Uncategorized

ഭൂകമ്പവും പരിണിതഫലങ്ങളും

“Manju”

തുര്‍ക്കിയിലും സിറിയയിലും ഉണ്ടായ ശക്തമായ ഭൂചലനത്തിന്റെ നടുക്കത്തിലാണ് ലോകം. ഇരു രാജ്യങ്ങളിലുമായി ഇതുവരെ നിരവധി ജീവനുകള്‍ നഷ്ടപ്പെട്ടു. നിരവധി പേര്‍ ഇപ്പോഴും അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതിനാല്‍ അവരെ രക്ഷപെടുത്തുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

അവശിഷ്ടങ്ങളില്‍ നിന്ന് ഒഴിപ്പിക്കല്‍ വൈകുന്നതിനാല്‍ മരണസംഖ്യ ഉയരുമെന്ന് ആശങ്കയുണ്ട്. പഴയ ഉദാഹരണങ്ങളുടെ അടിസ്ഥാനത്തില്‍, ഭൂകമ്ബത്തിന്റെ അവശിഷ്ടങ്ങള്‍ക്കടിയില്‍ പെട്ടാലും, ആരോഗ്യമുള്ള ഒരാള്‍ക്ക് 3 മുതല്‍ 5 ദിവസം വരെ അതിജീവിക്കാന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍. അപൂര്‍വ്വമായ ചില കേസുകളില്‍ രണ്ടോ മൂന്നോ ആഴ്ചകള്‍ക്ക് ശേഷം പോലും അതിജീവനം ഉണ്ടാകാമെന്നാണ് വിവരം.

2010 ജനുവരി 12-ന്, ഹെയ്തിയിലുണ്ടായ ഭൂകമ്ബം ആയിരക്കണക്കിന് പേരുടെ ജീവന്‍ അപഹരിച്ചു. ദശലക്ഷക്കണക്കിന് ആളുകള്‍ ഭവനരഹിതരായി. ഈ ഭൂകമ്ബത്തില്‍, ഇവാന്‍സ് മോന്‍ജിക്നെക്ക് എന്ന മനുഷ്യന്‍ 27 ദിവസത്തിന് ശേഷം കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയില്‍ നിന്ന് ജീവനോടെ തിരിച്ചെത്തിയിരുന്നു. മണ്ണില്‍ എവിടെയോ ഒലിച്ചിറങ്ങുന്ന വെള്ളം അയാള്‍ കുടിച്ചുകൊണ്ടിരുന്നു. എന്നാല്‍ ആഹാരം കഴിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഏതാണ്ട് ഒരു മാസത്തോളം അവശിഷ്ടങ്ങള്‍ക്കടിയില്‍ അടക്കപ്പെട്ടിട്ടും ജീവിച്ചിരുന്ന ഇവാന്‍സിനെ കുറിച്ച്‌ നിരവധി ഡോക്യുമെന്ററികളും പുറത്തുവന്നിരുന്നു. വീട്ടുകാരുടെ ഓര്‍മയും തന്നെ കാണാനുള്ള ആഗ്രഹവുമാണ് തന്നെ ജീവനോടെ നിലനിര്‍ത്തിയതെന്നാണ് യുവാവ് പ്രതികരിച്ചത്.

1955-ല്‍ ദക്ഷിണ കൊറിയയില്‍ നിന്ന് സമാനമായ ഒരു കേസ് പുറത്തു വന്നിരുന്നു. ജൂണ്‍ 29 ന് തലസ്ഥാനമായ സോളിലെ പ്രധാന മാര്‍ക്കറ്റില്‍ നിര്‍മ്മിച്ച അഞ്ച് നില ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റോര്‍ പെട്ടെന്ന് തകര്‍ന്നു വീണു. അപകടത്തില്‍ 500 പേര്‍ മരിക്കുകയും 900ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. രക്ഷാപ്രവര്‍ത്തകര്‍ പെട്ടെന്ന് തന്നെ ആളുകളെ ഒഴിപ്പിക്കാന്‍ ശ്രമം തുടങ്ങി.

ഇവിടെ കെട്ടിടങ്ങള്‍ക്കിടയില്‍ രണ്ടാഴ്ചയോളം അകപ്പെട്ട അനുഭവം ചോയ് എന്ന യുവാവ് പങ്കുവെച്ചിരുന്നു. കെട്ടിടം തകര്‍ന്നു വീഴുമ്ബോള്‍ താന്‍ ഷോപ്പിങ്ങിന് അകത്തായിരുന്നുവെന്നാണ് ചോയ് പറയുന്നത്. ബോധം തിരിച്ചുകിട്ടിയപ്പോള്‍ നേരം ഇരുട്ടിയിരുന്നു. 15 ദിവസം ഭക്ഷണവും വെള്ളവും ലഭിച്ചില്ല. ദാഹിക്കുമ്ബോള്‍ കോണ്‍ക്രീറ്റ് നക്കും, വിശക്കുമ്ബോള്‍ അടുത്ത് കിടക്കുന്ന കാര്‍ഡ്ബോര്‍ഡ് കഴിക്കും. അങ്ങനെയാണ് താന്‍ അതിജീവിച്ചതെന്നാണ് ചോയ് പറഞ്ഞത്.

ബംഗ്ലാദേശിലെ ധാക്കയില്‍ ഒരു ദുര്‍ബലമായ കെട്ടിടം തകര്‍ന്നതിനെത്തുടര്‍ന്ന്, അവശിഷ്ടങ്ങള്‍ക്കടിയില്‍പ്പെട്ട രേഷ്മ എന്ന സ്ത്രീയെ 17 ദിവസത്തിന് ശേഷം ജീവനോടെ പുറത്തെടുത്തു. ‘എന്നെ രക്ഷിക്കൂ’ എന്ന് അവര്‍ ബംഗാളിയില്‍ തുടര്‍ച്ചയായി പറഞ്ഞുകൊണ്ടിരുന്നു. പ്രായപൂര്‍ത്തിയായ ആര്‍ക്കും ഭക്ഷണം കഴിക്കാതെയും കുടിക്കാതെയും ഒരാഴ്ചയോളം അതിജീവിക്കാന്‍ കഴിയുമെന്ന് പഠനങ്ങള്‍ പറയുന്നു. പ്രകൃതി ദുരന്തത്തിന് ശേഷം 5 മുതല്‍ 7 ദിവസം വരെ രക്ഷാപ്രവര്‍ത്തനം തുടരുന്നതിനെക്കുറിച്ച്‌ ഐക്യരാഷ്ട്രസഭ സംസാരിക്കുന്നതിന്റെ കാരണം ഇതാണ്.

Related Articles

Back to top button