InternationalLatest

ഇന്ത്യൻ വ്യോമസേനയ്ക്ക് ശക്തി പകരാൻ 5 റഫാൽ വിമാനങ്ങൾ നാളെയെത്തും

“Manju”

ന്യൂഡൽഹി • ഫ്രാൻസിൽ നിന്നുള്ള 5 റഫാൽ യുദ്ധവിമാനങ്ങൾ ഇന്ത്യയിലേക്കു പുറപ്പെട്ടു. 7000 കിലോമീറ്റർ താണ്ടി അബുദാബി വഴി ഹരിയാനയിലെ അംബാല വ്യോമത്താവളത്തിൽ നാളെയെത്തുന്ന വിമാനങ്ങൾക്കു വ്യോമസേന വൻ വരവേൽപ് നൽകും. തെക്കൻ ഫ്രാൻസിലെ മെറിനിയാക് വ്യോമത്താവളത്തിൽ നിന്നാണു വിമാനങ്ങൾ ഇന്നലെ ഉച്ചയ്ക്കു പുറപ്പെട്ടത്.

9.3 ടൺ ആയുധങ്ങൾ വഹിക്കാവുന്ന റഫാലിൽ മീറ്റിയോർ ബിയോണ്ട് വിഷ്വൽ റേഞ്ച് എയർ ടു എയർ മിസൈലും സ്കാൽപ് എയർ ടു ഗ്രൗണ്ട് ക്രൂസ് മിസൈലും സജ്ജമാക്കും. ആകാശത്തും കരയിലുമുള്ള ലക്ഷ്യങ്ങളെ തകർക്കാൻ കെൽപുള്ള മിസൈലുകളാണിവ. 59,000 കോടി രൂപയ്ക്ക് ആകെ 36 വിമാനങ്ങളാണു ഫ്രാൻസിൽ നിന്ന് വാങ്ങുന്നത്. അടുത്ത വർഷം അവസാനത്തോടെ 36 എണ്ണവും ലഭിക്കുമെന്നു ഫ്രാൻസിലെ ഇന്ത്യൻ എംബസി അറിയിച്ചു.

വിമാനം പറപ്പിക്കുന്ന ഇന്ത്യൻ വ്യോമസേനാ പൈലറ്റുമാരെ ഫ്രാൻസിലെ ഇന്ത്യയുടെ അംബാസഡർ ജാവേദ് അഷ്റഫ് വ്യോമത്താവളത്തിൽ സന്ദർശിച്ചു. പൈലറ്റുമാരിലൊരാൾ മലയാളിയാണ്.

അബുദാബിയിലെ അൽദഫ്ര വ്യോമത്താവളത്തിൽ ഇന്നു രാത്രി തങ്ങുന്ന വിമാനങ്ങൾ നാളെ അംബാലയിലേക്കു പറക്കും.ഒറ്റ സീറ്റുള്ള 3 വിമാനങ്ങളും ഇരട്ട സീറ്റുള്ള 2 വിമാനങ്ങളുമാണ് എത്തുക.

വിമാനങ്ങൾക്ക് ആകാശത്തു വച്ച് ഇന്ധനം നിറയ്ക്കാൻ അബുദാബി വരെ ഫ്രഞ്ച് വ്യോമസേനാ ടാങ്കർ വിമാനങ്ങൾ ഒപ്പം പറക്കും. അബുദാബിയിൽ നിന്ന് അംബാലയിലേക്കുള്ള യാത്രയിൽ ഇന്ത്യയുടെ വ്യോമസേനാ ടാങ്കർ വിമാനങ്ങൾ അനുഗമിക്കും.

വ്യോമസേനയുടെ 17–ാം നമ്പർ സ്ക്വാഡ്രൻ (ഗോൾഡൻ ആരോസ്) ആണു റഫാലിനായി അംബാലയിൽ സജ്ജമാക്കുക. മിസൈലുകൾ അടക്കം ഘടിപ്പിച്ച റഫാലുകളുടെ സ്ക്വാഡ്രൻ ഓഗസ്റ്റ് രണ്ടാം പകുതിയോടെ പ്രവർത്തനക്ഷമമാകും. സംഘർഷം നിലനിൽക്കുന്ന ഇന്ത്യ – ചൈന അതിർത്തിയിലായിരിക്കും ആദ്യ ദൗത്യം. സേനയുടെ 12 പൈലറ്റുമാർ ഫ്രാൻസിൽ പരിശീലനം പൂർത്തിയാക്കി.

Related Articles

Back to top button