Latest

സന്ന്യാസ സംഘത്തിന് ആരോഗ്യപാഠം പകർന്ന് ഡോ.സ്‌‌മിത കിരൺ

“Manju”

ശാന്തിഗിരി : സന്ന്യാസദീക്ഷാ വാർഷികത്തോടനുബന്ധിച്ച് പ്രാർത്ഥനാസങ്കൽപ്പങ്ങളുടെ മൂന്നാം ദിനമായ ഇന്ന്( 28/09/2022 ബുധനാഴ്ച) ഗുരുവിന്റെ ഉദ്യാനത്തിൽ രാത്രി 8 ന് നടന്ന ബോധവത്കരണ ക്ലാസ് ശ്രദ്ധേയമായി. ശ്രീഗോകുലം മെഡിക്കൽ കോളേജിലെ അസോസിയേറ്റ് പ്രൊഫസറായ ഡോ. സ്‌‌മിത കിരൺ ആണ് സന്ന്യാസ സംഘത്തിന് ആരോഗ്യപാഠങ്ങൾ പകർന്നു നൽകിയത് . ജീവിതശൈലി രോഗങ്ങളെക്കുറിച്ചും അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചും ഡോക്ടർ വിശദമായി ക്ലാസെടുത്തു. പ്രമേഹവും രക്തസമ്മർദ്ധവും അമിതവണ്ണവുമൊക്കെയാണ് ജീവിതശൈലിരോഗങ്ങളുടെ പട്ടികയിലുള്ള പ്രധാന രോഗാവസ്ഥകൾ. ആഹാര രീതികളും വ്യായാമം ഇല്ലായ്മയും അന്തരീക്ഷ മലിനീകരണവും മാനസിക സമ്മർദ്ധവുമൊക്കെയാണ് പ്രധാനമായും ജീവിതശൈലിരോഗങ്ങളെ ക്ഷണിച്ചു വരുത്തുന്നത്. ലോകത്തെ പ്രമേഹരോഗികളൂടെ എണ്ണത്തിൽ നമ്മുടെ രാജ്യം രണ്ടാമതാണ്. കേരളമാണ് പ്രമേഹ തലസ്ഥാനം. പ്രമേഹം രകതസമ്മർദ്ധത്തിലേക്കും കൊളസ്ട്രോൾ വർദ്ധിക്കുന്നതിനും ഹൃദയസംബന്ധമായ രോഗങ്ങളിലേക്കും വഴി തെളിക്കും. പ്രമേഹത്തെ നിസ്സാരമായി കാണരുതെന്ന് ഡോക്ടർ ഓർമ്മിപ്പിച്ചു. പാരമ്പര്യമായുള്ള പ്രമേഹരോഗം വരാൻ സാദ്ധ്യതയുണ്ടെന്നു കണ്ടാൽ പ്രീ-ഡയബറ്റിക് പീരിയഡ് മനസിലാക്കി മുൻകരുതലുകൾ സ്വീകരിക്കണം. പ്രമേഹ രോഗികൾ കൈകാലുകൾ പ്രത്യേകം ശ്രദ്ധിക്കണമെന്നും ആഴ്ചയിൽ ഒരു ദിവസമെങ്കിലും കാലിൽ എന്തെങ്കിലും വ്രണങ്ങളൂണ്ടോ എന്ന് പരിശോധിക്കണമെന്നും ഡോക്ടർ നിർദേശിച്ചു.

