KeralaLatest

രതീഷ് രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം മടങ്ങിയെത്തി

“Manju”

കോട്ടയം : രതീഷ് ഇന്ന് നാട്ടിലെ താരമാണ്. വീടുവിട്ടുപോയി രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം മടങ്ങിയെത്തിയപ്പോഴാണ് രതീഷ് ആരാണെന്ന് എല്ലാവരും അറിഞ്ഞത്. രണ്ട് വര്‍ഷം മുന്‍പ് കോവിഡ് സമയത്താണ് രതീഷ് വീട് വിട്ടുപോയത്. ഭക്ഷണത്തിന്റെ കാര്യമെടുത്താല്‍ ആള്‍ക്ക് ചോറിനോട് വലിയ താല്പര്യമില്ല. ബേക്കറി പലഹാരങ്ങളും തേങ്ങാപ്പീരയും പുട്ടും അപ്പവുമൊക്കെയാണ് ഇഷ്ട ഭക്ഷണം. മീന്‍ ഡബിള്‍ ഓക്കെ. വീടുവിടാനുള്ള സാഹചര്യം ഇത്തിരികടുത്തതാണ് നാല് വര്‍ഷം മുന്‍പ് ഓട്ടോറിക്ഷ ഇടിച്ച്‌ വലതുകാലിന്റെ എല്ല് പൊട്ടി. പിന്നെ കാലില്‍ ഓപ്പറേഷന്‍ നടത്തി പ്രശ്നമൊക്കെമാറി സുഖം പ്രാപിച്ചുവന്നപ്പോഴാണ് അപ്രതീക്ഷിതമായി ട്വിസ്റ്റ് വരുന്നത്., രതീഷിനെ 2020 ല്‍ കാണാതാകുന്നു.

ഇനി ഈ രതീഷ് ആരാണെന്നല്ലേ… ! ഉഷ സ്വന്തം മക്കളിലൊരാളെപ്പോലെ നോക്കി വളര്‍ത്തുന്ന പൂച്ചയാണ് കക്ഷി. ഈ ആഗസ്റ്റ് അവസാനം വീട്ടിലേക്ക് തിരിച്ചുവന്നപ്പോള്‍ പരിയാരം ആഞ്ഞിലിപറമ്പില്‍ വീട്ടില്‍ സന്തോഷം അലയടിച്ചു. 2016ലാണ് അയല്‍ വീട്ടില്‍ നിന്ന് രാജു ഉഷ ദമ്പതികള്‍ക്ക് പൂച്ചയെ കിട്ടുന്നത്. കാണാതായപ്പോള്‍ അയല്‍വീട്ടിലൊക്കെ തിരഞ്ഞെങ്കിലും നിരാശയായിരുന്നു ഫലം. രതീഷ് എന്നെങ്കിലും തിരിച്ചെത്തുമെന്ന പ്രതീക്ഷയോടെ രാജുവും ഉഷയും രണ്ട് മക്കളും കാത്തിരുന്നു.
എന്തായാലും ഇന്ന് അതിന് ഫലമുണ്ടായി. അയല്‍വീട്ടില്‍ മടങ്ങിയെത്തിയ രതീഷിനെ രാജു ചെന്ന് വിളിച്ചെങ്കിലും വന്നില്ല, വെയിറ്റിട്ട് നിന്നു. പിന്നെ ഉഷയെത്തി വിളിച്ചു സ്നേഹത്തോടെ ചേര്‍ത്തുപിടിച്ചു. അപ്പോ തീരുമാനിച്ചു ഇനി വീട്ടിലേക്ക് മടങ്ങാം. വീടുവിട്ട് പോകുന്ന ആണ്‍പൂച്ചകള്‍ തിരിച്ചെത്തുന്നത് പതിവാണെങ്കിലും രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മടങ്ങിയെത്തുന്നത് അപൂര്‍വമാണ്. നഷ്ടപ്പെട്ടുപോയെന്ന് കരുതിയതാണ്. തിരിച്ചെത്തിയപ്പോള്‍ അതിയായ സന്തോഷമായിരുന്നെന്ന് കുടുംബശ്രീ സി ഡി എസ് മെമ്ബര്‍ കൂടിയായ ഉഷ പറയുന്നു.
പേരിലാണ് കാര്യം : 2016ല്‍ കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്ന സിനിമയിറങ്ങിയ സമയത്താണ് പൂച്ച വീട്ടിലെ അംഗമാകുന്നത്. സിനിമയിലെ ഹിറ്റായ ‘ഉണരൂ രതീഷ്, ഉണരൂ’ എന്ന ഡയലോഗില്‍ നിന്നാണ് മൂത്തമകന്‍ ശ്രീജിത്ത് പൂച്ചയ്ക്ക് രതീഷ് എന്ന പേരിട്ടത്.

Related Articles

Back to top button