InternationalLatest

അല്‍ ഇത്തിഹാദ് സ്ട്രീറ്റില്‍ പാലങ്ങള്‍ ഒരുങ്ങുന്നു

“Manju”

അജ്മാന്‍: ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ അജ്മാന്‍ അല്‍ ഇത്തിഹാദ് സ്ട്രീറ്റില്‍ രണ്ടു പാലങ്ങള്‍ ഒരുങ്ങുന്നു. അല്‍ ഇത്തിഹാദ് സ്ട്രീറ്റ് വികസന പദ്ധതി അടുത്ത വര്‍ഷം ഒക്ടോബറില്‍ പൂര്‍ത്തിയാകുമെന്ന് അജ്മാന്‍ നഗരസഭ ആസൂത്രണ വിഭാഗം ഡയറക്ടര്‍ ജനറല്‍ അബ്ദുറഹ്മാന്‍ മുഹമ്മദ് അല്‍ നുഐമി പറഞ്ഞു. ദുബൈ, ഷാര്‍ജ എന്നിവിടങ്ങളില്‍നിന്നും തിരിച്ചുമുള്ള വാഹനങ്ങളുടെ തിരക്കുമൂലം ഇത്തിഹാദ് റോഡില്‍ ഗതാഗതക്കുരുക്കുണ്ടാവാറുണ്ട്. ഇതിന് പരിഹാരമായാണ് അജ്മാന്‍ നഗരസഭ ഈ പ്രദേശത്ത് പുതിയ വികസന പദ്ധതിക്ക് രൂപം നല്‍കിയത്. ദുബൈയില്‍നിന്നു വരുന്ന വാഹനങ്ങള്‍ക്ക് ഇത്തിഹാദ് സ്ട്രീറ്റിലെ പാലത്തില്‍ മൂന്നുവരിപ്പാതയുണ്ടാകും. പാലത്തിനടിയില്‍ അല്‍ ഇത്തിഹാദ് സ്ട്രീറ്റിനെയും കുവൈത്ത് സ്ട്രീറ്റിനെയും ബന്ധിപ്പിക്കുന്ന കവലയില്‍ ട്രാഫിക് സിഗ്നലുകള്‍ വഴി ഗതാഗതം നിയന്ത്രിക്കും.അല്‍ ഹസന്‍ ബിന്‍ അല്‍ ഹൈതം സ്ട്രീറ്റില്‍നിന്ന് എമിറേറ്റിന് പുറത്തേക്കും അജ്മാന്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍നിന്ന് ഷാര്‍ജയിലേക്കും പോകുന്നവര്‍ക്കായി മറ്റൊരു പാലവും അടങ്ങുന്നതാണ് പദ്ധതി. എമിറേറ്റിലെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനായി സുപ്രീം കൗണ്‍സില്‍ അംഗവും അജ്മാന്‍ ഭരണാധികാരിയുമായ ശൈഖ് ഹുമൈദ് ബിന്‍ റാശിദ് അല്‍ നുഐമിയുടെ നിര്‍ദേശമനുസരിച്ചാണ് പദ്ധതി വരുന്നതെന്ന് അല്‍ നുഐമി പറഞ്ഞു. പാലം അടക്കമുള്ള നവീകരണപ്രവൃത്തികളുടെ ഭാഗമായി പ്രദേശത്ത് ഏര്‍പ്പെടുത്തിയ ഗതാഗത നിയന്ത്രണത്തോടൊപ്പം ഷാര്‍ജ എമിറേറ്റില്‍നിന്ന് ശൈഖ് ഖലീഫ ഇന്‍റര്‍സെക്ഷനിലേക്കുള്ള അഞ്ചു പാതകളും അല്‍ നുഐമിയ ഭാഗത്തേക്കുള്ള രണ്ടു പാതകളും അടക്കം സമാന്തര പാത ഒരുക്കിയിട്ടുണ്ട്.

 

Related Articles

Back to top button