Uncategorized

ത്രിപുരയില്‍ വോട്ടെടുപ്പ് നാളെ

“Manju”

അഗര്‍തല: ത്രിപുര നിയമസഭ തെരഞ്ഞെടുപ്പിന്റെ പ്രചാരണം സമാപിച്ചു. 60 സീറ്റുകളിലേക്ക് ഒറ്റഘട്ടമായി വ്യാഴാഴ്ചയാണ് വോട്ടെടുപ്പ്.
മാര്‍ച്ച്‌ മൂന്നിന് വോട്ടെണ്ണും. വോട്ടെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തികളും അന്തര്‍സംസ്ഥാന അതിര്‍ത്തികളും അടച്ചു.
22 വനിതകള്‍ ഉള്‍പ്പെടെ 259 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. ഭരണകക്ഷിയായ ബി.ജെ.പി 55 സീറ്റില്‍ മത്സരിക്കും. ബാക്കി ഐ.പി.എഫ്.ടിക്ക് നല്‍കിയിട്ടുണ്ട്. സി.പി.എം 43 സീറ്റിലും സഖ്യകക്ഷിയായ കോണ്‍ഗ്രസ് 13 സീറ്റിലും മത്സരിക്കും. പ്രാദേശിക പാര്‍ട്ടിയായ ടിപ്ര മോത 42 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടുണ്ട്.
തൃണമൂല്‍ 28 സീറ്റിലാണ് മത്സരിക്കുന്നത്. 2018ല്‍ ബി.ജെ.പി 36ലും സഖ്യകക്ഷിയായ ഐ.പി.എഫ്.ടി എട്ട് സീറ്റിലും വിജയിച്ചു. സി.പി.എമ്മിന് 16 സീറ്റാണ് ലഭിച്ചത്. വികസനം, മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങള്‍, സാമൂഹികസുരക്ഷ, സ്ത്രീശാക്തീകരണം, പഴയ പെന്‍ഷന്‍ പദ്ധതി പുനരുജ്ജീവിപ്പിക്കല്‍ എന്നിവയാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ പ്രധാന വിഷയങ്ങള്‍.
വമ്ബിച്ച റാലികള്‍ക്കും റോഡ് ഷോകള്‍ക്കും വീടുതോറുമുള്ള പ്രചാരണത്തിനും ത്രിപുരയിലെ വോട്ടര്‍മാര്‍ സാക്ഷ്യംവഹിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി, പാര്‍ട്ടി അധ്യക്ഷന്‍ ജെ.പി. നഡ്ഡ, കേന്ദ്ര മന്ത്രിമാരായ രാജ്‌നാഥ് സിങ്, അമിത് ഷാ എന്നിവരും ബി.ജെ.പി മുഖ്യമന്ത്രിമാരും പ്രചാരണത്തിനെത്തി.
ഇടതുമുന്നണിക്കുവേണ്ടി മുന്‍ മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍, മുതിര്‍ന്ന നേതാക്കളായ സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട്, വൃന്ദ കാരാട്ട് എന്നിവരെത്തി. പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയും ടി.എം.സി അധ്യക്ഷയുമായ മമത ബാനര്‍ജി, ടിപ്ര മോത തലവന്‍ പ്രദ്യുത് കിഷോര്‍ ദേബ്ബര്‍മ, കോണ്‍ഗ്രസ് നേതാവ് അധിര്‍ ചൗധരി, സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ബിര്‍ജിത് സിന്‍ഹ എന്നിവരും വിപുലമായ പ്രചാരണങ്ങള്‍ നടത്തി.
സമാധാനപരമായ വോട്ടെടുപ്പിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചുവരുകയാണെന്ന് സംസ്ഥാന പൊലീസ് നോഡല്‍ ഓഫിസര്‍ ജി.എസ്. റാവു പറഞ്ഞു. 400 കമ്ബനി കേന്ദ്ര സുരക്ഷാസേനയെ വിന്യസിച്ചിട്ടുണ്ട്. വോട്ടെടുപ്പുദിവസം കേന്ദ്ര സായുധ പൊലീസ് സേനയെ വോട്ടെടുപ്പ് കേന്ദ്രങ്ങളില്‍ വിന്യസിക്കും.
