KeralaLatest

പോസ്റ്റ് കോവിഡ് ക്ലിനിക്കുകളുടെ പ്രവര്‍ത്തനം ശക്തമാക്കും: ആരോഗ്യ മന്ത്രി

“Manju”

കോഴിക്കോട്: സംസ്ഥാനത്ത് പോസ്റ്റ് കോവിഡ് ക്ലിനിക്കുകളുടെ പ്രവര്‍ത്തനം ശക്തമാക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പദ്ധതിയുടെ ഭാഗമായി സംസ്ഥാന ആയുഷ് വകുപ്പിന് കീഴിലുള്ള ആയുഷ് സ്ഥാപനങ്ങളിലെ 5.17 കോടി രൂപയുടെ 12 പദ്ധതികളുടെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വ്വഹിച്ച്‌ സംസാരിക്കുകയായിരുന്നു മന്ത്രി.

ചിറ്റാരിക്കാല്‍ ഹോമിയോ മാതൃകാ ആശുപത്രി കേരള അക്രഡിറ്റേഷന്‍ സ്റ്റാന്‍ഡേര്‍ഡ്സ് ഫോര്‍ ഹോസ്പിറ്റല്‍ (കാഷ്) അക്രഡിറ്റേഷന്‍ നേടിയതിന്റെ പ്രഖ്യാപനവും മന്ത്രി നടത്തി. കാഷ് നിലവാരത്തിലെത്തുന്ന സംസ്ഥാനത്തെ ആദ്യ ഹോമിയോ ആശുപത്രിയായി ചിറ്റാരിക്കാല്‍ ഹോമിയോ മാതൃകാ ഡിസ്പന്‍സറി. ആശുപത്രികളില്‍ അഡ്മിറ്റാകുന്ന കോവിഡ് രോഗികളുടെ എണ്ണത്തില്‍ വലിയ കുറവാണ് സംസ്ഥാനത്ത് ഉണ്ടായിരിക്കുന്നതെന്നും അതോടൊപ്പം തന്നെ കോവിഡാനന്തര ആരോഗ്യ പ്രശ്നങ്ങള്‍ കൂടി വരുന്നതായും മന്ത്രി പറഞ്ഞു.

ആയുഷിന്റെ സ്ഥാപനങ്ങളില്‍ കോവിഡാനന്തര ചികിത്സാ സംവിധാനങ്ങള്‍ വര്‍ധിപ്പിക്കുന്നതിനായി പോസ്റ്റ് കോവിഡ് ഹെല്‍ത്ത് സെന്ററുകളുടെ പ്രവര്‍ത്തനം ശക്തമാക്കും. അതോടൊപ്പം സെന്ററുകളില്‍ കൂടുതല്‍ യോഗ ട്രെയ്നര്‍മാരെയും ആശവര്‍ക്കര്‍മാരുടേയും സേവനം ലഭ്യമാക്കും. കൂടുതല്‍ ആശുപത്രികളെ ഹെല്‍ത്ത് ആന്റ് വെല്‍നെസ് സെന്ററുകളായി ഉയര്‍ത്തുമെന്നും മന്ത്രി പറഞ്ഞു. ഔഷധ സസ്യങ്ങളുടെ തോട്ടമൊരുക്കുന്ന ആരാമം ആരോഗ്യം പദ്ധതിയിലൂടെ ഒരു വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്ത് 700 ഹെക്ടര്‍ ഔഷധ സസ്യത്തോട്ടം തയ്യാറാക്കും. അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണ കേന്ദ്രമെന്ന സംസ്ഥാനത്തിന്റെ സ്വപ്ന പദ്ധതി കണ്ണൂര്‍ പരിയാരത്ത് ആരംഭിക്കുമെന്നും പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ രാജ്യത്തെ ആദ്യ അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണ കേന്ദ്രമാകും ഇതെന്നും മന്ത്രി പറഞ്ഞു.

ഹോമിയോ ആശുപത്രികളില്‍ ഗുണമേന്മയേറിയ സേവനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായാണ് സംസ്ഥാന സര്‍ക്കാര്‍ ‘കാഷ്’ അക്രഡിറ്റേഷന്‍ ഏര്‍പ്പെടുത്തിയത്. ഇതിനായി രോഗീ സൗഹൃദമായ ആശുപത്രി കെട്ടിടത്തിന്റെ കെട്ടിലും മട്ടിലും ഒട്ടേറെ മാറ്റങ്ങളാണ് നടത്തിയത്. രോഗികള്‍ക്ക് ഇരിക്കാനുള്ള ഇരിപ്പിടം, ടോക്കണ്‍ സിസ്റ്റം, കുടിവെള്ളം, ഭിന്നശേഷിക്കാരായ ആളുകള്‍ക്കായി പ്രത്യേക ശൗചാലയം എന്നിവ പഞ്ചായത്ത് വക പുതുതായി ഒരുക്കിയിരുന്നു. സോളാര്‍ സൗകര്യം ഒരുക്കിയതോടെ ചിറ്റാരിക്കാല്‍ ആശുപത്രിയുടെ പ്രവര്‍ത്തനം കൂടുതല്‍ മികച്ചതായി. ചിറ്റാരിക്കാല്‍ ഹോമിയോ ആശുപത്രിയില്‍ എത്തുന്നവര്‍ക്ക് അറിവ് നല്‍കുന്നതിനാവശ്യമായ ദിശാ സൂചകങ്ങളും പരാതി/നിര്‍ദേശ പെട്ടിയും സ്ഥാപിച്ചിട്ടുണ്ട്. ആശുപത്രി പ്രവര്‍ത്തനങ്ങള്‍ എല്ലാം ഡോക്യുമെന്റ് ചെയ്ത് കൃത്യമായ ഇടവേളകളില്‍ ആവശ്യമായ മാറ്റം വരുത്തി നൂറില്‍ നൂറുമാര്‍ക്ക് നേടിയാണ് ആശുപത്രി കാഷ് അക്രഡിറ്റേഷന്‍ കരസ്ഥമാക്കിയത്.

ചിറ്റാരിക്കാല്‍ ഹോമിയോ മാതൃകാ ആശുപത്രി പരിസരത്ത് നടന്ന ജില്ലാതല പരിപാടിയില്‍ ഈസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡന്റ് ജെയിംസ് പന്തമ്മാക്കല്‍ അധ്യക്ഷനായി. എം. രാജഗോപാലന്‍ എം.എല്‍എ ശിലാഫലകം അനാച്ഛാദനം ചെയ്തു. എന്‍.എ.എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. അജിത്ത് കുമാര്‍ സി.കെ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫിലോമിന ജോണി, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോമോന്‍ ജോസ്, സ്ഥിരം സമിതി അധ്യക്ഷന്‍ ജിജി കമ്ബല്ലൂര്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ജോസ് കുത്തിയതോട്ടില്‍, വാര്‍ഡ് മെമ്പര്‍ വിനീത് ടി.ജോസഫ്, ജോസഫ് മുത്തോലി, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി ടോം, മെഡിക്കല്‍ ഓഫീസര്‍ ഹോമിയോപ്പതി ഡോ. കെ.പി രാജേഷ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ചടങ്ങില്‍ ഹോമിയോ ഡി.എം.ഒ ഡോ. ഐ.ആര്‍ അശോക് കുമാര്‍ സ്വാഗതവും മെഡിക്കല്‍ ഓഫീസര്‍ ഹോമിയോപ്പതി ശോഭ.കെ നന്ദിയും പറഞ്ഞു.

Related Articles

Back to top button