India

സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ഇന്ത്യ സന്ദർശിക്കും

“Manju”

ന്യൂഡൽഹി: സൗദി കിരീടാവകാശിയും പുതിയ പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ ഇന്ത്യ സന്ദർശിക്കുമെന്ന് റിപ്പോർട്ട്. നവംബർ 14 ന് ഏകദിന സന്ദർശനത്തിനായി അദ്ദേഹം ന്യൂഡൽഹിയിൽ എത്തുമെന്നാണ് വിവരം. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും വിദേശകാര്യമന്ത്രി എസ്. ജയശങ്കറമായും മുഹമ്മദ് ബിൻ സൽമാൻ കൂടിക്കാഴ്ച നടത്തിയേക്കും. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും കൂടിക്കാഴ്ചയിൽ ഉണ്ടായേക്കും.

ജി 20 നേതാക്കളുടെ ഉച്ചകോടിക്കായി ഇന്ത്യൻ നേതൃത്വം ഇന്തോനേഷ്യയിലെ ബാലിയിലേക്ക് പോകുന്നതിന് മുമ്പ് തന്നെ കൂടിക്കാഴ്ച നടന്നേക്കുമെന്നാണ് സൂചന. അതേസമയം സൗദി കിരീടാവകാശിയുടെ സന്ദർശനത്തെക്കുറിച്ച് ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ല.

സൗദി ഊർജ മന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ രാജകുമാരൻ അടുത്തിടെ ഇന്ത്യ സന്ദർശിച്ചിരുന്നു. ഇനി നിയുക്ത പ്രധാനമന്ത്രി എത്തുന്നതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരവും നിക്ഷേപവും പ്രധാന ചർച്ചയാകുമെന്നാണ് കരുതുന്നത്. ഓരോ സാമ്പത്തിക വർഷവും ഇരുരാജ്യങ്ങളും തമ്മിൽ ഏകദേശം 43 ബില്യൺ യുഎസ് ഡോളറിന്റെ ഇടപാടുകൾ നടത്തുന്നുണ്ട്. ഇന്ത്യൻ ചെരുപ്പുകൾക്കും തുണിത്തരങ്ങൾക്കും സൗദിയിൽ വലിയ വിപണിയാണ്. അവിടേക്ക് കയറ്റുമതി വർധിപ്പിക്കാനുള്ള ശ്രമങ്ങൾ ഊർജ്ജിതമാക്കുകയാണ് ഇന്ത്യ.

അതേസമയം ഇന്ത്യയുടെ പെട്രോകെമിക്കൽ മേഖലയിൽ കൂടുതൽ വിപുലീകരണങ്ങൾ നടത്താൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് സൗദി അറേബ്യയും. രൂപ-റിയാൽ വ്യാപാരത്തെക്കുറിച്ചും യുപിഐ, റുപേ കാർഡുകൾ അവതരിപ്പിക്കുന്നതിനെക്കുറിച്ചും ഇന്ത്യ സന്ദർശന വേളയിൽ ചർച്ചകൾ നടന്നേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

Related Articles

Back to top button