KeralaLatest

ഇന്ന് ചെറിയ പെരുന്നാള്‍

“Manju”

ഒരു മാസം നീണ്ടു നിന്ന വ്രതാനുഷ്ടാനത്തിന് ശേഷം ആരവങ്ങളും ആഘോഷങ്ങളുമായി സംസ്ഥാനത്ത് ഇന്ന് വിശ്വാസികള്‍ ചെറിയ പെരുന്നാള്‍ ആചരിക്കും. സ‌്നേഹത്തിന്റെയും ത്യാഗത്തിന്റെയും സ്മരണ പുതുക്കുന്ന ചെറിയ പെരുന്നാളിനെ വരവേൽക്കാൻ ഒരുങ്ങി വിശ്വാസികൾ.

ചിന്തകളും കർമങ്ങളും ധർമബോധത്തിൽ നെയ‌്തെടുത്ത‌് ഹൃദയത്തിലെ മനുഷ്യസഹജമായ തിന്മകളെ തുടച്ചുനീക്കിയാണ‌് വിശ്വാസികൾ റമദാൻ കാലത്തെ ചിട്ടപ്പെടുത്തിയത‌്. തെറ്റുകൾ ഏറ്റുപറഞ്ഞ‌് സ്രഷ്ടാവിൽനിന്ന് കരുണ തേടിയുള്ള പുണ്യകർമങ്ങൾ അധികരിപ്പിക്കുന്നതാണ‌് റമദാനിന്റെ പ്രത്യേകത.

ഇസ്ലാമിക മതവിശ്വാസത്തിന്റെ അടിസ്ഥാന ഗ്രന്ഥം ഖുർ ആൻ പുറത്തിറങ്ങിയ മാസമാണ‌് റമദാൻ. അതേസമയം ചെറിയ പെരുന്നാളിനെ വരവേൽക്കാൻ നാടും നഗരവും ഒരുങ്ങിക്ക‍ഴിഞ്ഞു. മുപ്പത് ദിവസത്തെ വ്രതാമനുഷ്ഠാനത്തിന് പരിസമാപ്തികുറിച്ച് കൊണ്ടാണ് ലോകമെമ്പാടും മുസ്ലീങ്ങള്‍ ഈദ്ഉൽഫിത്തർ ആഘോഷിക്കുന്നത്. ചെറിയ പെരുന്നാള്‍ ആശംസകള്‍ എന്ന് മലയാളികള്‍ പറയുമെങ്കിലും ഈദ് മുബാറക് എന്ന അറബി വാക്കും സാധാരണയായി ഉപയോഗിക്കാറുണ്ട്.

റമദാൻ 29 ന്‌ ചന്ദ്രപ്പിറവി കണ്ടാല്‍ തൊട്ടടുത്ത ദിവസം അറബ് മാസം ശവ്വാൽ 1 ആരംഭിക്കും. അന്നാണ് ചെറിയ പെരുന്നാൾ ആഘോഷിക്കുന്നത്. അഥവാ കണ്ടില്ലെങ്കിൽ തൊട്ടടുത്ത ദിവസം നോമ്പ് എടുക്കണം . ശേഷം പെരുന്നാൾ ആഘോഷിക്കും. റമദാന്‍ മാസത്തില്‍ 28,29 തിയ്യതികളില്‍ ചന്ദ്രനെ എപ്പോൾ കാണും എന്നതിനെ ആശ്രയിച്ചാണ് ചെറിയ പെരുന്നാള്‍ തിയ്യതി ഉറപ്പിക്കുന്നത്. അത് കൊണ്ട് തന്നെ പെരുന്നാള്‍ ആഘോഷിക്കുന്ന തീയതിയും സമയവും എല്ലാ രാജ്യങ്ങളിലും വ്യത്യസ്തമാണ്.

 

Related Articles

Back to top button