിലേക്ക് പോകുന്ന സ്ത്രീകളെയും മാദ്ധ്യമപ്രവര്‍ത്തകര്‍ കണ്ടു. സ്ത്രീകളുടെ ജീവിതതം താലിബാന് കീഴില്‍ അനിശ്ചിതത്വത്തിലേക്ക് നീളുകയാണ്. പഠനം, ജോലി തുടങ്ങിയ മേഖലകളില്‍ ഇനി തുടരാനാവുമോ എന്ന് അവര്‍ ഭയപ്പെടുന്നുണ്ട്. കൊവിഡ് ഭീതി മറ്റു രാജ്യങ്ങള്‍ക്കെന്ന പോലെ അഫ്ഗാനിലുമുണ്ട്. അതിനാല്‍ സ്ത്രീകള്‍ ഉള്‍പ്പടെയുള്ള ആരോഗ്യ പ്രവര്‍ത്തകരെ ജോലിയില്‍ നിന്നും വിലക്കുന്നത് സ്ഥിതി രൂക്ഷമായേക്കാം എന്ന ആശങ്കയും ഉയരുന്നു.
തിരച്ചില്‍ തുടങ്ങി :വിദേശ ശക്തികളെ സഹായിച്ചവരെ തേടിയുള്ള താലിബാന്‍ ഭീകരരുടെ തിരച്ചില്‍ തുടങ്ങിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. പൊതുമാപ്പ് അനുവദിച്ചെന്ന് പറയപ്പെടുമ്പോഴും രാത്രിയില്‍ താലിബാന്‍ തിരച്ചില്‍ നടത്തുന്ന വീടുകള്‍ക്കുള്ളില്‍ വെടിയൊച്ച കേള്‍ക്കുന്നുണ്ടെന്ന് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. വിദേശ സൈനികര്‍ക്ക് സഹായം നല്‍കിയവരെ പ്രത്യേകം അടയാളപ്പെടുത്തി അവരെ വേട്ടയാടാനായി വീടുകളില്‍ തിരച്ചില്‍ നടത്തുകയാണ് ഇപ്പോള്‍ ഭീകരര്‍.
ഇന്റര്‍നെറ്റ് : അഫ്ഗാനില്‍ പൊതുജനത്തിന് എത്രനാള്‍ ഇനി ഇന്റര്‍നെറ്റ് ലഭിക്കും എന്ന ചോദ്യവും ഉയരുന്നു. സംഗീതമടക്കമുള്ള കലകളോട് ചതുര്‍ത്ഥിയുള്ള താലിബാന്, ഇന്റര്‍നെറ്റ് റദ്ദാക്കുന്നതോടെ അവരുടെ ക്രൂരത പുറംലോകം അറിയാതെ ഒളിപ്പിക്കുവാനും ആകും. സമൂഹമാദ്ധ്യമങ്ങളിലൂടെയാണ് താലിബാന്‍ ക്രൂരതകളില്‍ പലതും ലോകമറിഞ്ഞത്. രാജ്യത്തെ ഇന്റര്‍നെറ്റും ടെലികോമും മറ്റെല്ലാ ആശയവിനിമയ സംവിധാനങ്ങളും ഇപ്പോള്‍ താലിബാന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ്.
പഞ്ച്ഷിര്‍ താഴ്‌വര : താലിബാന്‍ ഇപ്പോള്‍ ശ്രദ്ധ പതിപ്പിച്ചിരിക്കുന്നത് പഞ്ച്ഷിര്‍ താഴ്വരയിലാണ്. താലിബാന്റെ നിയന്ത്രണത്തിലല്ലാത്ത അഫ്ഗാനിസ്ഥാനിലെ ഏക പ്രദേശമാണിത്. ഇവിടെ ഇന്റര്‍നെറ്റ് അടക്കമുള്ള കണക്ടിവിറ്റികളെല്ലാം റദ്ദ് ചെയ്തിരിക്കുകയാണ്. അഹ്മദ് മസൂദ്, അംറുല്ല സാലിഹ് എന്നിവരുടെ നേതൃത്വത്തിലുള്ള ചെറുത്ത് നില്‍പ്പാണ് താലിബാന് തലവേദനയായിരിക്കുന്നത്.

Related Articles

Back to top button