LatestThiruvananthapuram

ശിശുദിനാശംസകൾ നേർന്ന് മുഖ്യമന്ത്രി

“Manju”

ശിശുദിനാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അറിവും നൈപുണ്യവും കൈമുതലായ ഭാവി തലമുറയെ വാർത്തെടുക്കാനുമുള്ള നടപടികളുമായി മുന്നോട്ടുപോവുകയാണ് എൽഡിഎഫ് സർക്കാരെന്ന് മുഖ്യമന്ത്രി പറഞ്ഞു. കുട്ടികളുടെ ക്ഷേമം ഉറപ്പുവരുത്തുന്നതോടൊപ്പം ഇന്ത്യയെന്ന ജനാധിപത്യ റിപ്പബ്ലിക്കിനെ സംരക്ഷിക്കുക എന്ന വലിയ കടമയും ഏറ്റെടുക്കേണ്ടതുണ്ട്. ഈ ശിശുദിനം അതിന് പ്രചോദനം പകരട്ടെ. ഏവർക്കും ശിശുദിനാശംസകളെന്ന് മുഖ്യമന്ത്രി ഫെയ്സ്ബുക്കിൽ കുറിച്ചു.

ഇന്ന് ശിശുദിനം. ഏതൊരു സമൂഹത്തിന്റെയും വളർച്ച അവിടെയുള്ള കുട്ടികളുടെ ജീവിത നിലവാരങ്ങളിലുണ്ടാകുന്ന വളർച്ച കൂടി അടിസ്ഥാനപ്പെടുത്തിയാണ് നിശ്ചയിക്കുന്നത്. കേരളം ഈ മേഖലകളിൽ വലിയ മുന്നേറ്റങ്ങൾ കൈവരിച്ചിട്ടുണ്ട്. അതിന്റെ തുടർച്ചയായി അറിവും നൈപുണ്യവും കൈമുതലായ ഭാവി തലമുറയെ വാർത്തെടുക്കാനുമുള്ള നടപടികളുമായി മുന്നോട്ടുപോവുകയാണ് ഈ എൽഡിഎഫ് സർക്കാർ.

ഈ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കാനായി വനിതാശിശുവികസന വകുപ്പ് സർക്കാർ രൂപീകരിക്കുകയും കുട്ടികളുടെ ക്ഷേമത്തിനായി ധാരാളം പദ്ധതികൾ ആവിഷ്കരിക്കുകയും ചെയ്തു. പോഷകാഹാരം ഉറപ്പുവരുത്താനായി നടപ്പിലാക്കി വരുന്ന “പോഷകബാല്യം” പദ്ധതി അത്തരത്തിലൊന്നാണ്. സംസ്ഥാനത്ത് സ്മാർട്ട് അങ്കണവാടികൾ യാഥാർത്ഥ്യമാക്കിയത് ഈ മേഖലയിലെ മറ്റൊരു ക്രിയാത്മക ഇടപെടലാണ്. മാതാപിതാക്കൾ നഷ്ടമായ കുട്ടികൾക്ക് 3.2 കോടി രൂപയുടെ ധനസഹായം അനുവദിച്ചു.

കേരളത്തിലെ മുഴുവൻ പഞ്ചായത്തുകളിലും പാരന്റിംഗ് ക്ലിനിക്കുകളുടെ സേവനം ലഭ്യമാക്കി. സംസ്ഥാനത്ത് ബാലവേല തടയുന്നതിന്റെ ഭാഗമായി ബാലവേലയെപ്പറ്റി വിവരം നൽകുന്ന വ്യക്തിക്ക് ഇൻസന്റീവ് നൽകുന്ന പദ്ധതി ആവിഷ്‌ക്കരിച്ചത് വലിയ മുന്നേറ്റമാണ്. ഇതോടൊപ്പം കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസ സൗകര്യങ്ങൾ ഒരുക്കുവാനായി അടിസ്ഥാന വിദ്യാഭ്യാസ മേഖലയിൽ കൊണ്ടുവന്ന പരിഷ്‌കാരങ്ങൾ അന്താരാഷ്ട്ര ശ്രദ്ധ നേടുകയുണ്ടായി.

ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രുവിന്റെ ജന്മദിനമാണ് ശിശുദിനമായി കൊണ്ടാടുന്നത്. കുട്ടികളുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിലൂടെ മാത്രമേ ഇന്ത്യക്ക് സാമൂഹിക പുരോഗതി കൈവരിക്കാനാകൂ എന്നദ്ദേഹം ഉറച്ചു വിശ്വസിച്ചു. കേരളം ഈ രംഗത്തുണ്ടാക്കിയ നേട്ടങ്ങൾ അദ്ദേഹത്തിന്റെ ആശയങ്ങളുടെ സാക്ഷാൽക്കാരം കൂടിയാണ്.

ഇന്ത്യ ഒരു മതനിരപേക്ഷ ജനാധിപത്യ രാഷ്ട്രമായിരിക്കണമെന്ന് ശക്തിയായി വാദിച്ചയാളാണ് ജവഹർലാൽ നെഹ്‌റു. അദ്ദേഹം നിലകൊണ്ട ജനാധിപത്യമതേതരാശയങ്ങൾക്ക് നേരെ വെല്ലുവിളികൾ ഉയരുന്ന കാലം കൂടിയാണിത്. കുട്ടികളുടെ ക്ഷേമം ഉറപ്പുവരുത്തുന്നതോടൊപ്പം ഇന്ത്യയെന്ന ജനാധിപത്യ റിപ്പബ്ലിക്കിനെ സംരക്ഷിക്കുക എന്ന വലിയ കടമയും ഏറ്റെടുക്കേണ്ടതുണ്ട്. ഈ ശിശുദിനം അതിന് പ്രചോദനം പകരട്ടെ. ഏവർക്കും ശിശുദിനാശംസകൾ.

Related Articles

Back to top button