നമ്മുടെ നാട്ടിൽ കാണുന്ന രണ്ടാമത്തെ പ്രശ്നം അമിതവണ്ണമാണ്. രണ്ട തരം വണ്ണമുണ്ട്. അതിൽ ആപ്പിൾ ഷെയ്പ്പ് ഒബേസിറ്റി അഥവാ വയറിന്റെയും ഇടുപ്പിന് മുകൾഭാഗത്തേക്കുമുള്ള വണ്ണക്കൂടുതലാണ് ഏഷ്യൻ രാജ്യങ്ങളിൽ പ്രധാനമായും കാണുന്നത്. ഇതുമൂലം ഫാറ്റി ലിവർ ഉണ്ടാകാനും ലിവർ സിറോസിസ് പോലുള്ള രോഗങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ട്. പണ്ട് മദ്യപാനികളിൽ മാത്രം കണ്ടു വന്നിരുന്ന ലിവർ സിറോസിസ് ഇന്ന് നോൺ – ആൾക്കഹോളിക്കായവർക്കും ഉണ്ടാകുന്നു. അമിതവണ്ണം ഹൈപ്പോതൈറോയിഡിനും കാരണമായേക്കാം. വണ്ണം കുറയ്ക്കുക എന്നതാണ് പ്രധാനം. നമ്മുടെ പൊക്കം എത്രയാണോ അതിൽ നിന്നും നൂറ് കുറച്ചാൽ കിട്ടൂന്നതാണ് നമ്മുടെ ശരീരത്തിന് ഉണ്ടാകേണ്ട ഭാരം. അമിതഭാരം എന്തിന് ചുമന്ന് നടക്കണമെന്ന് ഡോക്ടർ ചോദിച്ചു. അമിതവണ്ണം മൂലം കൊളസ്ട്രോൾ, മുട്ടുതേയ്മാനം, കരളിന്റെ ക്ഷമതക്കുറവ്, കിതപ്പ് തുടങ്ങി വിവിധ രോഗാവസ്ഥകളുണ്ടാകാം. സ്ത്രീകളിലും കുട്ടികളിലും ഫാറ്റി ലിവർ – 1, 2, 3 എന്നിങ്ങനെ വിവിധ ടൈപ്പുകളിൽ കാണുന്നു.

സ്വയം ചികിത്സകൾക്ക് പോകാതെ കൃത്യമായ ഇടവേളകളിൽ ഡോക്ടർമാരുടെ ഉപദേശം തേടണമെന്നും രോഗനിർണ്ണയ പരിശോധനകൾ നടത്തണമെന്നും ഡോക്ടർ ഉപദേശിച്ചു. രക്തസമ്മർദ്ധമുള്ളവർ കണ്ണുകളൂടേയും ഹൃദയപേശികളുടേയും പരിശോധന നടത്തണം. പ്രമേഹവും രക്തസമ്മർദ്ധവും മാത്രമല്ല ആമാശയത്തിലെ ക്യാൻസർ പോലുള്ള രോഗങ്ങളും ഇപ്പോൾ വർദ്ധിച്ചു വരികയാണ്. ഇതിനെല്ലാം കാരണം ഭക്ഷണരീതിയും വ്യായാമക്കുറവും തന്നെയാണ്. ആഹാരരീതിയിൽ ശ്രദ്ധിക്കുകയും ദിവസം 20 മുതൽ 25 മിനിട്ട് വരെ വ്യായാമവും ചെയ്യുകയും ചെയ്താൽ ഒരു പരിധിവരെ നമുക്ക് ജീവിതശൈലിരോഗങ്ങളെ തടയാം. വ്യായാമം ചെയ്യുമ്പോൾ നിരപ്പായ സ്ഥലത്ത് ചെയ്യണം. വ്യായാമത്തിലൂടെ വണ്ണം കുറയ്ക്കാനും രക്തസമ്മർദ്ധം കൂറയ്ക്കാനുമൊക്കെ സാധിക്കും. മാനസിക സമ്മർദ്ധം പരമാവധി കുറയ്ക്കുക എന്നതാണ് നല്ല ആരോഗ്യം ലഭിക്കാനുള്ള കുറുക്കുവഴിയെന്ന് ഡോക്ടർ പറഞ്ഞു.

