LatestThiruvananthapuram

മുഖ്യമന്ത്രിയുടെ സ്വാതന്ത്ര്യ ദിന സന്ദേശം

“Manju”

തിരുവനന്തപുരം : രാജ്യത്ത് ഫെഡറല്‍ തത്ത്വങ്ങള്‍ പുലരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്തിന്റെ നിലനില്‍പ്പിനുള്ള അടിസ്ഥാന ഘടകം കൂടിയാണ് ഫെഡറലിസം എന്നും അദ്ദേഹം സ്വാതന്ത്ര്യ ദിന സന്ദേശമായി പറഞ്ഞു.

നിരാഹാര സമരങ്ങള്‍ തൊട്ട് സാമ്രാജ്യത്വ ആധിപത്യത്തിന്റെ കൊള്ളരുതായ്മകള്‍ക്കെതിരെ മുഖാമുഖം ഏറ്റുമുട്ടിയ പോരാട്ടങ്ങളുടെ കൂടി ചരിത്രം സ്വാതന്ത്ര്യ സമരത്തിന് അവകാശപ്പെടാനുണ്ട്. ഇത് ഉള്‍ക്കൊണ്ട് മുന്നോട്ട് പോകുമ്പോഴേ യഥാര്‍ത്ഥ സ്വാതന്ത്ര്യ സമര ചരിത്രം രചിക്കാനാവൂ. ഈ വൈവിധ്യങ്ങളെ ആകെ ഉള്‍ക്കൊണ്ടുകൊണ്ടാണ് ഇന്ത്യയുടെ ഭരണഘടന രൂപപ്പെട്ടത്. ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളായ മതനിരപേക്ഷയും ഫെഡറലിസവും സമത്വത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും ആശയങ്ങള്‍, സ്വാതന്ത്ര്യ സമര പോരാളികളുടെ സ്വപ്നങ്ങള്‍ കൂടിയാണെന്നും നാം തിരിച്ചറിയണം. വര്‍ഗീയ സംഘര്‍ഷങ്ങളുടെയും ദ്രുവീകരണങ്ങളുടെയും ശ്രമങ്ങളെ പ്രതിരോധിക്കാനും ഇല്ലാതാക്കാനും നമുക്ക് കഴിയുന്നത് നവോത്ഥാന മൂല്യങ്ങളും സ്വാതന്ത്ര്യ പ്രസ്ഥാനങ്ങളും നമുക്ക് നല്‍കിയ ഈ കാഴ്ചപ്പാടിന്റെ കൂടി അനന്തര ഫലമാണ്. ഇന്ത്യന്‍ ദേശീയതയുടെ ഏറ്റവും പ്രധാന സവിശേഷത വിവിധങ്ങളായ ഭാഷയെയും സംസ്കാരത്തെയും ഉള്‍ക്കൊണ്ടുകൊണ്ട് മുന്നോട്ട് പോകുന്നു എന്നതാണ്. വൈവിധ്യങ്ങളുടെ കലവറ എന്ന് വിശേഷിപ്പിക്കാവുന്ന ഈ രീതിയാണ് ബഹുസ്വരതയുടെ സംസ്കാരത്തിന്റെ അടിത്തറയായി തീരുന്നത്. ഈ ഒരു ജീവിതശൈലിയെ നമുക്ക് കൂടുതല്‍ കരുത്തോടെ മുന്നോട്ട് കൊണ്ടുപോകേണ്ടതുണ്ട്.’- മുഖ്യമന്ത്രി പറഞ്ഞു.

വ്യത്യസ്തമായ ജീവിതവും സംസ്കാരവും നിലനില്‍ക്കുന്ന ഈ രാജ്യത്ത് അതിന്റെ അടിസ്ഥാനമായി ഫെഡറല്‍ തത്ത്വങ്ങള്‍ പുലരേണ്ടതുണ്ട്. അവ നിലനിര്‍ത്തിക്കൊണ്ട് മാത്രമേ രാജ്യത്തിന്റെ ഈ വൈവിധ്യങ്ങളെ ആകെ ഉള്‍ക്കൊള്ളുന്ന രാഷ്ട്രമെന്ന സ്വാതന്ത്ര്യ സമര പോരാളികളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ കഴിയൂ. ഫെഡറലിസം രാജ്യത്തിന്റെ നിലനില്‍പ്പിന്റെ കൂടി അടിസ്ഥാന ഘടകമാണ്. സാമ്പത്തിക രംഗത്തുള്‍പ്പെടെ അത്തരമൊരു നിലപാട് സ്വീകരിച്ച്‌ മുന്നോട്ട് പോവുക എന്നത് പ്രധാനമാണെന്ന് തിരിച്ചറിയണം. ഇന്ത്യന്‍ സ്വാതന്ത്ര്യ പ്രസ്ഥാനം എല്ലാ മതവിശ്വാസികളും അല്ലാത്തവരും ഉള്‍ക്കൊള്ളുന്ന ജനമുന്നേറ്റമായിരുന്നു. ആ മുന്നേറ്റത്തിന്റെ കരുത്താണ് മതനിരപേക്ഷയുടെ അടിസ്ഥാന കാഴ്ചപ്പാടുകള്‍ ഭരണഘടനയ്ക്ക് സംഭാവന ചെയ്യുന്നത്. ഈ യാഥാര്‍ത്ഥ്യത്തെ മറന്നുകൊണ്ട് സ്വീകരിക്കുന്ന ഏത് നിലപാടും രാജ്യത്തിനായി പൊരുതിയവരുടെ സ്വപ്നങ്ങളെ തല്ലിക്കെടുത്തുന്നതിന് തുല്യമാണെന്ന് ഓര്‍ക്കേണ്ടതുണ്ട്. രാജ്യത്തിന്റെ സമ്പത്ത് ഇന്ത്യക്കാരുടെ ജീവിതത്തിന്റെ മുന്നോട്ട് പോക്കിന് ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യം കൂടി മുന്നോട്ടുവച്ചുകൊണ്ടാണ് ഇന്ത്യന്‍ സ്വാതന്ത്ര്യ പ്രസ്ഥാനം ഉയര്‍ന്നുവന്നത്.’- മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.


Related Articles

Back to top button