KeralaLatest

തിരുവനന്തപുരം നഗരത്തില്‍ തട്ടുകടകള്‍ രാത്രി 11 വരെ

“Manju”
തിരുവനന്തപുരം നഗരത്തില്‍ തട്ടുകടകള്‍ രാത്രി 11 വരെ

തിരുവനന്തപുരം: നഗരത്തില്‍ തട്ടുകടകള്‍ക്ക് രാത്രി 11 വരെ മാത്രം പ്രവര്‍ത്തനാനുമതി നല്‍കാന്‍ തീരുമാനം. പരീക്ഷണാടിസ്ഥാനത്തില്‍ ഇത് താമസിയാതെ നടപ്പിലാക്കും. രാത്രി വൈകി തുറക്കുന്ന കടകളുടെ പരിസരം ഗുണ്ടകളുടെയും ലഹരി വില്‍പനക്കാരുടെയും താവളങ്ങളാകുന്നുവെന്ന പൊലീസ് റിപ്പോര്‍ട്ടും തീരുമാനത്തിന് പിന്നിലുണ്ടെന്നാണ് സൂചന.

തട്ടുകള്‍ പ്രവര്‍ത്തിക്കുന്ന പ്രദേശങ്ങളെ വിവിധ സോണുകളുടെ കീഴിലാക്കും. ഓരോ പൊലീസ് സ്റ്റേഷന്‍ പരിധിയിലും എസ്‌എച്ച്‌ഒമാരുടെ കീഴിലായിരിക്കും നിയന്ത്രണം. അംഗീകൃത കടകള്‍ക്ക് നഗരസഭ ലൈസന്‍സ് നല്‍കും.

നിലവില്‍ പ്രവര്‍ത്തിച്ചു വരുന്നവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡുകളാണ് നല്‍കിയിരിക്കുന്നത്. ഇത് താമസിയാതെ നിര്‍ത്തലാക്കും. പ്രവര്‍ത്തനങ്ങളും നിയന്ത്രണങ്ങളും ഏകോപിക്കുന്നതിനായി പൊലീസ്, മോട്ടര്‍വാഹന വകുപ്പ്, നഗരസഭ, പിഡബ്ല്യുഡി എന്നിവയുടെ പ്രതിനിധികളടങ്ങിയ കോഓര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിച്ച്‌ കമ്മീഷണര്‍ ഉത്തരവ് ഇറക്കി.

സോണുകള്‍ നിലവില്‍ വന്നാല്‍ ലൈസന്‍സ് ഉള്ളവര്‍ക്ക് അതതു സോണുകളില്‍ മാത്രമേ കട നടത്താന്‍ കഴിയൂ. ശംഖുമുഖം, വേളി, കോവളം, പൂജപ്പുര, കവടിയാര്‍ എന്നിവയാണ് പുതിയ സോണുകളായി കണ്ടെത്തിയിരിക്കുന്നത്.

അതേസമയം, തീരുമാനം നഗരത്തില്‍ നൈറ്റ് ലൈഫ് സംവിധാനം കൊണ്ടുവരാനുള്ള നീക്കത്തിന് തിരിച്ചടിയാകുമെന്ന ആശങ്കയുണ്ട്. നഗരത്തില്‍‍ പലയിടത്തും രാത്രി വൈകിയും പ്രവര്‍ത്തിക്കുന്ന ഒട്ടേറെ ഭക്ഷണ ശാലകളാണ് ഉള്ളത്. വളരെയേറെ ആളുകള്‍ ഇവയെ ആശ്രയിക്കുന്നു. ദൂരയാത്ര കഴിഞ്ഞെത്തുന്നവര്‍ക്കും തിയേറ്ററുകളില്‍ സിനിമകള്‍ കണ്ടിറങ്ങുന്നവര്‍ക്കും തട്ടുകടകളക്കം വലിയ ആശ്രയമായിരുന്നു. നൈറ്റ് ലൈഫിന്റെ ഭാഗമായി കനകക്കുന്നില്‍ തട്ടുകള്‍ തുറക്കാനും തീരുമാനമുണ്ട്.

തട്ടുകടകള്‍ ആരംഭിക്കുന്നതിനായി നിലവില്‍ 3000 ത്തിലേറെ അപേക്ഷകള്‍ നഗരസഭയ്ക്കു മുന്നിലുണ്ട്. ഇതില്‍ പകുതി അപേക്ഷകളില്‍ പരിശോധന പൂര്‍ത്തിയായിട്ടുണ്ട്. കഴിഞ്ഞ ഏപ്രിലിനു ശേഷം പുതിയ കടകള്‍ക്ക് നഗരസഭ അനുമതി നല്‍കിയിട്ടില്ല.

 

Related Articles

Back to top button