LatestThiruvananthapuram

അടുത്ത അധ്യയനവര്‍ഷം മുതല്‍ പുതിയ ലിപിയും ഏകീകൃത രചനാശൈലിയും

“Manju”

തിരുവനന്തപുരം: മത്സരപ്പരീക്ഷകളില്‍ പുതിയ ലിപിയും ഏകീകൃത രചനാശൈലിയും സ്വീകരിക്കുമെന്ന് ചീഫ് സെക്രട്ടറി വി.പി. ജോയ്. ഇതുസംബന്ധിച്ച് പി.എസ്.സി.യുമായി ചര്‍ച്ച നടത്തും. അടുത്ത അധ്യയനവര്‍ഷംമുതല്‍ അച്ചടിക്കുന്ന പാഠപുസ്തകങ്ങള്‍ പരിഷ്‌കരിച്ച ലിപിയിലും രചനാരീതിയിലും ആയിരിക്കും

ഭാഷാ മാര്‍ഗനിര്‍ദേശ വിദഗ്ധസമിതിയുടെ ശുപാര്‍ശപ്രകാരം പരിഷ്‌കരിച്ച ലിപിയും രചനാശൈലിയും സ്വീകരിക്കുന്നതിനെക്കുറിച്ച് പത്രാധിപന്മാരുമായി നടത്തിയ ചര്‍ച്ചയിലാണ് ചീഫ് സെക്രട്ടറി ഇക്കാര്യം അറിയിച്ചത്. പുതിയരീതി മാധ്യമങ്ങളും സ്വീകരിക്കാന്‍ ധാരണയായി.

ഋ, റ്/ര് എന്നിവയുടെ ഉപചിഹ്നങ്ങള്‍ അക്ഷരങ്ങളോട് ചേര്‍ത്തുമാത്രം എഴുതണമെന്നും കൂടുതല്‍ കൂട്ടക്ഷരങ്ങള്‍ ഉപയോഗിക്കണമെന്നുമാണ് .പരിഷ്‌കരിച്ച ലിപിവ്യവസ്ഥയിലെ പ്രധാനമാറ്റം. വാക്കുകള്‍ എഴുതുന്നതിന് ഏകീകൃതരൂപം നിര്‍ദേശിക്കുന്ന ‘മലയാളത്തിന്റെ എഴുത്തുരീതി’ എന്ന ശൈലീപുസ്തകവും പുറത്തിറക്കി. പുസ്തകം www.kerala.gov.in/malayalamfont എന്ന വെബ്സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ രചനാരീതിയില്‍ ആവശ്യമെങ്കില്‍ മാറ്റങ്ങള്‍വരുത്തും. ശബ്ദതാരാവലി പുതിയ ലിപിയിലേക്കും രചാനശൈലിയിലേക്കും മാറ്റി റഫറന്‍സ് സംവിധാനമാക്കും.

അഞ്ച് സൗജന്യ ഫോണ്ടുകള്‍

പുതിയ ലിപി സ്വീകരിച്ച് അച്ചടിക്കാന്‍ അഞ്ച് ഫോണ്ടുകളും പുറത്തിറക്കി. മന്ദാരം, തുമ്പ എന്നീ ഫോണ്ടുകള്‍ സി-ഡിറ്റ് രൂപകല്പന ചെയ്തവയാണ്. മലയാളത്തിന് കംപ്യൂട്ടര്‍ ലിപി രൂപവത്കരിക്കാന്‍ നിസ്തുലസംഭാവനകള്‍ നല്‍കിയ കെ.എച്ച്. ഹുസൈനും സംഘവും രൂപംനല്‍കിയ മീര, രചന ഫോണ്ടുകളില്‍ പുതിയ ലിപിക്കനുസരിച്ച് സര്‍ക്കാര്‍ മാറ്റംവരുത്തി മീര, രഹ്ന എന്നീ ഫോണ്ടുകള്‍ക്ക് രൂപംനല്‍കി. സ്വതന്ത്ര മലയാളം കംപ്യൂട്ടിങ് സന്തോഷ് തോട്ടുങ്കലിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ മഞ്ജരി എന്ന ഫോണ്ടില്‍ മാറ്റംവരുത്തി മഞ്ജുള എന്ന ഫോണ്ടിനും രൂപംനല്‍കി. ഈ ഫോണ്ടുകള്‍ www.kerala.gov.in/malayalamfont -ല്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. പുതിയ ലിപിയനുസരിച്ച് കൂടുതല്‍ ഫോണ്ടുകള്‍ക്ക് രൂപംനല്‍കുമെന്നും ചീഫ് സെക്രട്ടറി അറിയിച്ചു. യോഗത്തില്‍ സര്‍ക്കാരിന്റെ ഔദ്യോഗിക ഭാഷാവിദഗ്ധന്‍ ആര്‍. ശിവകുമാറും പങ്കെടുത്തു.

Related Articles

Back to top button