IndiaLatest

അടുത്ത അധ്യയന വര്‍ഷം മുതല്‍ പ്രൈമറി ക്ലാസ്സുകളില്‍ കായികം പാഠ്യപദ്ധതിയുടെ ഭാഗമാക്കും – മന്ത്രി

“Manju”

തിരുവനന്തപുരം: അടുത്ത അധ്യയന വര്‍ഷം മുതല്‍ ഒന്നു മുതല്‍ നാലു വരെ ക്ലാസുകളില്‍ കായികം പാഠ്യപദ്ധതിയുടെ ഭാഗമാകുമെന്ന് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാന്‍ പറഞ്ഞു. അക്കാദമിക തലത്തില്‍ കായികം പ്രത്യേക ഇനമായി ആദ്യമായി ഉള്‍പ്പെടുത്തുകയാണ്. അടുത്ത അധ്യയന വര്‍ഷം മുതല്‍ ഇത് ആരംഭിക്കും. ഇതിനുള്ള നടപടികള്‍ പൂര്‍ത്തിയായെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാന കായിക യുവജന കാര്യാലയത്തിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാന കായിക ദിനവും കേണല്‍ ഗോദവര്‍മ്മ രാജയുടെ ജന്മദിനാഘോഷത്തിന്റേയും ഭാഗമായുള്ള ദീപശിഖാ പ്രയാണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

യൂറോപ്പ് മുഴുവന്‍ സഞ്ചരിച്ച്‌ ലോക കായികയിനങ്ങള്‍ മനസിലാക്കി അവ കേരളത്തില്‍ അവതരിപ്പിച്ച ഭരണാധികാരി ആയിരുന്നു ജിവി രാജയെന്ന് മന്ത്രി അനുസ്മരിച്ചു. ക്രിക്കറ്റ്, ഫുട്ബോള്‍ പോലുള്ള കായികയിനങ്ങള്‍ ഇവിടത്തെ സാധാരണക്കാരന് പ്രാപ്യമാക്കിയത് രാജയാണ്. അദ്ദേഹത്തിന്റെ ദീര്‍ഘവീക്ഷണത്തിന്റെ ഫലമായാണ് സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ രൂപീകരിച്ചത്. കായികം അക്കാദമിക പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയത് എല്ലാവരും കായികക്ഷമത ഉള്ളവരായിരിക്കുക എന്ന രാജയുടെ ആഗ്രഹത്തിന്റെ പൂര്‍ത്തീകരണമാണ്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ 1500 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ കായിക മേഖലയുടെ അടിസ്ഥാനസൗകര്യം വികസനത്തിനായി വിനിയോഗിച്ചതെന്ന് മന്ത്രി അബ്ദുറഹ്മാന്‍ ചൂണ്ടിക്കാട്ടി.

കവടിയാറില്‍ നിന്ന് സെന്‍ട്രല്‍ സ്റ്റേഡിയത്തിലേക്ക് ജി.വി രാജ സ്പോര്‍ട്സ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ നടത്തിയ ദീപശിഖാ പ്രയാണവും കൂട്ടയോട്ടവും അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ഭായി തമ്ബുരാട്ടി ഫ്ലാഗ് ഓഫ് ചെയ്തു വി. കെ പ്രശാന്ത് എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജി.വി രാജ സ്പോര്‍ട്സ് സ്‌കൂളിലെ ഒമ്ബതാം ക്ളാസ് വിദ്യാര്‍ത്ഥിയും റോളര്‍ സ്‌കേറ്റിങ് ചാമ്ബ്യന്‍ഷിപ്പില്‍ ഗിന്നസ് റെക്കോര്‍ഡിന് ഉടമയുമായ സബിനയ്. ബി ദീപശിഖ ഏറ്റുവാങ്ങി. ഒളിമ്ബ്യന്‍ കെ എം ബീന മോള്‍, കേരള സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി അജിത് ദാസ്, കായിക യുവജന കാര്യാലയം ഡയറക്ടര്‍ പ്രേം കൃഷ്ണന്‍. എസ്, അഡീഷണല്‍ ഡയറക്ടര്‍ സീന എഎന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Back to top button