IndiaLatest

വാരാണസിയില്‍ നിന്ന് ആഡംബരക്കപ്പലില്‍ 50 ദിവസത്തെ യാത്ര

“Manju”

ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ആഡംബര നദീജലസവാരി ആരംഭിക്കാനുള്ള നീക്കങ്ങളുമായി കേന്ദ്രസര്‍ക്കാര്‍. ഇതിനുള്ള നടപടിക്രമങ്ങള്‍ സര്‍ക്കാര്‍ ആരംഭിച്ചു കഴിഞ്ഞു. ഉത്തര്‍പ്രദേശിലെ വാരാണസിയില്‍ നിന്ന് ബംഗ്ലാദേശ് വഴി ആസാമിലെ ദിബ്രുഗഡിലേക്കായിരിക്കും ആഡംബര കപ്പലിന്റെ യാത്ര. 4000 കിലോമീറ്റര്‍ ദൂരം 50 ദിവസം കൊണ്ടാണ് പൂര്‍ത്തിയാക്കുന്നത്. ഇന്ത്യയിലെ ഉള്‍നാടന്‍ ജലപാതകളുടെ വികസനം എന്ന ലക്ഷ്യത്തില്‍ അടുത്ത വര്‍ഷം തന്നെ കപ്പലിന്റെ സര്‍വീസ് ആരംഭിക്കും. ജനുവരി 10നാണ് കപ്പല്‍ ആദ്യ സര്‍വീസ് ആരംഭിക്കുന്നത്.
കൊല്‍ക്കത്ത, ധാക്ക തുടങ്ങിയ ഇടങ്ങളിലൂടെയെല്ലാം കപ്പല്‍ സഞ്ചരിക്കും. ജനുവരി 10ന് തുടങ്ങി മാര്‍ച്ച്‌ ഒന്നിന് ആസാമിലെ ദിബ്രുഗഡ് ജില്ലയിലെ ബോഗിബീലില്‍ കപ്പല്‍ എത്തിച്ചേരും. ഗംഗാ വിലാസ് എന്നാണ് ക്രൂയിസ് കപ്പലിന് പേര് നല്‍കിയിരിക്കുന്നത്. 50 ദിവസത്തെ യാത്രയില്‍ 27 നദീതടങ്ങളിലൂടെയും 50ലധികം വിനോദ സഞ്ചാര കേന്ദ്രങ്ങളിലൂടെയും കപ്പല്‍ കടന്നു പോകും. ചരിത്ര പ്രാധാന്യമുള്ള ഇടങ്ങളും കാണാനുള്ള സൗകര്യം സഞ്ചാരികള്‍ക്കായി ക്രമീകരിച്ചിട്ടുണ്ട്.
നദിയിലൂടെ ഒരു കപ്പല്‍ നടത്തുന്ന ഏറ്റവും ദൈര്‍ഘ്യമേറിയ യാത്രയായിരിക്കും ഇതെന്ന് കേന്ദ്രമന്ത്രി സര്‍ബാനന്ദ സോനോവാള്‍ പറഞ്ഞു. പുതിയ കപ്പല്‍ യാത്ര ആരംഭിക്കുന്നത് വഴി ഇന്ത്യയും ബംഗ്ലാദേശും ലോക റിവര്‍ ക്രൂയിസ് ഭൂപടത്തില്‍ ഇടം പിടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പൊതു-സ്വകാര്യ പങ്കാളിത്തതോടെയായിരിക്കും കപ്പലിന്റെ പ്രവര്‍ത്തനം.
വാരാണസിയില്‍ യാത്ര ആരംഭിച്ച്‌ എട്ടാം ദിവസം ബക്സര്‍, രാംനഗര്‍, ഗാസിപൂര്‍ എന്നിവിടങ്ങളിലൂടെ പാട്‌നയിലെത്തും. 4000 കിലോമീറ്റര്‍ യാത്രയില്‍ ഏകദേശം 1100 കിലോമീറ്റര്‍ ദൂരം ബംഗ്ലാദേശിലൂടെയാണ് കപ്പല്‍ സഞ്ചരിക്കുന്നത്. ഇന്ത്യ-ബംഗ്ലാദേശ് പ്രോട്ടോക്കോള്‍ റൂട്ട് പ്രകാരമാണ് യാത്ര. അത്യാധുനിക സൗകര്യങ്ങളാണ് കപ്പലിനുള്ളില്‍ ക്രമീകരിച്ചിരിക്കുന്നതെന്നും അധികൃതര്‍ പറയുന്നു.

Related Articles

Back to top button