KeralaLatestThiruvananthapuram

നവോത്ഥാന പ്രസ്ഥാനങ്ങളുടെ ചൈതന്യധാരയില്‍ ശാന്തിഗിരി തിളങ്ങി നില്‍ക്കും- മന്ത്രി ആര്‍ ബിന്ദു

“Manju”

പോത്തന്‍കോട് : നവോത്ഥാന പ്രസ്ഥാനങ്ങളുടെ ചൈതന്യധാരയില്‍ ശാന്തിഗിരി ആശ്രമം എന്നും തിളങ്ങി നില്‍ക്കുമെന്ന് ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി ആര്‍ ബിന്ദു. നവപൂജിതം ആഘോഷങ്ങളോടനുബന്ധിച്ച് സഹകരണമന്ദിരത്തില്‍ നടന്ന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. സത്യമെന്തെന്ന് നിരന്തരം അന്വേഷിക്കുകയും അതിനെ കണ്ടെത്തുകയും മറ്റുളളവരിലേയ്ക്ക് വിനിമയം ചെയ്യുകയും ചെയ്ത മഹാഗുരുവാണ് നവജ്യോതിശ്രീ കരുണാകരഗുരു. അജ്ഞാനമാകുന്ന ഇരുട്ടിനെ നീക്കം ചെയ്യുന്ന പ്രകാശ ഗോപുരങ്ങളാണ് ഗുരുവര്യന്മാരെന്നും മഹത്തായ ഗുരുപരമ്പരകളെ ലഭിച്ച നമ്മുടെ നാട് ഏറെ ധന്യമാണെന്നും മന്ത്രി പറഞ്ഞു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. വിദ്വേഷത്തിന്റെയും വെറുപ്പിന്റെയും വിത്തുകളല്ല. പരസ്പര സ്നേഹത്തിന്റെയും സാഹോദര്യത്തിന്റേയും സന്ദേശമാണ് ആഘോഷങ്ങള്‍ നമുക്ക് നല്‍കുന്നത്. അറിവില്ലാത്ത സാധാരണ മനുഷ്യരിലേയ്ക്ക് ഇറങ്ങിച്ചെന്ന് അന്ധകാരത്തെ മാറ്റി മനസ്സുകളില്‍ വെളിച്ചം വിതറിയ ഋഷ്യവര്യനാണ് ശ്രീകരുണാകരഗുരുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി വിശിഷ്ടാതിഥിയായിരുന്നു. 72 വര്‍ഷകാലത്തെ ത്യാഗസുരഭിലമായ ജീവിതത്തിലൂടെ ജാതീമത ചിന്തകള്‍ക്കതീതമായ സമൂഹത്തിനെ ലക്ഷ്യമാക്കി കര്‍മ്മപദ്ധതികള്‍ വിഭാവനം ചെയ്ത ഗുരുവാണ് ശ്രീകരുണാകരഗുരുവെന്ന് മന്ത്രി പറഞ്ഞു. ചടങ്ങില്‍ തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ മുഖ്യപ്രഭാഷണം നടത്തി. ശാന്തിഗിരി വിഭാവനം ചെയ്യുന്നത് മതാതീതമായ സമൂഹമാണെന്ന സന്ദേശമാണ് ഇവിടുത്തെ ആഘോഷങ്ങള്‍ നല്‍കുന്നതെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.

മലങ്കാര മാര്‍ത്തോമ സുറിയാനിസഭ മെത്രപ്പോലീത്ത ഡോ.ജോസഫ് മാര്‍ ബര്‍ണാബസ് മഹനീയ സാന്നിദ്ധ്യമായി. ലോക സംസ്ഥാന മലയാളി മാസ്റ്റേഴ്സ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്ത് മൂന്നിനങ്ങളില്‍ സ്വര്‍ണ്ണം നേടിയ 82 കാരനായ മുന്‍ എം എല്‍ എ എം. ജെ. ജേക്കബിനെ ചടങ്ങില്‍ ആദരിച്ചു. മുന്‍ മന്ത്രിമാരായ കടന്നപ്പള്ളി രാമചന്ദ്രൻ, എം.എം. മണി, എം.എം. ഹസ്സൻ, എച്ച്. സലാം എം.എല്‍.എ., സി.പി.ഐ.(എം.) സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഡോ. പി.കെ. ബിജു., മാണിക്കല്‍ ഗ്രാമ പഞ്ചായത്തംഗങ്ങളായ കോലിയക്കോട് മഹീന്ദ്രന്‍, എല്‍ സിന്ധു, സി.പി.ഐ.(എം.) മംഗലപുരം ഏരിയ സെക്രട്ടറി മധു മുല്ലശ്ശേരി, ഹിന്ദു ഐക്യവേദി പേട്രണ്‍ കോലിയക്കോട് മോഹനൻ, ആശ്രമത്തിന്റെ വിവിധ സാംസകാരിക പ്രതിനിധികളായ പ്രസാദ് എം. കാശിനാഥ് കുമാരി പി.കെ., പ്രേംലത ബി, രാജീവ് വി, മുരുകൻ പി, പ്രതിഭ എസ്.എസ്. എന്നിവര്‍ ചടങ്ങില്‍ പ്രസംഗിച്ചു. സ്വാമി ഭക്തദത്തൻ ജ്ഞാനതപസ്വി സ്വാഗതവും, രാജീവ് എസ് കൃതജ്ഞതയും പറഞ്ഞു.

Related Articles

Back to top button