Uncategorized

തമിഴ്നാട് സ്വദേശി ഓസ്ട്രേലിയന്‍ പോലീസിന്റെ വെടിയേറ്റ് മരിച്ചു

“Manju”

 

സിഡ്നി: ഓസ്ട്രേലിയയില്‍ തമിഴ്നാട് സ്വദേശിയായ യുവാവ് പൊലീസിന്റെ വെടിയേറ്റ് മരിച്ചു. സിഡ്‌നി റെയില്‍വേ സ്റ്റേഷനില്‍ ക്ലീനറെ കുത്തിക്കൊലപ്പെടുത്താനും നിയമപാലകരെ ആക്രമിക്കാനും ശ്രമിച്ച ഇന്ത്യക്കാരനെ ഓസ്ട്രേലിയന്‍ പൊലീസ് വെടിവച്ചു കൊല്ലുകയായിരുന്നുവെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കൊല്ലപ്പെട്ട ഇന്ത്യന്‍ യുവാവ് ബ്രിഡ്ജിംഗ് വിസയില്‍ ഓസ്‌ട്രേലിയയില്‍ താമസിക്കുകയായിരുന്നുവെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

തമിഴ്‌നാട് സ്വദേശി മുഹമ്മദ് റഹ്മത്തുള്ള സയ്യിദ് അഹമ്മദ് (32) ആണ് കൊല്ലപ്പെട്ടത്. “സംഭവം അങ്ങേയറ്റം ദൗര്‍ഭാഗ്യകരമാണ്. ബന്ധപ്പെട്ടവരുമായി വിഷയം ചര്‍ച്ച ചെയ്തുവരികയാണ്ഇന്ത്യന്‍ കോണ്‍സുലേറ്റ് പറഞ്ഞു.

സിഡ്‌നി മോര്‍ണിംഗ് ഹെറാള്‍ഡ് ദിനപത്രത്തിലെ റിപ്പോര്‍ട്ട് അനുസരിച്ച്‌, സിഡ്‌നിയിലെ ഓബണ്‍ സ്റ്റേഷനിലെ ക്ലീനറെ (28) അഹമ്മദ് ആക്രമിക്കുകയായിരുന്നു. രണ്ട് പൊലീസുകാര്‍ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ ഇവരെയും അഹമ്മദ് ആക്രമിച്ചു. പിന്നാലെ പൊലീസ് ഉദ്യോഗസ്ഥന്‍ മൂന്നു തവണ അഹമ്മദിനെതിരെ വെടിയുതിര്‍ത്തു. രണ്ട് വെടിയുണ്ടകള്‍ നെഞ്ചില്‍ തറച്ചുകയറിറിപ്പോര്‍ട്ട് പറയുന്നു.

അഹമ്മദ് മുന്‍പും പൊലീസ് സ്റ്റേഷനില്‍ വന്നിട്ടുണ്ടെങ്കിലും അത് ക്രിമിനല്‍ കേസുമായി ബന്ധപ്പെട്ടായിരുന്നില്ല, കോവിഡുമായി ബന്ധപ്പെട്ടായിരുന്നു. അഹമ്മദിന് നേരെ വെടിയുതിര്‍ക്കുക അല്ലാതെ മറ്റുവഴികളൊന്നും ഇല്ലായിരുന്നുവെന്ന് സംഭവത്തെ കുറിച്ച്‌ മാധ്യമങ്ങളോട് വിശദീകരിച്ച ന്യൂ സൗത്ത് വെയില്‍സ് പൊലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ സ്റ്റുവര്‍ട്ട് സ്മിത്ത് പറഞ്ഞു.

അതേസമയം ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന, കുത്തേറ്റ ക്ലീനറുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ട്. കൈയാങ്കളിക്കിടെ കത്തി ഉപയോഗിച്ച്‌ കുത്തുകയായിരുന്നുവെന്നും ക്ലീനറുടെ ഇടതുകൈത്തണ്ടയില്‍ മുറിവേറ്റുമെന്നും ഇരുവരും മുന്‍പരിചയക്കാരല്ലെന്നും പൊലീസിനെ ഉദ്ധരിച്ച്‌ ഓസ്ട്രേലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

 

Related Articles

Back to top button