Uncategorized

ഇമ്രാന്‍ ഖാന്‍ ഒളിവില്‍?

“Manju”

 

ഇസ്ലാമാബാദ്: പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ അറസ്റ്റ് ചെയ്യാന്‍ കഴിയാതെ ഇസ്ലാമാബാദ് പോലീസ്. ഇമ്രാന്‍ ഖാന്റെ വസതിയില്‍ പോലീസ് സൂപ്രണ്ട് എത്തിയപ്പോള്‍ മുന്‍ പ്രധാനമന്ത്രി സ്ഥലത്ത് ഇല്ലായിരുന്നു. തുടര്‍ന്ന് പോലീസ് ടീം അവിടെ നിന്നും മടങ്ങുകയായിരുന്നു. ഏത് നിമിഷവും ഇമ്രാനെ അറസ്റ്റ് ചെയ്യാനുള്ള സാധ്യത ഏറെയാണ്.

ഇസ്ലാമാബാദ് ഐജി ഉത്തരവില്‍ ഇന്ന് തന്നെ ഇമ്രാനെ അറസ്റ്റ് ചെയ്യണമെന്നാണ് നിര്‍ദേശിക്കുന്നത്. എന്നാല്‍, ഖാനെ ഇതുവരെയും കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ ഇന്ന് പിടികൂടാനുള്ള സാധ്യത കുറവാണ്. ഇന്ന് ഇമ്രാന്‍ ഖാനെ അറസ്റ്റ് ചെയ്യാന്‍ സാധ്യതയില്ലെന്ന് ആഭ്യന്തര മന്ത്രി റാണ സനാഉല്ലയും അറിയിച്ചിട്ടുണ്ട്. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാകും തുടര്‍നടപടിയെന്നാണ് റിപ്പോര്‍ട്ട്.

ഖാനെ അറസ്റ്റ് ചെയ്യാന്‍ ഇസ്ലാമാബാദ് പോലീസിന്റെ പക്കല്‍ വാറണ്ട് ഉണ്ട്. മാര്‍ച്ച്‌ ഏഴിനകം ഇമ്രാന്‍ഖാനെ ഹാജരാക്കാനാണ് കോടതി പോലീസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഖാനെ അറസ്റ്റ് ചെയ്യാന്‍
പോലീസ് വസതിയിലെത്തിയതോടെ ഇമ്രാന്‍ അനുകൂലികളും പോലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി.
പാര്‍ട്ടി പ്രവര്‍ത്തകരുടെ വന്‍നിരയാണ് ലാഹോറിലെ സമാന്‍ പാര്‍ക്കിലെ വസതിയില്‍ അണിനിരന്നത്. അറസ്റ്റിന് നീക്കമുണ്ടെന്നറിഞ്ഞതിന് പിന്നാലെ പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിടാന്‍ പദ്ധതിയിടുന്നതായാണ് വിവരം. തുടര്‍ച്ചയായി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടര്‍ന്നാണ് ഇമ്രാന്‍ ഖാനെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.

തിരഞ്ഞെടുപ്പ് നടപടികള്‍ വൈകിപ്പിക്കാനുള്ള രാഷ്‌ട്രീയ തന്ത്രമാണ് ഇമ്രാന്‍ ഖാനെ അറസ്റ്റ് ചെയ്യുന്നതിന് പിന്നിലെന്നാണ് പിടിഐ സീനിയര്‍ വൈസ് പ്രസിഡന്റ് ഫവാദ് ചൗധരി നല്‍കുന്ന വിശദീകരണം. നീതിയോടുള്ള പരിഹാസമാണ് അറസ്റ്റെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുന്‍ പ്രധാനമന്ത്രിയെ അറസ്റ്റ് ചെയ്യാനുള്ള നീക്കങ്ങള്‍ സ്ഥിതിഗതികള്‍ വഷളാക്കുമെന്നും ചൗധരി ട്വിറ്ററിലൂടെ വ്യക്തമാക്കി. പാകിസ്താനില്‍ കൂടുതല്‍ പ്രതിസന്ധികള്‍ സൃഷ്ടിക്കരുതെന്നും വിവേകപൂര്‍വ്വം പ്രവര്‍ത്തിക്കണമെന്നും സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കുന്നതായും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button