KeralaLatest

ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഇനി ഖാദി കോട്ട്

“Manju”

സംസ്ഥാനത്തെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഇനി ഖാദിയുടെ വെള്ള കോട്ട് ധരിക്കാം. ഡോക്ടര്‍മാര്‍, നഴ്സിംഗ് സ്റ്റാഫ്, മെഡിക്കല്‍ വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ക്കുള്ള കോട്ടുകള്‍ ഖാദിബോര്‍ഡ് നിര്‍മ്മിച്ച് വിതരണം ചെയ്യും. കോട്ട് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി ജയരാജന്‍ നിര്‍വഹിച്ചു.

കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ. ഷീബ ദാമോദരന് കോട്ട് നല്‍കിയാണ് വിതരണോദ്ഘാടനം നിര്‍വഹിച്ചത്. സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളില്‍ പുതുതായി പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ക്കും കോട്ടുകള്‍ വിതരണം ചെയ്തു. പയ്യന്നൂര്‍ ഖാദി കേന്ദ്രത്തിലാണ് കോട്ടുകള്‍ നിര്‍മ്മിച്ചത്. പാരമ്പര്യത്തെ ഉള്‍ക്കൊണ്ട് കാലാനുസൃതമായി നവീകരിക്കുകയാണ് ഖാദി മേഖലയെന്ന് പി ജയരാജന്‍ പറഞ്ഞു.

ഖാദിയെ നിലനിര്‍ത്തുന്നതിനും തൊഴിലാളികളെ സംരക്ഷിക്കുന്നതിനും സര്‍ക്കാര്‍ മികച്ച പിന്തുണയാണ് നല്‍കുന്നത്. പാരമ്പര്യത്തിന്റെ നന്മയായ ഖാദി വസ്ത്രം ധരിക്കുന്നത് ദേശാഭിമാനപരമായ പ്രവൃത്തിയായി കാണണമെന്നും പി ജയരാജന്‍ പറഞ്ഞു. പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ നടന്ന പരിപാടിയില്‍ പ്രിന്‍സിപ്പല്‍ ഡോ.എസ് പ്രതാപ് അധ്യക്ഷത വഹിച്ചു.

സൂപ്രണ്ട് ഡോ.കെ സുദീപ്, കണ്ണൂര്‍ ഗവ. ഡെന്റല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. പി സജി, ഗവ. നഴ്സിംഗ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. എം കെ പ്രീത, പ്രൊജക്ട് ഓഫീസര്‍ ഐ കെ അജിത് കുമാര്‍, പയ്യന്നൂര്‍ ഖാദി കേന്ദ്രം ഡയറക്ടര്‍ കെ വി രാജേഷ്, ആരോഗ്യ പ്രവര്‍ത്തകര്‍, വിദ്യാര്‍ഥികള്‍, ഖാദി ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

Related Articles

Back to top button