InternationalLatest

സര്‍ഗാം കൗശല്‍ മിസിസ് വേള്‍ഡ്

“Manju”

ലോസ്‌ആഞ്ചലസ് : നീണ്ട 21 വര്‍ഷങ്ങള്‍ക്ക് ശേഷം മിസിസ് വേള്‍ഡ് കിരീടം ഇന്ത്യയിലേക്ക്. യു.എസിലെ ലാസ് വേഗാസില്‍ നടന്ന മത്സരത്തില്‍ ഇന്ത്യയുടെ സര്‍ഗാം കൗശല്‍ 2022ലെ മിസിസ് വേള്‍ഡ് കിരീടം സ്വന്തമാക്കി.വിവാഹിതരായ സ്ത്രീകള്‍ക്ക് വേണ്ടിയുള്ള സൗന്ദര്യ മത്സരമാണ് മിസിസ് വേള്‍ഡ്. 63 രാജ്യങ്ങളില്‍ നിന്നുള്ള മത്സരാര്‍ത്ഥികളെ പിന്തള്ളിയാണ് സര്‍ഗാം കിരീടം ചൂടിയത്. ജമ്മു കാശ്മീര്‍ സ്വദേശിനിയായ സര്‍ഗാം ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്.
ഇന്ത്യന്‍ ഫാഷന്‍ ഡിസൈനര്‍ ഭാവന റാവു ഒരുക്കിയ മനോഹരമായ പിങ്ക് ഗൗണിലാണ് സര്‍ഗാം ഫൈനല്‍ റൗണ്ടില്‍ മത്സരിച്ചത്. 2021ലെ മിസിസ് വേള്‍ഡ് അമേരിക്കയുടെ ഷെയ്‌ലൈന്‍ ഫോര്‍ഡ് 32 കാരിയായ സര്‍ഗാമിന് കിരീടമണിയിച്ചു. മയിലില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് രൂപകല്പന ചെയ്ത വസ്ത്രമണിഞ്ഞ് മികച്ച ദേശീയ വേഷത്തിനുള്ള പുരസ്കാരവും സര്‍ഗാം നേടി. ജമ്മു സ്വദേശിയായ ആദിത്യ മനോഹര്‍ ശര്‍മ്മയെയാണ് സര്‍ഗം വിവാഹം കഴിച്ചിരിക്കുന്നത്. ഇന്ത്യന്‍ നേവിയില്‍ ലഫ്. കമാന്‍ഡര്‍ ആണ് ഇദ്ദേഹം.
പോളിനേഷ്യ, കാനഡ എന്നിവിടങ്ങളില്‍ നിന്നുള്ള മത്സരാര്‍ത്ഥികള്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനത്തെത്തി. 1984ലാണ് മിസിസ് വേള്‍ഡ് മത്സരം ആരംഭിച്ചത്. ഇതുവരെ ഒറ്റത്തവണ മാത്രമാണ് മിസിസ് വേള്‍ഡ് കിരീടം ഇന്ത്യക്ക് ലഭിച്ചത്. 2001ല്‍ നടി അതിഥി ഗോവിത്രികറിലൂടെയായിരുന്നു ഇത്.

ഭര്‍ത്താവ് ആദിത്യ മനോഹര്‍ ശര്‍മ്മയ്ക്കൊപ്പം സര്‍ഗം കൗശല്‍

Related Articles

Back to top button