InternationalLatestSports

കടല്‍കൊട്ടാരങ്ങള്‍ നവംബറില്‍ ഒരുങ്ങും

“Manju”

ദോഹ: ലോകകപ്പ് ഫുട്ബാളിനായി ഖത്തറിലെത്തുന്ന ആരാധകര്‍ക്ക് താമസസൗകര്യമൊരുക്കുന്നതിന്റെ ഭാഗമായി ഫ്ലോട്ടിങ് ഹോട്ടലുകളായി മാറുന്ന ഭീമന്‍ ക്രൂയിസ് കപ്പലുകള്‍ നവംബര്‍ 10, 14 തീയതികളിലായി ദോഹ തുറമുഖത്ത് നങ്കൂരമിടും.

ക്രൂയിസ് കപ്പല്‍ ഹോട്ടലുകളില്‍ 9000ത്തിലധികം പേര്‍ക്കുവരെ താമസസൗകര്യമൊരുക്കാന്‍ സാധിക്കുമെന്നാണ് അധികൃതര്‍ പറയുന്നത്. ഫുട്ബാള്‍ ആരാധകര്‍ക്ക് താമസിക്കാനായി രണ്ട് വലിയ ക്രൂയിസ് കപ്പലുകള്‍ ചാര്‍ട്ട് ചെയ്യുന്നത് സംബന്ധിച്ച്‌ എം.എസ്.സി ക്രൂയിസസുമായി കരാറായെന്ന് സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി ഹൗസിങ് വിഭാഗം എക്സിക്യൂട്ടിവ് ഡയറക്ടര്‍ ഒമര്‍ അല്‍ ജാബിര്‍ പറഞ്ഞു.

ഇതിനുവേണ്ടിയുള്ള ഒരു ക്രൂയിസ് കപ്പല്‍ നിര്‍മാണത്തിലാണെന്നും ഇതിന്റെ പ്രഥമ യാത്ര ഖത്തറിലേക്കായിരിക്കുമെന്നും നവംബര്‍ 10ന് ദോഹ തുറമുഖത്ത് നങ്കൂരമിടുമെന്നും ഖത്തര്‍ ടി.വിക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട പ്രത്യേക പരിപാടികള്‍ നവംബര്‍ 13ന് നടക്കും. രണ്ടാമത്തെ ക്രൂയിസ് കപ്പല്‍ നവംബര്‍ 14ന് എത്തും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രണ്ട് കപ്പലുകളിലുമായി 4000ത്തിലധികം റൂമുകളാണുള്ളത്. ഇവയില്‍ 9400 പേര്‍ക്ക് താമസസൗകര്യമൊരുക്കാനാകും. പരമ്പരാഗത കാബിനുകള്‍ മുതല്‍ സമുദ്രത്തിലേക്ക് കാഴ്ചയുള്ള കാബിനുകള്‍, ബാല്‍ക്കണി കാബിനുകള്‍, ആഡംബര സ്യൂട്ടുകള്‍ വരെ വൈവിധ്യമാര്‍ന്ന സജ്ജീകരണങ്ങളാണ് ക്രൂയിസ് കപ്പല്‍ ഫ്ലോട്ടിങ് ഹോട്ടലുകള്‍ വാഗ്ദാനം ചെയ്യുന്നത്. എല്ലാ പ്രായത്തിലുള്ളവര്‍ക്കും താമസം ആസ്വാദ്യകരമാക്കുന്നതിന് വൈവിധ്യമാര്‍ന്ന ഡൈനിങ് സാധ്യതകളും വിനോദ പരിപാടികളും കപ്പലുകളിലുണ്ടാകും.

ലോകകപ്പുമായി ബന്ധപ്പെട്ട ബുക്കിങ്ങുകള്‍ക്കായി ഈ വര്‍ഷം മാര്‍ച്ചില്‍ www.qatar2022.qa എന്ന വെബ്സൈറ്റ് ആരംഭിച്ചിട്ടുണ്ട്. വെബ്സൈറ്റിലൂടെ ആരാധകര്‍ക്ക് ലോകകപ്പ് മത്സര ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. ക്രൂയിസ് കപ്പലുകള്‍, ഫാന്‍സ് വില്ലേജ്, ഹോട്ടലുകള്‍, ക്യാമ്ബിങ്, മറ്റു താമസ സൗകര്യങ്ങള്‍ തുടങ്ങിയവയുള്‍പ്പെടെ എല്ലാ ബുക്കിങ്ങും ഈ സമഗ്ര വെബ്സൈറ്റില്‍ ലഭ്യമാണ്.

 

Related Articles

Back to top button