ത്രികോണം ക്ലൈമാക്സിലേക്ക്
അഗര്‍തല: ത്രിപുരയിലെ ത്രികോണ ത്രില്ലര്‍ പോരാട്ടത്തിന് വ്യാഴാഴ്ച വോട്ടെടുപ്പോടെ ആന്റി ക്ലൈമാക്സ്. നഷ്ടപ്പെടാന്‍ ഏറെയുള്ള ഭരണകക്ഷി ബി.ജെ.പിയും ചിരവൈരം മാറ്റിവെച്ച്‌ കോണ്‍ഗ്രസുമായി കൂട്ടുചേര്‍ന്ന് ബി.ജെ.പിയെ വീഴ്ത്താന്‍ ശ്രമിക്കുന്ന സി.പി.എമ്മും ഗോത്രമേഖല തൂത്തുവാരുമെന്ന് ഏവരും പ്രവചിക്കുന്ന ടിപ്ര മോതയും ചേര്‍ന്നുള്ള ത്രികോണ മത്സരത്തിന്റെ ആവേശത്തിലാണ് വടക്കുകിഴക്കന്‍ സംസ്ഥാനം.
43.59 ശതമാനം വോട്ട് കരസ്ഥമാക്കി അട്ടിമറിജയം നേടിയ ബി.ജെ.പി, ഇത്തവണ വോട്ടെണ്ണുമ്ബോള്‍ ഉച്ചക്കുമുന്നേ കേവലഭൂരിപക്ഷം കടക്കുമെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ചൊവ്വാഴ്ച അവകാശപ്പെട്ടത്. എന്നാല്‍, ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാത്ത അവസ്ഥയുണ്ടായാല്‍ സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ തങ്ങള്‍ അവകാശവാദമുന്നയിക്കുമെന്നും മറ്റു കക്ഷികള്‍ക്ക് തങ്ങളെ പിന്തുണക്കേണ്ടിവരുമെന്നുമാണ് ത്രിപുര രാഷ്ട്രീയത്തിലെ പുതിയ സെന്‍സേഷന്‍ ടിപ്ര മോതയുടെ ചൊവ്വാഴ്ചത്തെ പ്രഖ്യാപനം.
ജനപ്രീതി നഷ്ടപ്പെട്ട ബിപ്ലബ് കുമാര്‍ ദേവിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കി മണിക് സാഹയെ കൊണ്ടുവന്നിട്ടും ബി.ജെ.പിക്ക് ഉദ്ദേശിച്ച ഫലം ലഭിച്ചിട്ടില്ലെന്നാണ് കരുതുന്നത്. അതുകൊണ്ടുതന്നെ ദേശീയ നേതൃത്വത്തെ മുന്‍നിര്‍ത്തിയാണ് പാര്‍ട്ടിയുടെ വോട്ടുതേടല്‍. പാര്‍ട്ടിയിലെ കലാപവും ബി.ജെ.പിയെ കുഴക്കുന്നു. നേരത്തെ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേക്കേറി മന്ത്രിയായ നേതാവടക്കം എട്ടുപേരാണ് ഈയിടെ പാര്‍ട്ടി വിട്ടത്.
ബി.ജെ.പി അധികാരം പിടിച്ചസമയത്തെ വോട്ടുവിഹിതമെങ്കിലും ലഭിക്കുകയാണെങ്കില്‍ സി.പി.എം-കോണ്‍ഗ്രസ് സഖ്യം ജയിക്കുമെന്നാണ് കണക്കുകള്‍ പറയുക. സമ്ബൂര്‍ണ സഖ്യമല്ലെന്നും മത്സരിക്കുന്നിടങ്ങളില്‍ പരസ്പരധാരണ രൂപപ്പെടുത്തിയതാണെന്നുമാണ് ഇരു പാര്‍ട്ടിയും അവകാശപ്പെടുന്നത്. നേതൃത്വത്തിനേക്കാള്‍ അണികളാണ് ഈ ധാരണ ആവശ്യപ്പെട്ടതെന്നും ഇരുവരും പറയുന്നു. സി.പി.എമ്മും കോണ്‍ഗ്രസും പിന്തുണക്കുന്ന ഒരു സ്വതന്ത്രനും രംഗത്തുണ്ട്.
ഇതിനു പുറമെ, ബി.ജെ.പിസഖ്യം കഴിഞ്ഞ തവണ തൂത്തുവാരിയ ഗോത്രമേഖലയില്‍ ടിപ്ര മോത ഇത്തവണ തേരോട്ടം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. എസ്.ടി സംവരണമുള്ള 20 സീറ്റില്‍ ഭൂരിഭാഗവും ഇവര്‍ നേടുമെന്നാണ് നിരീക്ഷണം. ഇതെല്ലാം പരിഗണിക്കുമ്ബോള്‍ അധികാരം നിലനിര്‍ത്തല്‍ ബി.ജെ.പിയെ സംബന്ധിച്ച്‌ ശ്രമകരമായ ദൗത്യമാണ്.

Related Articles

Back to top button