LatestThiruvananthapuram

താര കല്ല്യാണിന്റെ അസുഖം വെളിപ്പെടുത്തി കുടുംബം

“Manju”

കഴിഞ്ഞ ബുധനാഴ്ചയാണ് നടിയും നര്‍ത്തകിയുമായ താര കല്ല്യാണിന് സര്‍ജറി ആവശ്യമാണെന്നും എല്ലാവരുടെയും പ്രാര്‍ത്ഥന ഒപ്പമുണ്ടാവണമെന്നും മകള്‍ സൗഭാഗ്യ സമൂഹമാദ്ധ്യമങ്ങളിലൂടെ അറിയിച്ചത്. ഓപ്പറേഷന്‍ തീയേറ്ററില്‍ നിന്നുള്ള താരയുടെ ചിത്രവും ഒപ്പം പങ്കുവച്ചിരുന്നു. പോസ്റ്റ് കണ്ടയുടന്‍ തന്നെ എന്തിനാണ് സര്‍ജറിയെന്ന് നിരവധിപേര്‍ കമന്റുകളിലൂടെ ചോദിച്ചിരുന്നു. ഇതിനുള്ള ഉത്തരം ഇപ്പോള്‍ നല്‍കിയിരിക്കുകയാണ് താരം. യൂട്യൂബിലൂടെയാണ് ഇക്കാര്യം പങ്കുവച്ചത്.

ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് മുതല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയതുവരെയുള്ള കാര്യങ്ങള്‍ താരം വീഡിയോയിലൂടെ പങ്കുവച്ചിട്ടുണ്ട്. സംസാരിക്കാനുള്ള ബുദ്ധിമുട്ടും ശബ്ദത്തിലെ വ്യത്യാസവും കണ്ട് നടത്തിയ പരിശോധനയിലാണ് തൈറോയ്ഡിന്റെ പ്രശ്നമുണ്ടെന്ന് മനസിലായതെന്ന് താര കല്ല്യാണിന്റെ അമ്മ സുബലക്ഷ്മി പറയുന്നു. രാവിലെ 8.30ന് സര്‍ജറിയ്ക്കായി കൊണ്ടുപോയെങ്കിലും വൈകിട്ട് ഏഴ് ആയപ്പോഴാണ് പൂര്‍ത്തിയായത്. അത്രയും സങ്കീര്‍ണമായ ഒരു ശസ്ത്രക്രിയയായിരുന്നെന്നും സൗഭാഗ്യ പറയുന്നു. ഒപ്പം പ്രാര്‍ത്ഥിച്ചവര്‍ക്കെല്ലാം കുടുംബം നന്ദിയും പറഞ്ഞു.

സമൂഹമാദ്ധ്യമങ്ങളിലൂടെ നിരവധി ആരാധകരെ നേടിയെടുത്ത കുടുംബമാണ് താര കല്ല്യാണിന്റേത്. സൗഭാഗ്യയുടെ കുഞ്ഞ് സുദര്‍ശന ഉള്‍പ്പെടെ താരയുടെ കുടുംബത്തിലെ ഓരോ അംഗങ്ങളും മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടവരാണ്.

Related Articles

Back to top button