ഇപ്പോൾ സമൂഹം നേരിടുന്ന പ്രധാന പ്രശ്നം പോസ്റ്റ് കോവിഡ് രോഗങ്ങളാണ്. മുൻപ് കോവിഡ് വന്നവർക്ക് ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ തലവേദനയും ക്ഷീണവും കിതപ്പും വിഷാദരോഗവും ശ്രദ്ധക്കുറവും ഉറക്കമില്ലായ്മയും മാത്രമായിരുന്നെങ്കിൽ ഇന്നത് മാറിയിരിക്കുന്നു. ഇപ്പോൾ ആശുപത്രികളിൽ വരുന്ന അത്തരം രോഗികളിൽ രോഗലക്ഷണം തുടങ്ങുന്നത് പനിയായും പിന്നീട് അതു ശ്വാസം മുട്ടലായും രക്തത്തിലെ അണുബാധയായും മാറുകയാണ്. കോവിഡ് വന്നവർ ചെറിയരോഗലക്ഷണങ്ങളെ പ്പോലും അവഗണിക്കരുതെന്നും കൃത്യമായി മാസ്ക് ഉപയോഗിക്കണമെന്നും ഡോക്ടർ പറഞ്ഞു. ദിനംപ്രതി ഓരോ ആശുപത്രികളിലുമെത്തുന്ന കോവിഡ് രോഗികളൂടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. മാസ്കും സാനിറ്റൈസറും നിത്യജീവിതത്തിൽ നിന്നും ഒഴിവാക്കാവുന്ന സാഹചര്യമല്ല ഇപ്പോഴുള്ളതെന്നും ഡോക്ടർ ഓർമ്മിപ്പിച്ചു. ഗുരുധർമ്മപ്രകാശസഭ അംഗങ്ങളുടെ സംശയങ്ങൾക്ക് ഡോക്ടർ മറുപടി നൽകി. ആശ്രമത്തിലുള്ളവരിൽ ഭൂരിഭാഗം പേരും സസ്യാഹാരം കഴിക്കുന്നവരായതിനാൽ വിറ്റാമിൻ B12 ന്റെ കുറവ് ഉണ്ടാകുമെന്നും അതു പരിഹരിക്കാൻ ഡോക്ടറുടെ നിർദേശപ്രകാരം വിറ്റാമിൻ സപ്ലിമെന്റുകൾ സേവിക്കുന്നത് ഉചിതമാകുമെന്നും ഡോക്ടർ പറഞ്ഞു.

നാളെ രാവിലെ 6 മണിയുടെ ആരാധനയോടെ സന്ന്യാസദീക്ഷാവാർഷികത്തിന്റെ നാലാം ദിവസത്തെ പ്രാർത്ഥനാചടങ്ങുകൾക്ക് തുടക്കമാകും. 7.30 മണിക്ക് പുഷ്പസമർപ്പണം നടക്കും. രാവിലെ 10 ന് സ്പിരിച്വൽ സോൺ കോൺഫറൻസ് ഹാളിൽ നടക്കുന്ന യോഗത്തിൽ മലങ്കര കാത്തോലിക്ക പത്തനംതിട്ട രൂപത അദ്ധ്യക്ഷൻ ബിഷപ്പ് ഡോ.സാമുവൽ മാർ ഐറേനിയോസ് സന്യാസജീവിതത്തെക്കുറിച്ച് ക്ലാസെടുക്കും . 11 ന്ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഇൻ-ചാർജ് ഡോ.പി. ഹരിഹരൻ ആരോഗ്യസംരക്ഷണം എന്ന വിഷയത്തിൽ സംസാരിക്കും. ഉച്ചയ്ക്ക് 12 ന് ആയൂർ മാർത്തോമ്മാ കോളേജ് ഓഫ് സയൻസ് & ടെക്നോളജിയിലെ അദ്ധ്യാപകരുമായി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി സംവദിക്കും . രാത്രി 8 ന് നടക്കുന്ന സത്സംഗത്തിൽ ആശ്രമം ജോയിന്റ് സെക്രട്ടറി സ്വാമി നവനന്മ ജ്ഞാന തപസ്വി ‘ശാന്തിഗിരിയിലെ സന്യാസം’ എന്നവിഷയത്തെ അധികരിച്ച് സംസാരിക്കും.

Related Articles

Back to top button