International

ലാഹോർ സ്‌ഫോടനം : ലക്ഷ്യം വെച്ചത് ഹാഫിസ് സയ്യീദിനെ

“Manju”

ഇസ്ലാമാബാദ് : പാകിസ്താനിലെ ലഹോറിൽ നടന്ന സ്‌ഫോടനം അന്താരാഷ്ട്ര ഭീകരർ ഹാഫിസ് സയീദിനെ ലക്ഷ്യം വെച്ചായിരുന്നെന്ന് പാക് മാദ്ധ്യമപ്രവർത്തകൻ. ഹാഫിസ് സയീദിന്റെ വീടിന് മുമ്പിലാണ് ആക്രമണം നടന്നത്. സ്‌ഫോടനം നടക്കുന്ന സമയത്ത് സയീദ് വീട്ടിലുണ്ടായിരുന്നെന്നും മാദ്ധ്യമപ്രവർത്തകനായ അംജാദ് സയീദ് സഹാനി വെളിപ്പെടുത്തി. മാദ്ധ്യമപരിപാടിയ്ക്കിടെയാണ് സഹാനി ഇക്കാര്യം അറിയിച്ചത്.

ഹാഫിസ് സയീദായിരുന്നു അക്രമികളുടെ ലക്ഷ്യം. ആക്രമണം നടന്ന സമയത്ത് സയീദ് വീടിനകത്ത് തന്നെ ഉണ്ടായിരുന്നു. അന്താരാഷ്ട്ര ഭീകരനായതിനാൽ ജയിൽ വകുപ്പ് നിരന്തരം സയീദിനെ നിരീക്ഷിക്കാറുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് മാദ്ധ്യമപ്രവർത്തകൻ ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നാൽ സയീദിന്റെ കുടുംബം ഇത് നിഷേധിച്ചിരുന്നു.

ലഷ്‌കർ ഇ ത്വായ്ബ സഹസ്ഥാപകനും ജമാത്ത് ഉദ് ധവ നേതാവുമായ ഹാഫിസ് സയീദിന്റെ വീടിന് മുന്നിൽ ജൂൺ 23 നാണ് സ്‌ഫോടനം നടന്നത്. ആക്രമണത്തിൽ 3 പേർ മരിക്കുകയും 20 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ആക്രമണത്തിന് പിന്നാലെ സ്‌ഫോടനത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന കാർ മെക്കാനിക്കിനെ ഇൻറലിജൻസ് വകുപ്പ് കസ്റ്റഡിയിലെടുത്തിരുന്നു. തുടർന്ന് ഇയാളെ മറ്റൊരിടത്തേയ്ക്ക് മാറ്റി എന്നാണ് വിവരം. 15 കിലോ ഭാരമുള്ള സ്‌ഫോടക വസ്തുക്കൾ കാറിൽ നിറച്ചാണ് സ്‌ഫോടനം നടത്തിയത് എന്ന് പോലീസ് പറയുന്നു.

ഐക്യരാഷ്ട്ര സഭ അന്താരാഷ്ട്ര ഭീകരൻ എന്ന് മുദ്രകുത്തിയ ഹാഫിസ് സയിദിന്റെ തലയ്ക്ക് 10 യുഎസ് മില്യൺ ഡോളറാണ് അമേരിക്ക വിലയിട്ടിരിക്കുന്നത്. മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ ഹാഫിസ് സയീദിന്റെ കീഴിലുള്ള ഭീകര സംഘടനകൾക്ക് ഇയാൾ മുഖേനയാണ് വിദേശ രാജ്യങ്ങളിൽ നിന്നുംഫണ്ട് ലഭിക്കുന്നത്.

Related Articles

Back to top button