KeralaLatest

തെയ്യപ്രേമികളുടെ വാട്‌സാപ്പ് കൂട്ടായ്മ “കൊടിയേറ്റം” ശ്രദ്ധേയമാകുന്നു

“Manju”

വടകര: കണ്ണും മനസ്സും നിറയ്ക്കുന്ന തെയ്യക്കാലത്തെ വരവേല്‍ക്കുകയാണ് വടക്കന്‍ കേരളം. കാലക്കുതിപ്പിനൊപ്പം തെയ്യക്കാഴ്ചകളും അനുഭവങ്ങളും മാറുകയാണ്. സാമൂഹ്യ മാധ്യമങ്ങളിലൂടെ തെയ്യത്തിന്റെ ദേശസഞ്ചാരം വടക്കിന്റെ സീമകള്‍ക്കപ്പുറം എത്തിയിരിക്കുന്നു.
നവമാധ്യമമായ വാട്‌സാപ്പില്‍ നിരവധി കൂട്ടായ്മകളുണ്ടെങ്കിലും ഏറെ വ്യത്യസ്തമാവുകയാണ് ‘കൊടിയേറ്റം’എന്ന വാട്‌സാപ്പ് തെയ്യ കൂട്ടായ്മ.

വടകരയിലേയും പരിസര പ്രദേശങ്ങളിലെയും നിരവധി തെയ്യക്കാരും തെയ്യപ്രേമികളും അടങ്ങുന്ന ഈ കൂട്ടായ്മ ഒരു പുസ്തക പ്രകാശനത്തിന്റെ ഒരുക്കത്തിലാണ്. ഈ വരുന്ന ഞായറാഴ്ച വടകര എസ്ജിഎംഎസ്ബി സ്‌കൂളിലാണ് പുസ്തകം പ്രകാശനം ചെയ്യപ്പെടുന്നത്.
കോവിഡ് കാലത്ത് ഗ്രൂപ്പില്‍ നടത്തിയ വിവിധ പരിപാടികളാണ് പുസ്തക രൂപത്തില്‍ എത്തുന്നത്. തെയ്യവുമായി ബന്ധപ്പെട്ട നാനൂറോളം ചോദ്യോത്തരങ്ങളും കടത്തനാട്ടിലേയും പരിസരങ്ങളിലേയും തെയ്യക്കാവുകളെ പരിചയപ്പെടുത്തുന്ന ‘കാവറിവ്’, തെയ്യം കുറിപ്പുകള്‍ തുടങ്ങിയവയാണ് പുസ്തത്തിന്റെ ഉള്ളടക്കം.
കോവിഡ് കാലത്ത് ഏറെ പ്രതിസന്ധി നേരിട്ടവരാണ് തെയ്യം കോലധാരികള്‍. അശരണരായ കോലധാരികള്‍ക്ക് സഹായമായ ‘കൈത്താങ്ങ്, തെയ്യക്കാരെ പരിചയപെടുത്തുന്ന ‘ഉരിയാട്ട്’, കടത്തനാട്ടിലെ വീരയോദ്ധാക്കളെ പരിചയപെടുത്തുന്ന, ‘പൊലിക ‘എന്നിങ്ങനെയുള്ള വൈവിധ്യങ്ങള്‍ നിറഞ്ഞ പരിപാടികള്‍ കൊണ്ട് ശ്രദ്ധേയമാണ് ഈ കൂട്ടായ്മ.

വി.എം.സുരേഷ് കുമാർ

Related Articles

Back to top button