IndiaLatest

ആറ് സംസ്ഥാനങ്ങളില്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പ് ഇന്ന്

“Manju”

ആറ് സംസ്ഥാനങ്ങളിലെ ഏഴ് നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ഇന്ന് നടക്കും. മഹാരാഷ്‌ട്ര, തെലങ്കാന, ബീഹാര്‍, ഹരിയാന, ഒഡീഷ, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. രാവിലെ ഏഴ് മണിക്ക് ആരംഭിച്ച തിരഞ്ഞെടുപ്പ് വൈകിട്ട് ആറ് മണിക്കാണ് അവസാനിക്കുന്നത്. തിരഞ്ഞെടുപ്പിന്റെ ഭാഗമായി കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ബൂത്തുകള്‍ക്ക് സമീപം ഒരുക്കിയിരിക്കുന്നത്. സിറ്റിംഗ് എംഎല്‍എമാരുടെ മരണത്തെ തുടര്‍ന്നാണ് ഇവിടങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് നടത്തുന്നത്.

ശിവസേന എംഎല്‍എ രമേഷ് ലട്കെയുടെ മരണത്തെ തുടര്‍ന്നാണ് മഹാരാഷ്‌ട്രയില്‍ അന്ധേരി ഈസ്റ്റ് അസംബ്ലി മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് നടത്തുന്നത്. 2.70 ലക്ഷം വോട്ടര്‍മാരാണ് ഈ പ്രദേശത്തുള്ളത്. ആറ് സ്ഥാനാര്‍ത്ഥികളില്‍ നാല് പേര്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളാണ്. മണ്ഡലത്തില്‍ ബിജെപി മുര്‍ജി പട്ടേലിനെ സ്ഥാനാര്‍ത്ഥിയാക്കിയിരുന്നെങ്കിലും പിന്നീട് അദ്ദേഹം സ്ഥാനാര്‍ഥിത്വം പിന്‍വലിച്ചിരുന്നു. സേനാ വിഭാഗം ലട്കെയുടെ ഭാര്യ റുതുജ ലട്കെയെയാണ് ഉദ്ധവ് താക്കറെ വിഭാഗം സ്ഥാനാര്‍ത്ഥിയാക്കിയിട്ടുള്ളത്.

ബീഹാറിലെ ഗോപാല്ഗഞ്ച് മണ്ഡലത്തില്‍ ബിജെപി മത്സരിപ്പിക്കുന്നത് അന്തരിച്ച പാര്‍ട്ടി എംഎല്‍എ സുഭാഷ് സിങ്ങിന്റെ ഭാര്യ കുസും ദേവിയെയാണ് . ആര്‍ജെഡി മോഹന്‍ ഗുപ്തയെയും, ബിഎസ്പി ലാലു യാദവിന്റെ ഭാര്യാസഹോദരന്‍ സാധു യാദവിന്റെ ഭാര്യ ഇന്ദിര യാദവിനെയും സ്ഥാനാര്‍ത്ഥിയാക്കി. ബിഹാറിലെ മൊകാമ മണ്ഡലത്തില്‍ ആദ്യമായാണ് ബിജെപി തങ്ങളുടെ സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കുന്നത്. അനന്ത് സിംഗിനെ അയോഗ്യനാക്കിയതിനെ തുടര്‍ന്നാണ് മൊകാമയില്‍ ഉപതിരഞ്ഞെടുപ്പ് നടത്തേണ്ടതായി വന്നത്. അതേസമയം അനന്തിന്റെ ഭാര്യ നീലം ദേവിയെയാണ് ആര്‍ജെഡി സ്ഥാനാര്‍ത്ഥിയാക്കിയിരിക്കുന്നത്.

തെലങ്കാനയിലെ മുനുഗോഡില്‍ ടിആര്‍എസ്, ബിജെപി, കോണ്‍ഗ്രസ് എന്നിവര്‍ തമ്മിലാണ് പോരാട്ടം. ടിആര്‍എസ് മുന്‍ എംഎല്‍എ കുസുകുന്ത്‌ല പ്രഭാകര്‍ റെഡ്ഡിയെയും ബിജെപി രാജ് ഗോപാല്‍ റെഡ്ഡിയെയും കോണ്‍ഗ്രസ് പല്‍വൈ ശ്രവന്തിയെയുമാണ് മത്സരിപ്പിക്കുന്നത്. സിറ്റിംഗ് എംഎല്‍എയായ കോമതിറെഡ്ഡി രാജ് ഗോപാല്‍ റെഡ്ഡി ഓഗസ്റ്റില്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചതിനെ തുടര്‍ന്നാണ് ഇവിടെ തിരഞ്ഞെടുപ്പ് നടത്തേണ്ടതായി വന്നത്. ഉത്തര്‍പ്രദേശിലെ ഗോല ഗോക്രന്നാഥിലെ തിരഞ്ഞെടുപ്പില്‍ ബിജെപിയും സമാജ്വാദി പാര്‍ട്ടിയും തമ്മിലാണ് പ്രധാന ഏറ്റുമുട്ടല്‍. കോണ്‍ഗ്രസിനും ബിഎസ്പിക്കും മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥികളില്ല. ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി അമ്ന ഗിരിയും സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി മുന്‍ എം.എല്‍.എ വിനയ് തിവാരിയുമാണ് മത്സരിക്കുന്നത്.

ബിഷ്ണു ചരണ്‍ സേത്തിയുടെ മരണത്തെ തുടര്‍ന്നാണ് ഒഡീഷയിലെ ധാംനഗറില്‍ തിരഞ്ഞെടുപ്പ് വേണ്ടിവന്നത്. സേത്തിയുടെ മകന്‍ സൂര്യബന്‍ഷി സൂരജിനെയാണ് ബിജെപി മണ്ഡലത്തില്‍ സ്ഥനാര്‍ത്ഥിയാക്കിയിരിക്കുന്നത്. അബന്തി ദാസിനെയാണ് ബിജെഡി മത്സരിപ്പിക്കുന്നത് ഇവിടുത്തെ അഞ്ച് സ്ഥാനാര്‍ത്ഥികളില്‍ ഏക വനിതയാണ് അബന്തി. ഹരിയാനയിലെ ആദംപൂര്‍ നിയമസഭാ മണ്ഡലത്തില്‍ ആകെ 22 സ്ഥാനാര്‍ത്ഥികളാണ് ഉള്ളത്. ബിജെപി, കോണ്‍ഗ്രസ്, ഇന്ത്യന്‍ നാഷണല്‍ ലോക്ദള്‍, ആം ആദ്മി പാര്‍ട്ടി എന്നിവര്‍ തമ്മിലാണ് പ്രധാന മത്സരം. 1968 മുതല്‍ ഈ സീറ്റ് മുന്‍ മുഖ്യമന്ത്രി ഭജന്‍ ലാലിന്റെ കുടുംബത്തിന്റെ കൈവശമാണ്. ഇതിന് മാറ്റം വരുമോ എന്നാണ് പ്രധാനമായും രാഷ്‌ട്രീയ കക്ഷികള്‍ ഉറ്റുനോക്കുന്നത്.

Related Articles

Back to top button