KeralaLatest

‘ബിഗ് ബി’ക്ക് ഇന്ന് 80-ാം പിറന്നാള്‍

“Manju”

ബോളിവുഡിന്റെ താര രാജാവിന് ഇന്ന് എണ്‍പതാം പിറന്നാള്‍. അരനൂറ്റാണ്ടിലേറെയായി ഇന്ത്യന്‍ സിനിമ അടക്കിവാഴുകയാണ് ആരാധകരുടെ ‘ ബിഗ് ബി ‘ അമിതാഭ് ബച്ചന്‍.
1969-ല്‍ ഖ്വാജാ അഹ്മദ് അബ്ബാസ് സംവിധാനം ചെയ്ത ‘സാത്ത് ഹിന്ദുസ്ഥാനി’ എന്ന ചിത്രത്തിലൂടെയാണ് ബിഗ് ബി സിനിമാരംഗത്തെത്തിയത്. ചിത്രത്തിലെ അഭിനയം മികച്ച പുതുമുഖത്തിനുള്ള ദേശിയ പുരസ്‌കാരം ബച്ചനു നേടിക്കൊടുത്തു. എന്നാല്‍ ബോളിവുഡ് സിനിമാ ലോകത്ത് ശ്രദ്ധേയനായത് ‘രേഷ്മ ഓര്‍ ഷേറ’ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെയാണ് . 1997-ല്‍ അമിതാബ് ബച്ചന്‍ കലാപ്രവര്‍ത്തനങ്ങള്‍ക്കായി എ ബി സി എല്‍ എന്ന കമ്ബനി ആരംഭിച്ചെങ്കിലും അത് വന്‍ സാമ്പത്തികബാദ്ധ്യതയാണുണ്ടാക്കിയത്. എന്നാല്‍ പരാജയത്തില്‍ തളരാതെ വീണ്ടും അദ്ദേഹം നടത്തിയത് വലിയ ഒരു തിരിച്ച്‌ വരവ് ആയിരുന്നു.
ഭാരതീയ ചലച്ചിത്ര രംഗത്തെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തികളിലൊരാളായി ബച്ചനെ ഇന്ന് കണക്കാക്കപ്പെടുന്നു. കലാ രംഗത്തെ സമഗ്ര സംഭാവനകളെ മാനിച്ച്‌ ഇന്ത്യന്‍ സര്‍ക്കാര്‍ 1984 ല്‍ പദ്മശ്രീ, 2001 ല്‍ പത്മഭൂഷണ്‍, 2015 ല്‍ പത്മവിഭൂഷണ്‍ എന്നീ ബഹുമതികള്‍ നല്‍കി അദ്ദേഹത്തെ ആദരിച്ചിരുന്നു. ഇതിന് പുറമെ 2007 ല്‍ ഫ്രഞ്ച് സര്‍ക്കാര്‍
അദ്ദേഹത്തെ ഏറ്റവും ഉയര്‍ന്ന സിവിലിയന്‍ ബഹുമതിയായ നൈറ്റ് ഓഫ് ദി ലെജിയന്‍ ഓഫ് ഓണര്‍ നല്‍കി ആദരിച്ചു.
ഹിന്ദി കവിയായിരുന്ന ഡോ ഹരിവംശ്‌റായ് ബച്ചന്റെ പുത്രനായി 1942 ഒക്ടോബര്‍ 11-ന് ഉത്തര്‍പ്രദേശിലെ അലഹബാദില്‍ ജനിച്ചു. നൈനിത്താള്‍ ഷെയര്‍വുഡ് കോളേജിലും ഡല്‍ഹി യൂണിവേഴ്‌സിറ്റിയുടെ കൈറോറിമാല്‍ കോളേജിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ബച്ചന്‍, പിന്നീട് കൊല്‍ക്കത്തയിലെ കപ്പല്‍ ശാലയില്‍ കുറച്ചുകാലം ജോലി നോക്കി.
നിരവധി താരങ്ങളാണ് ബച്ചന് പിറന്നാള്‍ ആശംസകളുമായി രംഗത്തെത്തിയിരിക്കുന്നത്. മലയാളത്തിന്റെ സ്വന്തം മോഹന്‍ലാലും അദ്ദേഹത്തിന് ആശംസ അറിയിച്ചിട്ടുണ്ട്. എണ്‍പതാം ജന്മദിനം ആഘോഷിക്കുന്ന ഇന്ത്യന്‍ സിനിമയുടെ ബിഗ് ബിക്ക് ഹൃദയം നിറഞ്ഞ പിറന്നാള്‍ ആശംസകള്‍. ഇനിയും ഏറെ വര്‍ഷം ആരോഗ്യത്തോടെ ഞങ്ങളെ അഭിനയത്തിന്റെ പ്രതിഭ കൊണ്ട് ത്രസിപ്പിക്കാന്‍ ജഗദീശ്വരന്‍ അനുഗ്രഹിക്കട്ടെ എന്നായിരുന്നു അദ്ദേഹത്തിന്റെ ആശംസ.

Related Articles

Back to top button