KeralaLatest

നെഹ്‌റു ട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നം പ്രകാശനം ചെയ്തു

“Manju”

ആലപ്പുഴ: അറുപത്തിയെട്ടാമത് നെഹ്‌റു ട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നം പ്രകാശനം ചെയ്തു. കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി പി.പ്രസാദ് ജില്ലാ കളക്ടര്‍ വി.ആര്‍. കൃഷ്ണ തേജയ്ക്ക് നല്‍കി പ്രകാശന കര്‍മ്മം നിര്‍വഹിച്ചു. ആലപ്പുഴ വി.പി. റോഡ് സക്കറിയ വാര്‍ഡ് തോട്ടുങ്കല്‍ പുരയിടം ബാബു ഹസന്‍ ജലച്ചായത്തില്‍ വരച്ച വാഴപ്പിണ്ടിയില്‍ തുഴഞ്ഞു നീങ്ങുന്ന തത്തയാണ് ഇത്തവണത്തെ ഭാഗ്യചിഹ്നമായി തിരഞ്ഞെടുക്കപ്പെട്ടത്.

നെഹ്‌റു ട്രോഫി പബ്ലിസിറ്റി കമ്മിറ്റി സംസ്ഥാനതലത്തില്‍ നടത്തിയ മത്സരത്തില്‍ 160 എന്‍ട്രികള്‍ ലഭിച്ചു. ഇവയില്‍ നിന്ന് ചിത്രകലാ ആധ്യപകരായ സതീഷ് വാഴുവേലില്‍, എം.കെ. മോഹന്‍കുമാര്‍, സിറിള്‍ ഡോമിനിക് എന്നിവര്‍ ഉള്‍പ്പെട്ട സമിതിയാണ് ഭാഗ്യചിഹ്നം തിരഞ്ഞെടുത്തത്. ബാബു ഹസന്റെ രചന 2018ലും ഭാഗ്യചിഹ്നമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇദ്ദേഹത്തിന് സമ്മാനത്തുകയായി 5001 രൂപ ലഭിക്കും.

പ്രകാശനച്ചടങ്ങില്‍ എം.എല്‍.എമാരായ പി.പി. ചിത്തരഞ്ജന്‍, തോമസ് കെ. തോമസ്, ജില്ലാ പോലീസ് മേധാവി ജി. ജയദേവ്, സബ് കളക്ടര്‍ സൂരജ് ഷാജി, പബ്ലിസിറ്റി കമ്മിറ്റി കണ്‍വീനറായ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ജസ്റ്റിന്‍ ജോസഫ്, കമ്മിറ്റി അംഗങ്ങളായ നഗരസഭ കൗണ്‍സിലര്‍ സിമി ഷാഫി ഖാന്‍, കെ. നാസര്‍, റോയ് പാലത്ര, എ. കബീര്‍, എബി തോമസ്, നസീര്‍ പുന്നയ്ക്കല്‍, ഗുരു ദയാല്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

Related Articles

Back to top button