KeralaLatest

അഞ്ചിലൊരാൾക്ക് കോവിഡനന്തരപ്രശ്നങ്ങൾ ;വേണം ആരോഗ്യപരിശോധന

“Manju”

കണ്ണൂർ: കോവിഡ് വന്നവരിൽ അഞ്ചിൽ ഒരാൾ കോവിഡനന്തര പ്രശ്നങ്ങൾ അനുഭവിക്കുന്നതായി നെഞ്ചുരോഗ വിദഗ്ധർ. ലഘുവായ പ്രയാസം മുതൽ ഗൗരവമുള്ള ആരോഗ്യപ്രശ്നങ്ങൾവരെ പലരും നേരിടുന്നു. അതിനാൽ കോവിഡ് വന്ന എല്ലാവരും ആരോഗ്യപരിശോധനയ്ക്ക് വിധേയരാകണം.

കോവിഡ് ബാധിച്ച് ആസ്പത്രിയിൽ കിടക്കേണ്ടിവന്നവരും പ്രമേഹം, അമിത ബി.പി., ആസ്ത്മ തുടങ്ങിയ രോഗങ്ങളുള്ളവരും സ്‌ക്രീനിങ്ങിന് വിധേയരാകാൻ പ്രത്യേകം ശ്രദ്ധിക്കണം. കോവിഡ് ശരീരത്തിൽ ബാക്കിവെച്ച രോഗങ്ങൾ തിരിച്ചറിയാൻ വൈകരുത് -അക്കാദമി ഓഫ് പൾമനറി ആൻഡ് ക്രിട്ടിക്കൽ കെയർ മെഡിസിൻ സംസ്ഥാന പ്രസിഡന്റും ആലപ്പുഴ മെഡിക്കൽ കോളേജ് പ്രൊഫസറുമായ ഡോ. പി.എസ്. ഷാജഹാൻ പറഞ്ഞു. കണ്ണൂരിൽ നെഞ്ചുരോഗ വിദഗ്ധരുടെ ദേശീയസമ്മേളനത്തിന്റെ ഭാഗമായി നടത്തിയ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോവിഡ് ശ്വാസകോശങ്ങളിൽ ഉണ്ടാക്കിയ തകരാറുകൾ സ്ഥായിയായ രൂപമാറ്റത്തിൽ കലാശിക്കാം. ചിലർക്ക് ശ്വാസകോശത്തിൽ നീർക്കെട്ടുണ്ടാകുന്നു. ചിലരിൽ ശ്വാസകോശം ദ്രവിച്ചുപോകുന്നു. കിതപ്പുമുതൽ ഓക്സിജൻ ചികിത്സ ഇല്ലാതെ ജീവൻ നിലനിർത്താൻ പറ്റാത്ത അവസ്ഥവരെ ഉണ്ടാകാം. കോവിഡ് വന്ന പല പ്രമേഹരോഗികൾക്കും രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി വർധിക്കുന്നുണ്ട്. നേരത്തേ പ്രമേഹം ഇല്ലാത്ത ചിലരിലും രക്തത്തിൽ പഞ്ചസാര കൂടി. ഇവരിൽ പഞ്ചസാരയുടെ അളവ് കോവിഡ് മുക്തമായ ശേഷവും നിയന്ത്രണമില്ലാതെ തുടരുന്നു.

രോഗം തിരിച്ചറിഞ്ഞ് ആവശ്യമായ ചികിത്സ തേടേണ്ടത് അത്യാവശ്യമാണ്. ഇതിനായി പോസ്റ്റ് കോവിഡ് ക്ലിനിക്കുകളുടെ സേവനം ഉപയോഗപ്പെടുത്തണം. വിഷയങ്ങളിൽ വിശദവും ശാസ്ത്രീയവുമായ തുടർപഠനങ്ങൾ ആവശ്യമാണ് -അദ്ദേഹം അറിയിച്ചു. ഡോ. ഡി.കെ. മനോജ്, ഡോ. എം. സഞ്ജീവ്‌കുമാർ, ഡോ. ജാഫർ ബഷീർ എന്നിവരും പങ്കെടുത്തു.

Related Articles

Back to top button