Uncategorized

താനൂരിലെ കവര് കാണാന്‍ സന്ദര്‍ശക പ്രവാഹം

“Manju”

താനൂര്‍: കവര് പൂത്ത പാലപ്പുഴ പാടത്തേക്ക് വന്‍ സന്ദര്‍ശക പ്രവാഹം. താനൂര്‍ കളരിപ്പടിയിലെ പുന്നൂക്ക് പാലപ്പുഴ പാടത്താണ് നീല വെളിച്ചം വിതറുന്ന അത്യപൂര്‍വ പ്രതിഭാസമായ കവര് പൂത്തത്. മലയാളികള്‍ക്ക് അധികം പരിചയമില്ലാതിരുന്ന കവര് ആളുകള്‍ അറിഞ്ഞുതുടങ്ങിയത് കുമ്ബളങ്ങി നൈറ്റ്സ് എന്ന സിനിമയിലൂടെയാണ്.
എറണാകുളത്തെ കുമ്ബളങ്ങിയില്‍ വല്ലപ്പോഴുമൊക്കെ കാണുമായിരുന്ന പ്രതിഭാസമാണ് താനൂരില്‍ പ്രത്യക്ഷപ്പെട്ടത്. ചിലയിനം ആല്‍ഗ, ഫംഗസ്, ബാക്ടീരിയ തുടങ്ങിയ സൂക്ഷ്മജീവികള്‍ ഇണയെ ആകര്‍ഷിക്കാനും ഇരപിടിക്കാനുമായി പുറപ്പെടുവിക്കുന്ന നീലവെളിച്ചമാണ് കവരെന്ന മനോഹര പ്രതിഭാസത്തിന് പിന്നിലെ ശാസ്ത്രീയ വിശദീകരണം. പകല്‍ സമയങ്ങളില്‍ ഒരു പ്രത്യേകതയുമില്ലാത്ത വെള്ളമാണ് ഇരുട്ടുമ്ബോള്‍ മനോഹരമായ നീല നിറത്തിലേക്ക് മാറുന്നത്. വെള്ളം ഇളക്കുമ്ബോഴും കോരിയെറിയുമ്ബോഴുമാണ് കണ്ണിന് കുളിരാകുന്ന നീലപ്രകാശം നിറയുന്നത്.
താനൂരില്‍ പൂത്ത കവര് കാണാന്‍ വിദൂര സ്ഥലങ്ങളില്‍നിന്നുപോലും ദിവസവും രാത്രി ഏഴുമുതല്‍ പുലര്‍ച്ച വരെ ആയിരക്കണക്കിന് ആളുകളാണ് വരുന്നത്. വാഹനങ്ങളിലും അല്ലാതെയുമായി വന്‍തോതില്‍ സന്ദര്‍ശകര്‍ എത്തുന്നത് പരിഗണിച്ച്‌ നഗരസഭ ചെയര്‍മാന്‍ പി.പി. ഷംസുദ്ദീന്‍ മുന്‍കൈയെടുത്ത് പ്രദേശത്താകെ ലൈറ്റുകള്‍ സ്ഥാപിച്ചു. താല്‍ക്കാലിക തട്ടുകടകളും കച്ചവടക്കാരും പ്രദേശത്ത് വന്നിട്ടുണ്ട്.

Related Articles

Back to top button