IndiaLatest

സഹപാഠികളുടെ കൈപിടിച്ച്‌ രാഷ്‌ട്രപതി ദ്രൗപദി മുര്‍മു

“Manju”

ഭുവനേശ്വര്‍: 1974 മെട്രിക്കുലേഷന്‍ ബാച്ചിലെ സഹപാഠികളുടെ കൈ പിടിച്ച്‌ സുഹൃദം പങ്കുവെച്ച്‌ രാഷ്‌ട്രപതി ദ്രൗപദി മുര്‍മു. ഭുവനേശ്വര്‍ ഗവണ്മെന്റ് ക്യാപിറ്റല്‍ ഗേള്‍സ് ഹൈ സ്കൂളില്‍ ഒപ്പം പഠിച്ച സുഹൃത്തുക്കളെ കാണാന്‍ കഴിഞ്ഞ ദിവസമാണ് ദ്രൗപദി മുര്‍മു എത്തിയത്. ‘ഞങ്ങള്‍ ഇനി നിന്നെ പ്രസിഡന്റ് എന്നാണോ വിളിക്കേണ്ടത്?’ എന്ന സഹപാഠി തന്മയി ബിസോയിയുടെ ചോദ്യത്തിന്, ഒഡിയ ഭാഷയില്‍ പുഞ്ചിരിയോടെ രാഷ്‌ട്രപതി മറുപടി നല്‍കി. ബിസോയിയുടെ കൈ ചേര്‍ത്തു പിടിച്ച ദ്രൗപദി മുര്‍മു പുഞ്ചിരിയോടെ പറഞ്ഞത്, ‘നീ പണ്ട് വിളിച്ച പേരുകള്‍ ഒക്കെ വിളിച്ചോളൂഎന്നായിരുന്നു. മാദ്ധ്യമ പ്രവര്‍ത്തകരുടെ മുന്നില്‍ വികാരാധീനയായ തന്മയി ബിസോയിയോട്, ഇരട്ട സഹോദരിയുടെ വിശേഷങ്ങളും രാഷ്‌ട്രപതി ആരാഞ്ഞു. ദ്രൗപദി മുര്‍മുവിനൊപ്പം ആദിവാസി ഹോസ്റ്റലില്‍ ആയിരുന്നു ബിസോയിയും താമസിച്ച്‌ പഠിച്ചിരുന്നത്.

സ്കൂളില്‍ നിന്നും കുന്തളകുമാരി സബാത് ആദിവാസി ഗേള്‍സ് ഹോസ്റ്റലില്‍ എത്തിയ ദ്രൗപദി മുര്‍മു, ഹോസ്റ്റലിലെ സൗകര്യങ്ങള്‍ വിലയിരുത്തി. 2018ല്‍ അസം ഗവര്‍ണറായി ചുമതല ഏറ്റെടുത്തപ്പോഴും ദ്രൗപദി മുര്‍മു സ്കൂളും ഹോസ്റ്റലും സന്ദര്‍ശിച്ചിരുന്നു. സ്കൂളിന്റെ വജ്ര ജൂബിലി ആഘോഷങ്ങളിലും മുര്‍മു സംബന്ധിച്ചിരുന്നു. ആദ്യകാലത്ത് ഓല മേഞ്ഞ ഷെഡിലായിരുന്നു സ്കൂള്‍ പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍ ഇന്ന് കോണ്‍ക്രീറ്റ് ചെയ്ത് തറയോടുകള്‍ പാകിയ സ്കൂളിന്റെ വികസനത്തില്‍ രാഷ്‌ട്രപതി സംതൃപ്തി രേഖപ്പെടുത്തി.

പട്ടിക ജാതി, പട്ടിക വര്‍ഗ വികസന വകുപ്പിന്റെ മേല്‍നോട്ടത്തിലുള്ള ഭുവനേശ്വര്‍ തപോബന്‍ ഹൈ സ്കൂളിലും രാഷ്‌ട്രപതി ദ്രൗപദി മുര്‍മു സന്ദര്‍ശനം നടത്തി. മണ്‍ചുമരുകളും ഓല മേഞ്ഞ മേല്‍ക്കൂരകളും മാത്രമുണ്ടായിരുന്ന ഗ്രാമീണ വിദ്യാലയങ്ങളില്‍ ബാല്യകാലത്ത് ചാണകം മെഴുകിയിരുന്ന അനുഭവങ്ങള്‍ ദ്രൗപദി മുര്‍മു കുട്ടികളുമായി പങ്കു വെച്ചു. രാജ്യത്തെ ഗ്രാമീണ വിദ്യാലയങ്ങളില്‍ ഇന്ന് വലിയ മാറ്റങ്ങള്‍ സംഭവിച്ചു കൊണ്ടിരിക്കുകയാണ്. ഇതിന്റെ നേട്ടങ്ങള്‍ പ്രയോജനപ്പെടുത്തി മികച്ച നേട്ടമുണ്ടാക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സാധിക്കട്ടെയെന്നും രാഷ്‌ട്രപതി ആശംസിച്ചു.

 

Related Articles

Back to top button