InternationalLatest

മധ്യസ്ഥശ്രമങ്ങള്‍ തുടര്‍ന്ന് ഖത്തര്‍

“Manju”

ദോഹ: ഇറാന്‍ ആണവക്കരാര്‍ പുനഃസ്ഥാപിക്കുന്നതിനുള്ള ചര്‍ച്ചകളില്‍ മധ്യസ്ഥശ്രമങ്ങള്‍ തുടര്‍ന്ന് ഖത്തര്‍. വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ ആല്‍ഥാനിയും ഇറാന്‍ വിദേശകാര്യമന്ത്രി ഹുസൈന്‍ അബിര്‍ അബ്ദുല്ലഹിയാനും തമ്മില്‍ ടെലിഫോണ്‍ സംഭാഷണം നടത്തിയതിനുപിന്നാലെ ഇരുരാഷ്ട്രങ്ങളുടെ പ്രതിനിധികളും ചര്‍ച്ച നടത്തി.ഖത്തര്‍ വിദേശകാര്യ സഹമന്ത്രി മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് അല്‍ കുലൈഫിയും ഇറാന്‍ നയതന്ത്രജ്ഞന്‍ അലി ബഗേരിയുമാണ് കൂടിക്കാഴ്ച നടത്തിയത്.

കഴിഞ്ഞ ജൂണില്‍ ദോഹയില്‍ അമേരിക്കയുടെയും ഇറാന്റെയും പ്രതിനിധികളെ ഒരുമിച്ചിരുത്തി ഖത്തര്‍ സമവായ ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇതേ തുടര്‍ന്നുള്ള ചര്‍ച്ചകളുടെ ഭാഗമായാണ് യൂറോപ്യന്‍ യൂനിയന്‍ ആണവക്കരാര്‍ പുനഃസ്ഥാപിക്കുന്നതിനുള്ള കരട് നിര്‍ദേശങ്ങള്‍ തയാറാക്കിയത്. ഇതിനോട് ഇറാന്റെ പ്രതികരണം വന്ന് ആഴ്ചകള്‍ക്ക് ശേഷമാണ് അമേരിക്ക പ്രതികരിക്കാന്‍ തയാറായത്. അമേരിക്ക മുന്നോട്ടുവെച്ച നിര്‍ദേശങ്ങളെ കുറിച്ച്‌ വിശകലനം ചെയ്തശേഷം ഇറാന്‍ അടുത്തയാഴ്ച നിലപാട് അറിയിക്കും. അന്തിമഘട്ടത്തിലെ കല്ലുകടികള്‍ ഒഴിവാക്കാനുള്ള ശ്രമത്തിലാണ് ഖത്തര്‍.അതിന്റെ ഭാഗമായി ഖത്തര്‍ വിദേശകാര്യ സഹമന്ത്രി മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് ബിന്‍ സാലിഹ് അല്‍ കുലൈഫി ആണവ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്ന ഇറാന്‍ നയതന്ത്രജ്ഞന്‍ അലിബഗേരിയുമായി ചര്‍ച്ച നടത്തി. ആണവകരാര്‍ ചര്‍ച്ചകളില്‍ മധ്യസ്ഥത വഹിക്കുന്ന യൂറോപ്യന്‍ യൂനിയന്‍ കോഓഡിനേറ്ററുമായും അദ്ദേഹം സംസാരിച്ചു. വ്യാഴാഴ്ച ഖത്തര്‍ വിദേശകാര്യമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍താനി ഇറാന്‍ വിദേശകാര്യമന്ത്രിയെ ഫോണില്‍ വിളിച്ചിരുന്നു. അതേ സമയം, ഖത്തറുമായി നടത്തിയ ചര്‍ച്ചകളെ കുറിച്ച്‌ ഇറാന്‍ പ്രതികരിച്ചിട്ടില്ല.

Related Articles

Back to top button