Uncategorized

ബംഗളൂരുവില്‍ നിന്ന് മൈസൂരിലെത്താന്‍ വേണ്ടത് വെറും എഴുപത്തഞ്ച് മിനിട്ട്. പ്രധാനമന്ത്രി ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കുന്ന അതിവേഗ പാത

“Manju”

ബംഗളൂരു: ബംഗളൂരുവില്‍ നിന്ന് മൈസൂരിലെത്താന്‍ വേണ്ടത് വെറും എഴുപത്തഞ്ച് മിനിട്ട്. നേരത്തേ ഇത്രയും ദൂരം താണ്ടാന്‍ വേണ്ടിയിരുന്നത് മൂന്നുമണിക്കൂര്‍.
ബംഗളൂരു- മൈസൂരു അതിവേഗ പാത ഇന്ന് പ്രധാനമന്ത്രി നാടിന് സമര്‍പ്പിക്കുന്നതോടെയാണ് കുതിച്ചുപായാന്‍ അവസരമൊരുങ്ങുന്നത്. വികസനത്തിനും ഇത് ശരവേഗം നല്‍കുമെന്നാണ് പ്രതീക്ഷ. 8500 കോടി രൂപ ചെലവിലാണ് 118 കിലോമീറ്റര്‍ റോഡ് നിര്‍മ്മിക്കുന്നത്.
കര്‍ണാടക സംസ്ഥാനത്തെ പ്രധാന നഗരങ്ങളാണ് ബംഗളൂരുവും മൈസൂരുവും. പക്ഷേ, ഒരു നഗരത്തില്‍ നിന്ന് മറ്റാെരിടത്ത് എത്തണമെങ്കില്‍ ട്രാഫിക്ക് ബ്ലോക്കില്‍പ്പെട്ട് മണിക്കൂറുകള്‍ നിരങ്ങി നീങ്ങണമെന്നതായിരുന്നു അവസ്ഥ. അതിവേഗ പാത രാജ്യത്തിന് സമര്‍പ്പിക്കുന്നതോ‌ടെ ഇരുനഗരങ്ങള്‍ക്കും ഇട‌യില്‍ അതിവേഗ യാത്ര സാദ്ധ്യമാകും.ബംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് വരുന്ന മലയാളികള്‍ക്കും ഇത് ഏറെ പ്രയോജനം ചെയ്യും. അതിവേഗപാതയിലൂടെ ബംഗളൂരുവില്‍നിന്ന് വളരെ വേഗത്തില്‍ മൈസൂരുവരെ എത്താന്‍ സാധിക്കുമെന്നതിനാലാണിത്.
പ്രധാന ഗതാഗതത്തിനായി ആറുവരിപ്പാതയാണ് അതിവേഗ പാതയില്‍ ഒരുക്കിയിരിക്കുന്നത്. ഇതിന് ഇരുവശത്തുമായി രണ്ട് വീതം സര്‍വീസ് റോഡുകളും. മൊത്തത്തില്‍ പത്തുവരിപ്പാത. പ്രധാന പാതയിലൂടെ മണിക്കൂറില്‍ 150 കിലോമീറ്ററിലധികം വേഗത്തില്‍ ചീറിപ്പായാം. ടൗണുകളുടെ ഗതാഗതക്കുരുക്കില്‍ പെടാതിരിക്കാന്‍ ആറിടങ്ങളില്‍ ബൈപ്പാസുകളുമുണ്ട്. അതിനാല്‍ തുടക്കംമുതല്‍ ഒടുക്കംവരെ വേഗത്തിന്റെ കാര്യത്തില്‍ ഒരു കോംപ്രമൈസും വേണ്ട. അതിവേഗ പാതയില്‍ ഓട്ടോയ്ക്കും ബൈക്കുകള്‍ക്കും ഇപ്പോള്‍ പ്രവേശനമില്ല. സുരക്ഷാ കാരണങ്ങളാലാണ് ഇവയെ ഒഴിവാക്കിയിരിക്കുന്നത്.
അതിവേഗം ചീറിപ്പായണമെങ്കില്‍ രണ്ടുതവണ ടോള്‍ നല്‍കണമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ടോള്‍നിരക്ക് എത്രയാണെന്ന് വ്യക്തമല്ല. പാതയുടെ കുറച്ചുഭാഗത്തെ നിര്‍മ്മാണം കൂടി പൂര്‍ത്തിയാവാനുണ്ട്. എട്ടുമാസത്തോളം എടുക്കും ഇത് പൂര്‍ത്തിയാവാന്‍. അതിനുശേഷമായിരിക്കും ടോള്‍ നിരക്ക് പ്രഖ്യാപിക്കുക എന്നാണ് ലഭ്യമായ വിവരം.
ഇന്ന് ഉച്ചയോടെയാണ് അതിവേഗ പാത പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കുന്നത്. ഉദ്ഘാടനത്തിന് മുന്നോടിയായി രണ്ടു കിലോമീറ്റര്‍ ദൂരത്തില്‍ പ്രധാനമന്ത്രിയുടെ റോഡ് ഷോയും നടക്കും. നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന കര്‍ണാടകയില്‍ രണ്ടുമാസത്തിനിടെ ഏഴുതവണയാണ് പ്രധാനമന്ത്രി എത്തുന്നത്.തുടര്‍ ഭരണം ലക്ഷ്യമിട്ട് റോഡ് ഉദ്ഘാടനത്തിനൊപ്പം സംസ്ഥാനത്തിനായി മറ്റുചില വമ്പന്‍ പ്രഖ്യാപനങ്ങളുമുണ്ടാവും എന്നാണ് കരുതുന്നത്

Related Articles

Back to top button