KeralaLatest

പുഴയ്ക്ക് കുറുകെ നിർമിച്ച പുതിയ പാലത്തിന്റെ അനുബന്ധ റോഡ് നിർമാണം പാതിവഴിയിൽ.

“Manju”

 

ചിറ്റാരിപ്പറമ്പ് : വട്ടോളി പുഴയ്ക്ക് കുറുകെ നിർമിച്ച പുതിയ പാലത്തിന്റെ അനുബന്ധ റോഡ് നിർമാണം പാതിവഴിയിൽ. പാലത്തിന്റെ അക്കര വട്ടോളി ഭാഗത്തെ അനുബന്ധ റോഡ് നിർമാണമാണ് പൂർത്തിയാകാത്തത്. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 4.43 കോടി രൂപ ചെലവിലാണ് വട്ടോളി പുതിയ പാലം നിർമിച്ചത്.

വട്ടോളി പുഴയിലേക്ക് പോകുന്ന റോഡിൽനിന്ന് ആരംഭിക്കുന്ന പുതിയ പാലം അക്കര വട്ടോളിയിലെ കോട്ടയിൽ-പരുമ ജംഗ്ഷനിലാണ് എത്തുക. 2018 ഒക്ടോബർ 28-ന് മന്ത്രി ഇ.പി.ജയരാജനാണ് പാലത്തിന്റെ നിർമാണപ്രവൃത്തി ഉദ്ഘാടനം ചെയ്തത്.18 മാസമായിരുന്നു പാലത്തിന്റെ നിർമാണ കാലാവധി.78 മീറ്റർ നീളവും 11 മീറ്റർ വീതിയുമുള്ള പാലത്തിന് ഒന്നരമീറ്റർ വീതിയുള്ള നടപ്പാതയുണ്ട്.

പാലം നിർമിക്കാൻ പുഴയിൽ 30 മീറ്ററോളം താഴ്ചയിൽ പൈലിങ്ങു നടത്തിയാണ് 16 തൂണുകൾ നിർമിച്ചത്. 78 മീറ്റർ നീളമുള്ള പാലത്തിന് 26 മീറ്റർ നീളമുള്ള മൂന്ന് സ്പാനുകളും രണ്ട് എംബെഡ്മെൻറും ഒൻപത് ബീമുകളുമാണുള്ളത്.

പാലത്തിന്റെ കോൺക്രീറ്റ് സ്ലാബ് നിർമാണം ആറുമാസം മുമ്പ് പൂർത്തിയായിരുന്നു. വട്ടോളി ഭാഗത്ത് നിന്ന് പാലത്തിലേക്കുള്ള 290 മീറ്റർ അനുബന്ധ റോഡിന്റെ നിർമാണ പ്രവൃത്തി തുടങ്ങിയെങ്കിലും അക്കര വട്ടോളി ഭാഗത്തുള്ള 120 മീറ്റർ അനുബന്ധ റോഡിന്റെ നിർമാണപ്രവൃത്തി തുടങ്ങിയിരുന്നില്ല. ഒൻപത് മീറ്റർ ഉയരമുള്ള പാലത്തിന് നിർമിക്കുന്ന അനുബന്ധ റോഡിന്റെ മാറ്റം വരുത്തിയ രൂപരേഖ അധികൃതരിൽനിന്ന് നിർമാണക്കമ്പനിക്ക് കിട്ടാൻ വൈകിയതാണ് കാരണം. മാറ്റം വരുത്തിയ രൂപരേഖ കമ്പനിക്ക് കിട്ടിയെങ്കിലും ലോക്ക് ഡൗൺ തുടങ്ങിയതോടെ നിർമാണം പൂർണമായി നിലച്ചു.

ലോക്ക്‌ഡൗൺ കാരണം നിർമാണ കാലാവധി ആറുമാസം സർക്കാർ നീട്ടി നൽകിയിട്ടുണ്ടെങ്കിലും മഴക്കാലത്ത് പുഴയിൽ വെള്ളം കയറുന്നതിനാൽ തുടർപ്രവൃത്തി കരാർ കമ്പനി നിർത്തിവെച്ചിരിക്കുകയാണ്. മണ്ണിട്ട് പുഴയുടെ ഗതി മാറ്റിയായിരുന്നു പാലം നിർമാണം നടത്തിയിരുന്നത്. അനുബന്ധ റോഡ് നിർമാണത്തിനായും പുഴയിൽ മണ്ണിട്ടിരുന്നു.

മാറ്റം വരുത്തിയ അനുബന്ധ റോഡിന്റെ രൂപരേഖ കിട്ടാൻ വൈകിയതാണ് നിർമാണപ്രവൃത്തി തടസ്സപ്പെടാൻ കാരണമായത്. കാലവർഷത്തിനുമുമ്പ് പുഴയിലെ മണ്ണ് നീക്കം ചെയ്തില്ലെങ്കിൽ വെള്ളപ്പൊക്ക ഭീഷണിയിലാണ് പുഴയുടെ ഇരുകരയിലുമുള്ള വീട്ടുകാർ.

Related Articles

Back to top button