IndiaLatest

മതസൗഹാര്‍ദ്ദത്തിന്റെ സുന്ദര കാഴ്ച; എല്ലാമത വിഭാഗങ്ങളും ചേര്‍ന്ന് നിര്‍മിച്ച മുസ്ലിം പള്ളി

“Manju”

തമിഴ്‌നാട് ശിവഗംഗ ജില്ലയിലെ മതസൗഹാര്‍ദ്ദത്തിന്റെ സുന്ദരകാഴ്ചയാവുകയാണ് ഒരു മുസ്ലിം പള്ളി. കാരക്കുടി പനങ്കുടി ഗ്രാമത്തില്‍ എല്ലാ മതവിഭാഗങ്ങളും ചേര്‍ന്നാണ് ഈ മുസ്ലിം പള്ളി നിര്‍മിച്ചിരിക്കുന്നത്. മതവിദ്വേഷവും തര്‍ക്കങ്ങളും പല കോണുകളില്‍ നിന്നും ഉണ്ടാകുമ്ബോഴാണ് ഈ കൂട്ടായ്മ.
ഇരുനൂറ് വര്‍ഷത്തിലധികം പഴക്കമുള്ളതായിരുന്നു ഇവിടുത്തെ മുസ്ലിം പള്ളി. ജീര്‍ണാവസ്ഥയിലെത്തിയ പള്ളി പുതുക്കി പണിയാന്‍ പള്ളിക്കമ്മിറ്റി, തീരുമാനിച്ചു. തീരുമാനം മാത്രമായിരുന്നു കമ്മിറ്റിയുടെത്. ബാക്കിയുള്ളതൊക്കെ നാട്ടുകാര്‍ തോളോടു തോള്‍ ചേര്‍ന്നു നിന്ന്, ചെയ്തു തീര്‍ത്തു. ഒന്നര കോടി രൂപ ചിലവില്‍ പനങ്കുടി ഗ്രാമത്തില്‍ ഉയര്‍ന്നു, മതസൗഹാര്‍ദ്ദത്തിന്റെയും പരസ്പര സ്‌നേഹത്തിന്റെയും പ്രതീകമായി പുതിയ മസ്ജിദ്.
എല്ലാ മതവിഭാഗങ്ങളുടെയും ആരാധനാലയങ്ങള്‍ ഇവിടെ അടുത്തടുത്തായാണ് സ്ഥിതി ചെയ്യുന്നത്. ഒരു മതില്‍ക്കെട്ടിന്റെ പോലും വേര്‍തിരിവില്ലാതെ. മസ്ജിദ് തുറക്കുന്ന വേളയില്‍, ക്ഷേത്രത്തില്‍ പ്രത്യേക പൂജകളുണ്ടായി. പള്ളിയിലും എല്ലാവരുമെത്തി. അങ്ങനെ എല്ലാവരും ചേര്‍ന്ന് പനങ്കുടിയെ മറ്റുള്ളവര്‍ക്ക് മാതൃകയാക്കി മാറ്റുകയാണ്.
മതവെറിയുടെ കെട്ട കാലത്ത്, പനങ്കുടി ഗ്രാമത്തിലെ സാധാരണക്കാരായ ജനങ്ങള്‍ കാണിച്ചുതരികയാണ് എങ്ങനെയാണ് സാഹോദര്യത്തോടെ ജീവിയ്‌ക്കേണ്ടതെന്ന്. ഇവിടെ ഹിന്ദുവും മുസ്ലിമും കൃസ്ത്യനുമില്ല. എല്ലാം സഹോദരങ്ങള്‍ മാത്രം.

Related Articles

Back to top button