KeralaLatest

ഓണസദ്യ നല്‍കിയില്ല; വീട്ടമ്മയ്ക്ക് 40000രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്

“Manju”

കൊച്ചി: തിരുവോണസദ്യ മുടക്കിയ ഹോട്ടല്‍, പരാതിക്കാരിയായ വീട്ടമ്മയ്ക്ക് നഷ്ടപരിഹാരവും കോടതിച്ചെലവും നല്‍കണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കോടതി ഉത്തരവിട്ടു. ‘ഓരോ മലയാളിക്കും തിരുവോണസദ്യയുമായി വൈകാരിക ബന്ധമാണുള്ളത്. പണം നല്‍കി ഏറെ സമയം കാത്തിരിന്നിട്ടും സദ്യ എത്തിക്കാതെ പരാതിക്കാരിയെ നിരാശയിലാഴ്ത്തിയ എതിര്‍കക്ഷി സദ്യയ്ക്കായി ഈടാക്കിയ 1295 രൂപയും 40,000 രൂപ നഷ്ടപരിഹാരവും 5000 രൂപ കോടതിച്ചെലവും 9% പലിശ സഹിതം ഒരു മാസത്തിനകം നല്‍കണമെന്ന് കോടതി വിധിച്ചു. എറണാകുളം വൈറ്റില സ്വദേശിനി ബിന്ധ്യ സുല്‍ത്താനാണ് പരാതി നല്‍കിയത്.

ഓണത്തിന് വീട്ടിലെത്തുന്ന അതിഥികള്‍ക്കായി സ്‌പെഷ്യല്‍ ഓണസദ്യ പരാതിക്കാരി ബുക്ക് ചെയ്തിരുന്നു. അഞ്ച് ഊണിന് 1295 രൂപയും നല്‍കി. എന്നാല്‍ അതിഥികളെത്തി ഊണ് സമയം കഴിഞ്ഞിട്ടും ഹോട്ടലില്‍ നിന്ന് പാഴ്സല്‍ എത്തിച്ചില്ല. സദ്യ എത്തുമെന്ന പ്രതീക്ഷയില്‍ വീട്ടിലൊന്നും ഉണ്ടാക്കിയിരുന്നുമില്ല. ഹോട്ടലുകാരെ ഫോണില്‍ ബന്ധപ്പെടാന്‍ പലവട്ടം ശ്രമിച്ചിട്ടും അവര്‍ പ്രതികരിച്ചില്ല. വൈകിട്ട് 6 മണിയായപ്പോഴാണ് തിരികെ വിളിച്ചത്. അഡ്വാന്‍സ് തുക മടക്കിനല്‍കാനും തയ്യാറായില്ല.

എതിര്‍കക്ഷിയുടെ നിരുത്തരവാദപരമായ പെരുമാറ്റമാണ് പരാതിക്കാരിയും കുടുംബവും അനുഭവിച്ച കടുത്ത മനോവിഷമത്തിന് കാരണം. സദ്യ എത്തിക്കാന്‍ കഴിയില്ലെന്ന കാര്യം യഥാസമയം പരാതിക്കാരിയെ അറിയിച്ചില്ലെന്ന് മാത്രമല്ല ഫോണില്‍ പലതവണ വിളിച്ചിട്ടും മറുപടി നല്‍കാന്‍ പോലും എതിര്‍കക്ഷി കൂട്ടാക്കിയില്ലെന്നും ഉത്തരവില്‍ കോടതി ചൂണ്ടിക്കാട്ടി.

Related Articles

Back to top button