KeralaLatest

കടംവാങ്ങിയ ക്ലിക്കിന്‌ 
പുരസ്‌കാരത്തിളക്കം

“Manju”

മഞ്ചേരി : കടംവാങ്ങിയ ക്യാമറയില്‍ പകര്‍ത്തിയ ചിത്രത്തിന്‌ സംസ്ഥാന വന്യജീവി ഫോട്ടോഗ്രഫി പുരസ്‌കാരം കിട്ടിയ ആഹ്ലാദത്തിലാണ്‌ ശബരി ജാനകി. ആ ചിത്രം പതിഞ്ഞത്‌ ഇങ്ങനെ : മൂന്നാറില്‍ വനംവകുപ്പിന്റെ നാല് ദിവസത്തെ സര്‍വേക്കിടെയിലാണ്‌ പുരസ്‌കാരത്തിന്‌ അര്‍ഹമായ ഫോട്ടോ എടുത്തതെന്ന്‌ ശബരി പറഞ്ഞു. ”ബേസ്‌ ക്യാമ്പില്‍നിന്ന്‌ സര്‍വേപ്രദേശത്തേക്കു നടക്കുമ്പോള്‍ മഞ്ഞുപുതഞ്ഞ പുല്‍മേട്ടില്‍ തെന്നിവീണു. പൊന്നുപോലെ കരുതിയിരുന്ന ക്യാമറ പൊട്ടി.
നാലാംദിവസം സര്‍വേക്കിടയിലാണ് എതിര്‍വശത്തുള്ള കുന്നിലൂടെ ഒരുപറ്റം കാട്ടുപോത്തുകള്‍ വരിവരിയായി നടക്കുന്നത്‌ കണ്ടത്‌. കൂടെയുണ്ടായിരുന്ന ഗുരുവായൂര്‍ സ്വദേശി ശ്രീനിവാസന്റെ ക്യാമറ തല്‍ക്കാലം കടംവാങ്ങി മെമ്മറി കാര്‍ഡ് മാറ്റി മൂന്നോ നാലോ ക്ലിക്ക്‌. പടം എടുത്തപ്പോള്‍തന്നെ അതിന്റെ മികവില്‍ ആത്മവിശ്വാസമുണ്ടായിരുന്നു”– ശബരി പറഞ്ഞു.
ലണ്ടന്‍ ആസ്ഥാനമായ നാച്വറല്‍ ഹിസ്റ്ററിക് മ്യൂസിയം സംഘടിപ്പിക്കുന്ന വേള്‍ഡ് വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍ ഓഫ് ഇയര്‍ മത്സരത്തിന്റെ കഴിഞ്ഞവര്‍ഷത്തെ ഫൈനലിസ്റ്റാണ് ശബരി. സാങ്ച്വറി ഏഷ്യ അവാര്‍ഡടക്കം ഒട്ടേറെ പുരസ്കാരങ്ങള്‍ ഇതിനകം കരസ്ഥമാക്കി. മൃഗസംരക്ഷണ വകുപ്പില്‍ ഉദ്യോഗസ്ഥനാണ്. ആരോഗ്യവകുപ്പ്‌ ജീവനക്കാരി സബിനയാണ്‌ ഭാര്യ. മക്കള്‍: നമിക, നന്ദ.

Related Articles

Back to top button