KeralaLatest

ഭൂ ക്രയവിക്രയത്തിനായി സംയോജിത പോര്‍ട്ടല്‍

“Manju”

കൊല്ലം : സംസ്ഥാനത്ത് ഭൂക്രയവിക്രയത്തിനായി രജിസ്ട്രേഷന്‍, റവന്യു, സര്‍വേ വകുപ്പുകളുടെ പോര്‍ട്ടലുകള്‍ സംയോജിപ്പിച്ച്‌ ഇന്റഗ്രേറ്റഡ് പോര്‍ട്ടല്‍ ഉടന്‍ നിലവില്‍ വരുമെന്ന് റവന്യൂ മന്ത്രി കെ രാജന്‍. പുതിയതായി നിര്‍മിച്ച ഇളമ്പള്ളൂര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

ഭൂവിനിയോഗത്തിന്റെ സങ്കീര്‍ണതകള്‍ മറികടക്കുകയാണ് സംയോജിത പോര്‍ട്ടലിന്റെ ലക്ഷ്യം. ആദ്യഘട്ടമായി ഈ വര്‍ഷം ജൂണില്‍ അഞ്ച് വില്ലേജുകളില്‍ പോര്‍ട്ടല്‍ നിലവില്‍ വരും. സാധാരണക്കാര്‍ ഓഫിസുകള്‍ കയറിയിറങ്ങുന്ന അവസ്ഥ മാറ്റുകയാണ് സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്റെ ലക്ഷ്യം. സംസ്ഥാനത്ത് ഡിജിറ്റല്‍ സര്‍വേ വിജയകരമായി മുന്നേറുകയാണ് എത്രയും വേഗത്തില്‍ സര്‍വേ പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. വില്ലേജ്തല ജനകീയ സമിതികള്‍ക്ക് സ്റ്റാറ്റിയുട്ടറി പദവി നല്‍കുമെന്നും മന്ത്രി പറഞ്ഞു.

പി സി വിഷ്ണുനാഥ് എം എല്‍ എ അധ്യക്ഷനായി. മുന്‍ ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്‌സികുട്ടിയമ്മയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 40 ലക്ഷം രൂപ ഉപയോഗിച്ച്‌ പൂര്‍ത്തീകരിച്ച കെട്ടിടത്തില്‍ പി സി വിഷ്ണുനാഥ് എം എല്‍ എയുടെ ആസ്തിവികസന ഫണ്ടില്‍ നിന്നും 15 ലക്ഷം രൂപ വിനിയോഗിച്ചാണ് ഫര്‍ണീച്ചര്‍, കംമ്പ്യൂട്ടര്‍, സൗണ്ട് സിസ്റ്റം, പോഡിയം ഉള്‍പ്പടെയുള്ള ആധുനിക സൗകര്യങ്ങള്‍ സജ്ജീകരിച്ചത്. പൊതുമരാമത്ത് വകുപ്പാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപന്‍, ജില്ലാ കളക്ടര്‍ അഫ്സാന പര്‍വീണ്‍, മുഖത്തല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി യശോദ, ഇളമ്പള്ളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് റജി കല്ലംവിള, വൈസ് പ്രസിഡന്റ് ജലജ ഗോപന്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ പ്രിജി ശശിധരന്‍, എന്‍ എസ് പ്രസന്നകുമാര്‍, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ സുശീല ടീച്ചര്‍, എ ഡി എം ആര്‍ ബീനാ റാണി, കൊല്ലം തഹസില്‍ദാര്‍ ജാസ്മിന്‍ ജോര്‍ജ്, രാഷ്ട്രീയകക്ഷി നേതാക്കള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Back to top button