IndiaLatest

അസമില്‍ അഞ്ചില്‍ അഞ്ചും നേടി എന്‍ഡിഎ

“Manju”

ദില്ലി; അസമില്‍ ഉപതിരഞ്ഞെടുപ്പില്‍ വലിയ മുന്നേറ്റം കാഴ്ച വെച്ച്‌ എന്‍ഡിഎ. അഞ്ച് നിയമഭ സീറ്റുകളിലേക്കായിരുന്നു തിരഞ്ഞെടുപ്പ് നടന്നത്. ഇതില്‍ മൂന്ന് സീറ്റില്‍ ബിജെപിയും രണ്ട് സീറ്റില്‍ സഖ്യകക്ഷിയുമാണ് ജയിച്ചത്.
അസമില്‍ കോണ്‍ഗ്രസിന്റെ ശക്തി കേന്ദ്രങ്ങളായിരുന്ന തൗറയിലും മറിയാനയും ബിജെപി പിടിച്ചെടുത്തു.തൗറയില്‍ ബി ജെ പിയുടെ സുശന്ത ബോര്‍ഗോഹൈനാണ് വിജയിച്ചത്. 30,561 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയം. നേരത്തേ കോണ്‍ഗ്രസില്‍ നിന്നും ബി ജെ പിയിലേക്ക് ചേക്കേറിയ നേതാവാണ് സുശന്ത. കോണ്‍ഗ്രസില്‍ രണ്ട് തവണ എംഎല്‍എയായിരുന്നു. അതേസമയം കോണ്‍ഗ്രസ് വിട്ടെത്തിയ മറ്റൊരു സ്ഥാനാര്‍ത്ഥിയായ രുപ്ജ്യോതി കുര്‍മിയാണ് മറിയാനി മണ്ഡലത്തില്‍ വിജയിച്ചത്. 40,104 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ ലൂഹിത് കോന്‍വാറിനെ കുര്‍മി പരാജയപ്പെടുത്തിയത്. തേയില ഗോത്ര വിഭാഗത്തില്‍ നിന്നുള്ള പ്രമുഖ നേതാവായ കുര്‍മി 2006 മുതല്‍ മരിയാനയിലെ കോണ്‍ഗ്രസ് എംഎല്‍എയായിരുന്നു.
ഭബാനിപൂര്‍ മണ്ഡലത്തിലും ബി ജെ പി സ്ഥാനാര്‍ത്ഥിക്കാണ് വിജയം. ബി ജെ പി ടിക്കറ്റില്‍ മത്സരിച്ച ഫണിധര്‍ താലൂക്ദാര്‍ 25,641 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് മണ്ഡലം നിലനിര്‍ത്തിയത്. നേരത്തേ എഐയുഡിഎഫ് ടിക്കറ്റില്‍ ഇവിടെ മത്സരിച്ച്‌ വിജയിച്ച ഫണിധര്‍ ബിജെപിയിലേക്ക് മറുകണ്ടം ചാടിയതോടെയായിരുന്നു ഇവിടെ തിരഞ്ഞെടുപ്പ് നടന്നത്.
ബി ജെ പിയുടെ സഖ്യകക്ഷിയായ യു പി പി എല്‍ സ്ഥാനാര്‍ഥി ജിറോണ്‍ ബസുമാറ്ററിയാണ് ഗോസൈഗോണ്‍ സീറ്റില്‍ വിജയിച്ചത്.തമുള്‍പൂരിലും യു പി പി എലിനാണ് വിജയം. ഇവിടെ ജോളന്‍ ഡൗമറിയാണ് വിജയിച്ചത്. 50,000 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയം. സിറ്റിംഗ് എം എല്‍ എമാരുടെ മരണത്തെത്തുടര്‍ന്നാണ് ഗോസൈഗാവിലേക്കും താമുല്‍പൂരിലേക്കും ഉപതിരഞ്ഞെടുപ്പ് നടന്നത്. അതേസമയം ഭപാനിപൂര്‍, മരിയാനി, തൗറ എന്നീ സീറ്റുകളില്‍ എംഎല്‍എമാര്‍ ബി ജെ പിയിലേക്ക് ചേരുന്നതിനായി രാജിവെച്ചതോടെയാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.
മൂന്ന് അംഗങ്ങളുടെ വിജയത്തോടെ 126 അംഗ നിയമസഭയില്‍ ബി ജെ പിയുടെ അംഗബലം 62 ആയി. യുപിഎല്ലിന്റെ അംദ ബലം 7 ഉം. എന്‍ഡിഎ സഖ്യകക്ഷിയായ എ ജെ പിക്ക് 9 എംഎല്‍എമാരാണ് ഉള്ളത്. അതേസമയം മറുവശത്ത് കോണ്‍ഗ്രസ് അംഗബലം 27 ആണ്. എ ഐ യു ഡി എഫിന് 15 അംഗങ്ങളുണ്ട്. ബി പി എഫിന് 3 നും സിപിഎമ്മിന് ഒരു അംഗവുമാണ് ഉള്ളത്. ഒരു സ്വതന്ത്ര എംഎല്‍എയുമുണ്ട്.
അതേസമയം തിരഞ്ഞെടുപ്പ് വിജയത്തില്‍ പ്രതികരിച്ച്‌ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ രംഗത്തെത്തി. അസാമില്‍, ബിജെപിയും സഖ്യകക്ഷികളും ഉപതിരഞ്ഞെടുപ്പില്‍ കൂറ്റന്‍ വിജയം രേഖപ്പെടുത്താന്‍ ഒരുങ്ങുകയാണ്. മോദിയിലുള്ള ജനവിശ്വാത്തിന്റെ അംഗീകാരമാണിത്, ഹിമന്ത ട്വീറ്റ് ചെയ്തു.
അതേസമയം മറ്റൊരു വടക്ക്-കിഴക്കന്‍ സംസ്ഥാനമായ മേഘാലയയില്‍ ആകെയുള്ള ഒരു സീറ്റില്‍ എന്‍ഡിഎ സഖ്യകക്ഷിയായ എന്‍ പി പിയാണ് മുന്നേറുന്നത്. ഏറ്റവും ഒടുവിലെ റിപ്പോര്‍ട്ട് അനുസരിച്ച്‌ ഉപതിരഞ്ഞെടുപ്പ് നടന്ന രാജബാല മണ്ഡലത്തില്‍ എന്‍പിപിയുടെ അബ്ദുസ് സാലേഹ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മൊണ്ടല്‍ യാസ്മിനേക്കാള്‍ 1926 വോട്ടുകള്‍ക്കാണ് ഇവിടെ ലീഡ് ചെയ്യുന്നത്. മറ്റൊരു മണ്ഡലമായ മൗറിങ്നെങ്കില്‍ എന്‍പിപിയുടെ പിനിയാഡ് സിംഗ് സിയെം 1,816 വോട്ടുകള്‍ക്ക് മുന്നിലാണ്.എന്‍പിപിയുടെ സഖ്യകക്ഷിയായ യുഡിപിയാണ് മുന്നാമത്തെ സീറ്റില്‍ മുന്നേറുന്നത്.

Related Articles

Back to top button