KeralaLatest

പട്ടാപ്പകല്‍ വീട്ടുകാര്‍ നോക്കിനില്‍ക്കെ കടുവ പശുവിനെ കൊന്നു

“Manju”

റാന്നി: ചിറ്റാറിലെ കട്ടച്ചിറയില്‍ ഇന്നലെ രാവിലെ പതിനൊന്നോടെയാണ് സംഭവം നടന്നത്. നവാസ മേഖലയില്‍ പട്ടാപ്പകല്‍ ഉണ്ടായ കടുവയുടെ ആക്രമണത്തില്‍ പശു ചത്തു. കട്ടച്ചിറ ഈറനില്‍ക്കുന്നതില്‍ വീട്ടില്‍ അച്യുതന്റെ രണ്ടു പശുക്കളില്‍ ഒന്നിനെയാണ് ഉടമസ്ഥന്‍ നോക്കിനില്‍ക്കെ കടുവ ആക്രമിച്ചു കൊലപ്പെടുത്തിയത്. രാവിലെ അച്യുതനും ഭാര്യ ഉഷയും വീടിനു സമീപമുള്ള തോട്ടില്‍ പശുക്കളെ കുളിപ്പിക്കാന്‍ കൊണ്ടുവന്ന സമയത്താണ് ആക്രമണമുണ്ടായത്.

രാവിലെ പതിനൊന്നോടെ ഒരു പശുവിനെ തോടിന്റെ കരയില്‍ കെട്ടുകയും മറ്റൊന്നിനെ അച്യുതന്‍ തോട്ടില്‍ കുളിപ്പിക്കുകയും ചെയ്യുകയായിരുന്നു. സമീപത്ത് ഭാര്യ ഉഷ തുണി കഴുകുകയും ചെയ്തിരുന്നു. പെട്ടെന്നു പശുവിന്റെ ഉച്ചത്തിലുള്ള കരച്ചില്‍ കേട്ട് നോക്കിയപ്പോള്‍ കരയില്‍ കെട്ടിയിരുന്ന പശുവിനെ കടുവ ആക്രമിച്ചു കീഴ്പ്പെടുത്തുന്ന കാഴ്ചയാണു കണ്ടത്. കടുവയെ കണ്ടു ഭയന്നുപോയ ഇരുവരും റോഡിലേക്ക് കയറി ഒാടി രക്ഷപ്പെടുകയായിരുന്നു. ബഹളം കേട്ടു നാട്ടുകാര്‍ കൂടിയപ്പോഴേക്കും കടുവ പശുവിനെ ഉപേക്ഷിച്ചു കാട്ടിലേക്കു രക്ഷപ്പെട്ടു.

നാട്ടുകാര്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി തെരച്ചില്‍ നടത്തിയെങ്കിലും കടുവയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. കോന്നി എംഎല്‍എ കെ.യു. ജിനീഷ് കുമാര്‍ സ്ഥലത്തെത്തി നടപടി സ്വീകരിക്കുമെന്നു നാട്ടുകാര്‍ക്ക് ഉറപ്പുനല്‍കി. പട്ടാപ്പകല്‍ കടുവ ആക്രമണം ഉണ്ടായതോടെ കട്ടച്ചിറ നിവാസികളുടെ ഉറക്കം നഷ്ടപ്പെട്ടിരിക്കുകയാണ്.

നിരന്തരമായി ആനയുടെയും കരടിയുടെയും പന്നിയുടെയും കടുവയുടെയും ആക്രമണം മൂലം ജീവിതംതന്നെ പ്രതിസന്ധിയിലാണെന്ന് ഇവര്‍ പറയുന്നു. എത്രയും വേഗം കടുവയെ പിടികൂടി ജനങ്ങളുടെ സ്വത്തും ജീവനും സംരക്ഷിക്കണമെന്നു നാട്ടുകാര്‍ ആവശ്യപ്പെട്ടു.

Related Articles

Back to top button