IndiaLatest

പേടി‌എമ്മിന്റെ വായ്പ വിതരണം ഉയര്‍ന്നു

“Manju”

മുംബൈ: ഉത്സവ മാസമായ ഒക്ടോബറില്‍ പ്രമുഖ ഓണ്‍ലൈന്‍ പേയ്മെന്റ് ആപ്ലിക്കേഷനായ പേടി‌എമ്മിന്റെ വായ്പ വിതരണം 3,056 കോടി രൂപയായി ഉയര്‍ന്നു. 3.4 ദശലക്ഷം ഇടപാടുകളാണ് പേടിഎം നടത്തിയിരിക്കുന്നത്. വിജയ് ശേഖര്‍ ശര്‍മ്മയുടെ നേതൃത്വത്തിലുള്ള പേടിഎമ്മിന്റെ വായ്പ വിതരണം 2021 ഒക്‌ടോബറുമായി താരതമ്യപ്പെടുത്തുമ്പോള്‍ 387 ശതമാനം വര്‍ദ്ധിച്ചു.

പേടിഎം സൂപ്പര്‍-ആപ്പിലെ ശരാശരി പ്രതിമാസ ഇടപാട് 84.0 ദശലക്ഷമായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ഇതേ മാസത്തെ അപേക്ഷിച്ച്‌ 33 ശതമാനം വര്‍ധനവാണ് ഇതില്‍ ഉണ്ടായിരുന്നതെന്ന് പേടിഎം ബ്രാന്‍ഡിന്റെ ഉടമസ്ഥതയിലുള്ള വണ്‍ 97 കമ്മ്യൂണിക്കേഷന്‍സ് വ്യക്തമാക്കി.

ഓഫ്‌ലൈന്‍ പേയ്‌മെന്റുകളില്‍ ഞങ്ങളുടെ നേതൃത്വം ശക്തിപ്പെടുത്തുന്നത് ഞങ്ങള്‍ തുടരുന്നു, രാജ്യത്തുടനീളം ഇപ്പോള്‍ 5.1 ദശലക്ഷത്തിലധികം ഉപാഭോക്താക്കള്‍ സബ്‌സ്‌ക്രിപ്‌ഷന്‍ നടത്തിയിട്ടുണ്ടെന്നും റെഗുലേറ്ററി ഫയലിംഗില്‍ പേടിഎം പറഞ്ഞു. ഈ വര്‍ഷം ഒക്ടോബറില്‍ മര്‍ച്ചന്റ് പേയ്‌മെന്റ് 42 ശതമാനം (ജിഎംവി) ഉയര്‍ന്ന് 1.18 ലക്ഷം കോടി രൂപയായി.

പേടി‌എമ്മിന്റെ ഏകീകൃത വരുമാനം 1,914 കോടി രൂപയായി ഉയര്‍ന്നിരുന്നു. 2021 ല്‍ ഇത് 1,086.4 കോടി രൂപയായിരുന്നു. വണ്‍ 97 കമ്മ്യൂണിക്കേഷന്‍സ് 2022 ജൂലൈ-സെപ്റ്റംബര്‍ കാലയളവില്‍ 593.9 കോടി രൂപയുടെ ഏകീകൃത നഷ്ടം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ ഉത്സവ മാസമായ ഒക്ടോബറില്‍ പേടി‌എമ്മിന്റെ വായ്പ വിതരണം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച്‌ കൂടിയിരിക്കുകയാണ്.

ഒക്ടോബറിലെ വായ്പ വിതരണ കണക്കുകള്‍ പുറത്തുവന്നതോടു കൂടി ഓഹരി വിപണിയില്‍ ഇന്ന് പേ ടി എം ഓഹരി മൂല്യം 1.6 ശതമാനം ഉയര്‍ന്ന് ഒരു ഷെയറിന് 643 രൂപ എന്ന നിരക്കിലേക്ക് എത്തി.

Related Articles

Back to top button