IndiaLatest

കോവിഡ് മിസ്–സി; ലക്ഷണങ്ങളും അപകട സൂചനകളും അറിയാം

“Manju”

കുട്ടികളിൽ ബാധിക്കുന്ന നീർക്കെട്ട് ആണ് മൾട്ടി സിസ്റ്റം ഇൻഫ്ലമേറ്ററി സിൻഡ്രോം ഇൻ ചിൽഡ്രൺ (MIS-C) . കോവിഡ് ബാധ ഉള്ളപ്പോളോ അതിനു ശേഷമോ ഉണ്ടാകാം. കൂടുതലും കോവിഡ് ബാധിച്ച് ഏകദേശം ഒരു മാസം കഴിയുമ്പോഴാണ് കാണപ്പെടുന്നത്.
കോവിഡ്– 19 മുതിർന്നവരെ അപേക്ഷിച്ച് കുട്ടികളിൽ അത്ര ഗുരുതരമാകാറില്ല. എന്നാൽ മിസ് – സി ( MIS – C) അങ്ങനെയല്ല. അത് ആർക്ക് വരും എന്ന് ഇന്നത്തെ അറിവ് വച്ച് പ്രവചിക്കാൻ സാധ്യമല്ല. ഈ രോഗത്തെക്കുറിച്ചുളള നമ്മുടെ അറിവ് ഇന്ന് അപൂർണമാണ്. MIS C യിൽ ശ്വാസകോശത്തിന് തകരാറ് സംഭവിക്കുന്നത് അത്ര സാധാരണമല്ല.
20 വയസ്സു വരെ പ്രായമുള്ളവരിൽ രോഗലക്ഷണങ്ങൾ കാണുകയാണെങ്കിൽ മാത്രമാണ് അതിനെ മിസ് – സി എന്നു പറയുക. 20 വയസ്സിനു മുകളിലുളളവരിലും കോവിഡിനെത്തുടർന്ന് ഇത്തരം ലക്ഷണങ്ങൾ കാണാം. ആ രോഗത്തെ മിസ് – ഏ (A = Adult – മുതിർന്നവർ) എന്ന് പറയുന്നു.
അമേരിക്കയിൽ നടന്ന ഒരു പഠനം കാണിക്കുന്നത് 10 ലക്ഷം ആളുകളിൽ ഒരു മാസം അഞ്ചു പേർക്ക് എന്ന തോതിൽ ഈ രോഗം ഉണ്ടാകുന്നു എന്നാണ്. കോവിഡ് വന്നവരെ മാത്രം കണക്കിലെടുക്കുകയാണെങ്കിൽ ഇത് പത്ത് ലക്ഷം പേരിൽ ഒരു മാസം 316 പേർക്ക് എന്ന തോതിൽ ഉയരും. വളരെ അപൂർവമാണ് ഈ രോഗം എന്ന് ഇതിൽ നിന്നും വ്യക്തമാണല്ലോ.
∙ 24 മണിക്കൂറിലധികം നീണ്ടു നിൽക്കുന്ന പനി ( കുട്ടികളിൽ മുൻ കാലങ്ങളിൽ പനി വളരെ സാധാരണമായിരുന്നു എങ്കിലും ഈ കോവിഡ് കാലഘട്ടത്തിൽ മറ്റ് രോഗാണുക്കൾ മൂലമുള്ള പനി താരതമ്യേന കുറവാണ്)
∙ തൊലിപ്പുറമേ കാണുന്ന തിണർപ്പ്
∙ വയറിളക്കം
∙ വയറുവേദന
∙ ഛർദ്ദി
∙ വല്ലാത്ത ക്ഷീണം
∙ ഹൃദയം പടപടാ മിടിക്കുന്നത് അറിയുക
∙ അസാധാരണമായ വേഗത്തിൽ ശ്വാസം എടുക്കുക
∙ കണ്ണ് ചുവക്കുക
∙ ചുണ്ടും നാവും ചുവന്ന് വീർക്കുക
∙ കാൽപാദം, കൈപ്പത്തി എന്നിവ ചുവന്ന് നീരു വെക്കുക
∙ തലവേദന, തലചുറ്റൽ
∙ കഴലകൾ തടിക്കുക
ഈ ലക്ഷണങ്ങൾ മറ്റ് പല സാധാരണ രോഗങ്ങളിലും കാണാറുണ്ട്. അതിനാൽ ഡോക്ടർമാർ മറ്റു സാധാരണ രോഗങ്ങളെന്തെങ്കിലും ആണോ എന്ന് പ്രത്യേകം ആലോചിക്കുകയും, ആവശ്യമായ പരിശോധനകൾ നിർദ്ദേശിക്കുകയും ചെയ്യും. മിസ്-സി ഉള്ള ഒരു കുട്ടിക്ക് മേൽ പറഞ്ഞ എല്ലാ ലക്ഷണങ്ങളും ഉണ്ടാവുകയുമില്ല. അപൂർവമായാണെങ്കിലും ഇതിനു മുമ്പും കുട്ടികളിൽ കാണാറുണ്ടായിരുന്ന കവാസാക്കി രോഗവുമായി ചില സാമ്യങ്ങൾ ഈ രോഗത്തിനുണ്ട്.
അപകട സൂചനകൾ
∙ കടുത്ത വയറു വേദന
∙ ശ്വാസംമുട്ട്
∙ നെഞ്ചുവേദന
∙ നെഞ്ചിൽ ഭാരം കയറ്റിവച്ച പോലെ തോന്നുക
∙ വിരലുകളുടെ അഗ്രഭാഗം, നഖം, ചുണ്ട്, നാവ് എന്നിവിടങ്ങളിൽ നീലിപ്പ് (രക്തത്തിൽ ഓക്സിജന്റെ അളവ് കുറഞ്ഞ് പോകുന്ന അവസ്ഥ)
∙ ചർമം പെട്ടെന്ന് വിളറി വെളുത്തതായോ, ചാരനിറമായോ കാണപ്പെടുക ( രക്തസമ്മർദ്ദം കുറഞ്ഞ് പോകുന്ന shock എന്ന അവസ്ഥ )
∙ പെട്ടെന്നുണ്ടാകുന്ന കൺഫ്യൂഷൻ
∙ ഉണർത്തിയാലും ഉണർന്നിരിക്കാൻ പറ്റാത്ത രീതിയിലുള്ള മയക്കം.
കോവിഡ് ബാധിച്ചവർക്കാണ് പിന്നീട് MIS C വരുന്നത് എങ്കിലും, നേരത്തെ പറഞ്ഞ പോലെ, കോവിഡ് ലക്ഷണങ്ങൾ മുമ്പ് ഉണ്ടായിരുന്നിരിക്കണം എന്ന് നിർബന്ധമില്ല.

Related Articles

Back to top button