IndiaLatestSports

ഗാംഗുലി ഒഴിയുന്നു; റോജര്‍ ബിന്നി എത്തുമെന്ന് റിപ്പോര്‍ട്ട്

“Manju”

 

മുംബൈ: ബിസിസിഐ പ്രസിഡന്റ് സ്ഥാനത്തുനിന്ന് സൗരവ് ഗാംഗുലി ഒഴിയുന്നു എന്ന് റിപ്പോര്‍ട്ട്. പകരം ഇന്ത്യയുടെ മുന്‍ താരം റോജര്‍ ബിന്നി പ്രസിഡന്റ് സ്ഥാനത്തെത്തുമെന്നാണ് റിപ്പോര്‍ട്ട്. ഗാംഗുലി രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ ചെയര്‍മാന്‍ ആവുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ജയ് ഷാ ബിസിസിഐ ജനറല്‍ സെക്രട്ടറിയായി തുടരും. ഈ മാസം 18നു നടക്കുന്ന വാര്‍ഷിക സമ്മേളനത്തില്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കും.

നിലവില്‍ കര്‍ണാടക സംസ്ഥാന ക്രിക്കറ്റ് അസോസിയേഷന്‍ അധ്യക്ഷനായ റോജര്‍ ബിന്നി ഇന്ത്യയുടെ മുന്‍ ഓള്‍റൗണ്ടര്‍ സ്റ്റുവര്‍ട്ട് ബിന്നിയുടെ പിതാവാണ്. ബിസിസിഐ സെലക്ഷന്‍ കമ്മറ്റി അംഗമായും റോജര്‍ ബിന്നി പ്രവര്‍ത്തിച്ചിട്ടുണ്ട്.

അതേസമയം, ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള രണ്ടാം ഏകദിനം ഇന്ന്. റാഞ്ചി ജെഎസ് സിഎ ഇന്റര്‍നാഷണല്‍ സ്റ്റേഡിയം കോംപ്ലക്സില്‍ ഉച്ചയ്ക്ക് 1.30നാണ് മത്സരം ആരംഭിക്കുക. പരുക്കേറ്റ് പുറത്തായ ദീപക് ചഹാറിനു പകരം വാഷിംഗ്ടണ്‍ സുന്ദറെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആദ്യ മത്സരത്തില്‍ 8 റണ്‍സിനു തോറ്റ ഇന്ത്യക്ക് ഇന്ന് ജയം അനിവാര്യമാണ്.

ലക്നൗവില്‍ നടന്ന ആദ്യ മത്സരത്തില്‍ ടോപ്പ് ഓര്‍ഡറിന്റെ മെല്ലെപ്പോക്കാണ് ഇന്ത്യയെ ചതിച്ചത്. ബൗളിംഗ് പിച്ചില്‍ ദക്ഷിണാഫ്രിക്കന്‍ പേസ് ത്രയം പ്രതീക്ഷിച്ചതുപോലെ തകര്‍ത്തെറിഞ്ഞെങ്കിലും ധവാനും ഗില്ലും അലക്ഷ്യമായി ഷോട്ട് കളിച്ച്‌ പുറത്തായതും ഋതുരാജും കിഷനും അനാവശ്യമായി പ്രതിരോധത്തിലേക്ക് വലിഞ്ഞതും ഇന്ത്യക്ക് വലിയ തിരിച്ചടിയായി. അര്‍ധസെഞ്ചുറികളുമായി ശ്രേയാസ് അയ്യരും സഞ്ജു സാംസണും നടത്തിയ രക്ഷാപ്രവര്‍ത്തനം മതിയാവുമായിരുന്നില്ല. 39ആം ഓവറില്‍ സഞ്ജുവിന് സ്ട്രൈക്ക് കിട്ടാത്തതും ഇന്ത്യയുടെ പരാജയത്തിലേക്ക് വഴിതെളിച്ചു.

ആദ്യ കളിയെന്ന പരിഗണന നല്‍കി ഋതുരാജ് ടീമില്‍ തുടര്‍ന്നേക്കും. ഗില്ലും തുടരും. കിഷനു പകരം പാടിദാറോ ത്രിപാഠിയോ കളിക്കാനിടയുണ്ട്. ബിഷ്ണോയ് നിരാശപ്പെടുത്തിയെങ്കിലും ആദ്യ കളിയെന്ന പരിഗണന നല്‍കി ഇന്ന് കൂടി അവസരം നല്‍കിയേക്കും. ബാറ്റിംഗ് കൂടുതല്‍ കരുത്തുറ്റതാക്കാന്‍ തീരുമാനിച്ചാല്‍ ബിഷ്ണോയ്ക്ക് പകരം സുന്ദര്‍ ടീമിലെത്തും.

പ്രത്യേകിച്ച്‌ പ്രശ്നങ്ങളൊന്നുമില്ലാത്ത ദക്ഷിണാഫ്രിക്കയ്ക്ക് ക്യാപ്റ്റന്‍ ടെംബ ബാവുമയുടെ ഫോമാണ് ഏറ്റവും വലിയ പ്രശ്നം. കഴിഞ്ഞ മത്സരത്തില്‍ നിരാശപ്പെടുത്തിയ തബ്രൈസ് ഷംസിക്ക് പകരം മാര്‍ക്കോ യാന്‍സന്‍ കളിച്ചേക്കും.

Related Articles

Back to top button