KeralaLatest

ഈസ്റ്ററിന് മീനും ഇറച്ചിയും വാങ്ങാന്‍ പോകുന്നവര്‍ ഇത് അറിഞ്ഞിരിക്കണം

“Manju”

കോട്ടയം: ഈസ്റ്റര്‍ മുന്നില്‍ക്കണ്ട് ചത്ത കോഴിയുടെ ഇറച്ചിയും (സുനാമി ഇറച്ചി), രാസവസ്തുക്കള്‍ ചേര്‍ത്ത പഴകിയ മത്സ്യങ്ങളും വിപണിയില്‍ വ്യാപകമാകുന്നു. ചത്ത കോഴികളെ സംസ്കരിക്കാന്‍ ബുദ്ധിമുട്ടുള്ളതിനാല്‍ താത്പര്യമുള്ള കച്ചവടക്കാര്‍ക്ക് സൗജന്യമായാണ് നല്‍കുന്നത്. മുകള്‍ത്തട്ടിലുള്ള ഇരുമ്ബുകൂടുകളില്‍ ജീവനുള്ള കോഴികളും ഇടയ്ക്ക് ചത്തകോഴികളെയും നിറച്ച്‌ പുലര്‍ച്ചയോടെ കോഴിക്കടകളിലേക്ക് എത്തുന്ന വാഹനങ്ങളില്‍ നിന്ന് ചത്ത കോഴികളെ മാറ്റി ഹോട്ടലുകള്‍ക്ക് നല്‍കുന്ന നിരവധി കടകള്‍ ജില്ലയിലുണ്ട്. പുലര്‍ച്ചെ തന്നെ സുനാമി ഇറച്ചി ഡ്രസ് ചെയ്ത് ഫ്രീസറുകളിലാക്കും.ഹോട്ടലുകള്‍ക്കു പുറമെ ബാര്‍ബിക്യു, ഷവര്‍മ്മ കടകളിലും ഇത് എത്തുന്നു. പാതി വിലയ്ക്ക് ലഭിക്കുമെന്നതിനാല്‍ ഹോട്ടലുകളും ബേക്കറികളും കാറ്ററിംഗ് സ്ഥാപനങ്ങളും ഏറെ താത്പര്യമാണ് സുനാമി ഇറച്ചിയോട് കാട്ടുന്നത്.

മാസപ്പടി കിട്ടിയാല്‍ കണ്ണടയ്ക്കും : ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരാരും പുലര്‍ച്ചെ റെയ്ഡ് നടത്താറില്ല. തദ്ദേശ സ്ഥാപന ഉദ്യോഗസ്ഥരുടെ പരിശോധന കോഴിക്കടകളില്‍ ഇല്ലാത്തതും സുനാമി ഇറച്ചി വ്യാപകമാകാന്‍ ഇടയാക്കുകയാണ്. മാസപ്പടി കൃത്യമായി ലഭിക്കുന്നതിനാല്‍ ഉദ്യോഗസ്ഥര്‍ കണ്ണടക്കുകയാണെന്ന ആരോപണവും ശക്തമാണ്. കുഴിമന്തി കഴിച്ചതിനെ തുടര്‍ന്ന് ഭക്ഷ്യവിഷബാധ ആരോപണം ഉയര്‍ന്നതോടെ 100 രൂപയില്‍ താഴെ എത്തിയ കോഴിവില ഇന്നലെ കിലോയ്ക്ക് 128 രൂപയിലെത്തി. ഞായറാഴ്ച ഈസ്റ്റര്‍ ആയതിനാല്‍ വില ഇനിയും ഉയര്‍ന്നേക്കാം. കോഴിയെ ശാസ്ത്രീയമായി കൊന്ന് നല്‍കുന്ന കടകള്‍ക്ക് വിലകുറച്ച്‌ സുനാമി ഇറച്ചി വില്‍ക്കുന്ന കടകള്‍ ഭീഷണിയാണ്. ഉപഭോക്താക്കള്‍ സുനാമി ഇറച്ചി വില്‍പ്പന കടകളെക്കുറിച്ച്‌ വിവരം നല്‍കിയാല്‍ കട ഉടമകള്‍ക്കെതിരെ നടപടി എടുക്കുമെന്നാണ് അസോസിയേഷന്‍ നേതാക്കള്‍ വ്യക്തമാക്കുന്നത്.

വ്യാപകമാകാന്‍ കാരണം : ജില്ലയില്‍ സര്‍ക്കാര്‍ അംഗീകാരമുള്ള സ്ലോട്ടര്‍ ഹൗസുകളുടെ എണ്ണം കുറഞ്ഞതിനാല്‍ സ്വകാര്യ വ്യക്തികള്‍ യാതൊരു പരിശോധനയുമില്ലാതെ മാടുകളെ അറക്കുന്നത് പതിവായതോടെയാണ് സുനാമി ഇറച്ചിയും വ്യാപകമായത്. കോട്ടയം നഗരസഭയിലെ സ്ലോട്ടര്‍ ഹൗസ് പൂട്ടിയിട്ട് വര്‍ഷങ്ങളായി.

മീനിലെ മായം :രാസവസ്തുക്കളായ ഫോര്‍മാലിനും അമോണിയയും ചേര്‍ത്ത മത്സ്യ വില്പന ജില്ലയില്‍ വ്യാപകമാണ്. നാട്ടുകാരുടെ കണ്ണില്‍ പൊടിയിടുന്ന റെയ്ഡാണ് പലപ്പോഴും നടക്കുന്നത്. സ്ഥിരം പരിശോധന ഇല്ലാത്തതാണ് ഈസ്റ്റര്‍ വിപണിക്കായി ട്രെയിനുകളിലും കണ്ടെയ്നര്‍ ലോറികളിലും പഴകിയ മത്സ്യം എത്തുന്നതിന് കാരണം. മത്സ്യം വാങ്ങി വീട്ടിലെത്തി ഡ്രസ്സ് ചെയ്യുമ്ബോള്‍ അഴുകിയ നിലയില്‍ കാണുന്നതും , വേവിച്ച്‌ കഴിഞ്ഞ് പുളിരസം അനുഭവപ്പെടുന്ന സംഭവങ്ങളും ഏറുകയാണ്.

 

Related Articles

Back to top button