Uncategorized

കശ്മീരില്‍ കണ്ടെത്തിയ 59 ലക്ഷം ടണ്‍ ‘നിധി’ ലേലത്തില്‍ വയ്‌ക്കാന്‍ മോദി സര്‍ക്കാര്‍

“Manju”

ശ്രീനഗര്‍ :ജമ്മു കശ്മീരിലെ റിയാസി ജില്ലയില്‍ 5.9 ദശലക്ഷം ടണ്‍ വരുന്ന ലിഥിയം നിക്ഷേപം കണ്ടെത്തിയെന്ന വാര്‍ത്ത ഏതാനും ദിവസം മുന്‍പാണ് പുറത്തുവന്നത്. ഇന്ത്യയെ സംബന്ധിച്ച്‌ പ്രതീക്ഷാവഹമായ കണ്ടെത്തല്‍. ഇന്ത്യയുടെ തലവര തന്നെ മാറ്റാനുതകുന്നതാണ് വെള്ള സ്വര്‍ണം എന്ന് വിളിക്കപ്പെടുന്ന ലിഥിയം. ഇപ്പോള്‍ രാജ്യത്തെ ആദ്യത്തെ ലിഥിയം ലേലം ചെയ്യാന്‍ ഒരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍ .
ഈ വര്‍ഷം ജൂണ്‍ ആദ്യ പാദത്തില്‍ കേന്ദ്രം ഇതിനുള്ള നടപടികള്‍ ആരംഭിക്കും . മറ്റേതൊരു സര്‍ക്കാര്‍ ലേലത്തേയും പോലെ, ഇതും എല്ലാവര്‍ക്കും തുറന്നുകൊടുക്കും, എന്നാല്‍ ഒരു പ്രധാന വ്യവസ്ഥയുണ്ട്: “ലിഥിയം ഇന്ത്യയില്‍ മാത്രമേ ശുദ്ധീകരിക്കപ്പെടുകയുള്ളൂവെന്നും സംസ്കരണത്തിനായി വിദേശത്തേക്ക് അയക്കരുതെന്നും സര്‍ക്കാര്‍ നിബന്ധന വയ്‌ക്കും.” സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.
എന്നാല്‍ നിലവില്‍ ഇന്ത്യയില്‍ ലിഥിയം ശുദ്ധീകരണ സൗകര്യം ഇല്ല . 2030-ഓടെ 30% സ്വകാര്യ ഓട്ടോമൊബൈലുകളും 70% വാണിജ്യ വാഹനങ്ങളും 80% ഇരുചക്ര, മുച്ചക്ര വാഹനങ്ങളും ഇവിടെ നിര്‍മ്മിച്ച്‌ വില്‍പ്പന നടത്തുകയെന്ന ലക്ഷ്യവും മോദി സര്‍ക്കാരിനുണ്ട് .
2021-ല്‍, കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി പ്രസ്താവിച്ചത്, വൈദ്യുത വാഹനങ്ങളുടെ വ്യാപനം 40 ശതമാനത്തില്‍ എത്തിയാല്‍, ഇന്ത്യയുടെ അസംസ്‌കൃത എണ്ണയുടെ ഉപഭോഗം 156 ദശലക്ഷം ടണ്‍ അഥവാ 3.5 ലക്ഷം കോടി കുറയ്‌ക്കാനാകുമെന്നാണ്.
ഇലക്‌ട്രിക് വാഹനങ്ങളുടെ ബാറ്ററി നിര്‍മാണത്തിലെ മുഖ്യഘടകമായ ലിഥിയം നിലവില്‍ ഇന്ത്യ പൂര്‍ണമായും ഇറക്കുമതി ചെയ്യുകയാണ്. 2020-21 വര്‍ഷത്തില്‍ 173 കോടി രൂപയുടെ ലിഥിയവും 8,811 കോടി രൂപയുടെ ലിഥിയം അയോണുകളുമാണ് ഇന്ത്യ ഇറക്കുമതി ചെയ്തത്. അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന വൈദ്യുത വാഹനവിപണി എന്ന നിലയില്‍ രാജ്യത്തെ ലിഥിയം നിക്ഷേപത്തിന് വലിയ പ്രാധാന്യമാണുള്ളത്. ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ ആവശ്യക്കാരുള്ള ധാതുക്കളില്‍ ഒന്നാണ് ലിഥിയം. ഇതിന്റെ പ്രാധാന്യം കൊണ്ട് തന്നെയാണ് വെളുത്ത സ്വര്‍ണ്ണം എന്ന വിളിപ്പേരും ലിഥിയത്തിന് ലഭിച്ചത്.

Related Articles

Back to top button